Home News Kerala ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയത് സഹപാഠി

ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയത് സഹപാഠി

Advertisement

കൊച്ചി.ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് പോലീസിന്റെ പിടിയിലായത്. പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ച ശേഷമായിരുന്നു പ്രതിയുടെ അതിക്രമം. വ്യക്തിപരമായ സഹായ അഭ്യർത്ഥന നിരസിച്ചതിനാണ് എംപിയുടെ സഹപാഠി കൂടിയായ പ്രതി വീട് ആക്രമിച്ചത്

വ്യാഴാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെയാണ് എറണാകുളം എംപി ഹൈബി ഈഡന്റെ കലൂരിലെ വീട്ടിൽ അലക്സ് ചാക്കോ അതിക്രമിച്ചു കടന്നത്. പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ എംപിയുടെ വീട് ആക്രമിച്ചെന്ന് അറിയിച്ച ശേഷമായിരുന്നു പ്രതിയുടെ പരാക്രമം. മുപ്പതോളം സെറാമിക് ചെടിച്ചട്ടികൾ തകർത്തു. സിസിടിവിയിൽ മുഖം പതിയുന്ന നിലയിൽ സെൽഫിയെടുത്ത് പോലീസിന് അയച്ചു. എന്നിട്ടും പുലർച്ചെ ഹൈബി ഈഡനും കുടുംബവും വിവരം അറിയിച്ചപ്പോൾ മാത്രമാണ് പോലീസ് ഇടപെട്ടതും പ്രതിയെ അറസ്റ്റ് ചെയ്തതും.

ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഹൈബിയുടെയും ഭാര്യ അന്നയുടെയും ഫോണിൽ വിളിച്ച് അലക്സ് വധഭീഷണി മുഴക്കിയിരുന്നു. ഹൈബി ഈഡന്റെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അലക്സ് ചാക്കോ. വീടിന്റെ ജപ്തി നടപടി ഒഴിവാക്കാൻ ഹൈബി ഈഡനോട് പ്രതി സഹായം ചോദിച്ചിരുന്നു. എന്നാൽ ബാങ്ക് നടപടിയിൽ ഇടപെടാനുള്ള പരിമിതി അറിയിച്ച് എംപി നൽകിയ മറുപടി അലക്സിനെ പ്രകോപിതനാക്കി. ഇതുമൂലം ഉണ്ടായ വൈരാഗ്യത്തിലാണ് അലക്സ് ഹൈബിയുടെ വീട് ആക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അതേസമയം പ്രതി തന്നെ വിളിച്ച് ആക്രമണവിവരം അറിയിച്ചിട്ടും രാത്രിയിൽ പോലീസ് ഇടപെട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here