26.6 C
Kollam
Wednesday 21st October, 2026 | 07:47:30 PM
Home News Breaking News ജർമനി ദുരന്തം: മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും

ജർമനി ദുരന്തം: മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും

കൊച്ചി: ജർമനിയിലെ ബോഹൂമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് മൃതദേഹങ്ങൾ എത്തിക്കുക. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശി സിവിൻ ജോണി (27), ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബു (28), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് മരിച്ചത്.

സിവിന്റെയും അഞ്ജലിയുടെയും മൃതദേഹങ്ങൾ ജർമനിയിൽനിന്ന് ഡൽഹി വഴിയാണ് എത്തിക്കുക. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ഇരുവരുടെയും മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് എംബസിയിൽനിന്ന് ലഭിച്ച വിവരം. നോവയുടെ മൃതദേഹം രാത്രി എട്ടോടെ എത്തുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഒക്ടോബർ 14നാണ് ദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് തീയിട്ടെന്ന സംശയത്തിൽ റുമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ തലേദിവസം ഇയാളും അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായി താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് ഇയാൾ തീയിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മൂന്നുപേരും മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിൽനിന്ന് പുറത്തുകടക്കാനുള്ള ഏക മാർഗമായ തടിക്കൊണ്ടുള്ള കോവണി പൂർണമായി കത്തിനശിച്ചതോടെ ഇവർക്ക് രക്ഷപ്പെടാനായില്ല.

മാസങ്ങൾക്കു മുൻപാണ് മൂവരും ജർമനിയിലെത്തിയത്. സ്വകാര്യ വെയർഹൗസിൽ ജീവനക്കാരിയായിരുന്നു അഞ്ജലി. നോവ ജിം ട്രെയിനറായും സിവിൻ ജർമനിയിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരനായും ജോലി ചെയ്യുകയായിരുന്നു.

സിവിന്റെ സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here