എരുമേലി : ഹൈക്കോടതി നിരോധനം ലംഘിച്ച് എരുമേലിയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് കിലോയിലധികം രാസ സിന്ദൂരവും 2,494 പായ്ക്കറ്റ് അനധികൃത കുങ്കുമവും ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു.
ശബരിമല തീർത്ഥാടന കാലയളവിലെ പരിശോധനകളുടെ ഭാഗമായി എരുമേലി വലിയമ്പലത്തിന് സമീപമുള്ള കെട്ടിടത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
വലിയമ്പലത്തിന് സമീപം ചെങ്കോട്ടയിൽ ജോർജ് ബേബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പരിശോധന നടന്നത്.
രാസ സിന്ദൂരം. കെട്ടിടത്തിന്റെ സ്റ്റെയർകേസിന് സമീപം ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു അഞ്ച് കിലോയിലധികം വരുന്ന രാസ സിന്ദൂരം.
ഇതേ കെട്ടിടത്തിലെ താൽക്കാലിക കച്ചവടക്കാരനായ ചിറയ്ക്കൽ പറമ്പിൽ അനിൽകുമാറിന്റെ പക്കൽ നിന്നാണ് ലൈസൻസില്ലാതെ നിർമ്മിച്ച 2,494 പായ്ക്കറ്റ് കുങ്കുമം പിടികൂടിയത്.
സംഭവത്തിൽ കെട്ടിട ഉടമയ്ക്കും കച്ചവടക്കാരനുമെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു.
പേട്ടതുള്ളലിനും മറ്റും ഉപയോഗിക്കുന്ന രാസ സിന്ദൂരം തീർത്ഥാടകർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പ്രദേശത്ത് പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നതിനാൽ കേരള ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇവയുടെ വിൽപന കർശനമായി നിരോധിച്ചിട്ടുണ്ട്.































