തിരുവനന്തപുരം. സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാര്‍ ബി ടീമാണെന്നും കൊ ലി ബി സഖ്യകാലം മുതല്‍ പ്രകടമായ ബി ജെ പി – യു ഡി എഫ് കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മോദിയും ഇ ഡിയും വി ഡി സതീശനും ചേര്‍ന്ന പുതിയ സഖ്യമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്താകെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബി ജെ പി നിലപാടിന് യു ഡി എഫ്. പിന്തുണ നല്‍കുകയാണ്. മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ ഡി യുടെ രാഷ്ട്രീയ വേട്ടയ്ക്കാണ് യു ഡി എഫ് കുടപിടിക്കുന്നത്. അതുകൊണ്ടാണ് ഇ ഡിയുടെ കത്തില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി ജി പിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇ ഡി ഭീഷണിപ്പെടുത്തിയാണ് കേസില്‍ പല മൊഴികളും രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എം നേതാക്കളെ രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ മുന്‍പ് പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് അവര്‍ വ്യക്തമാക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന നിയമം ലംഘിച്ച ഇവര്‍ തിരഞ്ഞെടുപ്പ് കണക്കുകളില്‍ ഇത് എങ്ങനെ ഉള്‍പ്പെടുത്തിയെന്ന് വ്യക്തമാക്കണം. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ അഴിമതികള്‍ക്കാണ് പിന്തുണ നല്‍കുന്നത്. ഇ ഡി നീക്കത്തിനെതിരെ രാജ്യത്തെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന നിലപാടുകള്‍ ആ പാര്‍ട്ടിക്ക് തന്നെ പരിഹാസമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് യാത്രക്കും വിമര്‍ശനം
മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയെയും സി പി എം സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചു. വിമാനത്തില്‍ യാത്ര ചെയ്യുന്നത് തെറ്റല്ലെങ്കിലും ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആരുടെയെങ്കിലും സൗജന്യത്തില്‍ യാത്ര ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണ്. മന്ത്രിമാര്‍ മറ്റാരാലും സ്വാധീനിക്കപ്പെടാതിരിക്കാനാണ് സര്‍ക്കാരിന്റെ ചെലവില്‍ വീടും വാഹനവും നല്‍കുന്നത്. മുന്‍പ് ഹെലികോപ്റ്റര്‍ യാത്രയെ ധൂര്‍ത്ത് എന്ന് വിമര്‍ശിച്ചവരാണ് ഇപ്പോള്‍ അഴിമതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എം ഷാജി മന്ത്രിയുടെ ആഡംബര വാഹനം മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ പോലും ലംഘനമാണ്. കെ പി സി സി പ്രസിഡന്റ് പറഞ്ഞ വിശദീകരണം പരിഹാസ്യമാണ്. വലിയ അഴിമതിക്കാണ് ഈ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.


































