കൊല്ലം: പ്രസവം കഴിഞ്ഞ് ആറാം ദിവസം വീട്ടിലെത്തിയ യുവതിക്കും രണ്ടു കുഞ്ഞുങ്ങൾക്കും തുണയായ ചവറ പോലീസിന്റെ കരുതലിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയടി. മദ്യപിച്ചെത്തിയ ഭർത്താവിൽനിന്ന് യുവതി നേരിടുന്ന പീഡനത്തെക്കുറിച്ച് അയൽവാസികൾ നൽകിയ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാർ കണ്ടത് ഏറെ ദയനീയമായ സാഹചര്യം. യുവതിയുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം ഏറ്റെടുത്ത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഇത് യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യത്തെ കുഞ്ഞിന് വെറും 11 മാസം മാത്രമാണ് പ്രായം. ഭർത്താവും ഭർത്താവിന്റെ പിതാവും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇനി അവർക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ആറു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെപ്പോലും വേണ്ടവിധം പരിചരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതി.
തുടർന്ന് പോലീസുകാർ അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും സ്റ്റേഷനിലെത്തിച്ചു. അവിടെ കണ്ടത് പതിവ് പോലീസ് നടപടികളായിരുന്നില്ല. സ്റ്റേഷനിലെയും പിങ്ക് പോലീസിലെയും വനിതാ ഉദ്യോഗസ്ഥർ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. കുഞ്ഞിനെ കുളിപ്പിച്ചും ആവശ്യമായ പരിചരണം നൽകിയും ഉദ്യോഗസ്ഥർ അമ്മയുടെ വേഷമണിഞ്ഞു.
കുഞ്ഞുങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങിനൽകിയ ശേഷം അമ്മയെയും മക്കളെയും വനിതാ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചവറ പോലീസിന് അഭിനന്ദനപ്രവാഹമാണ്. നിയമപാലനത്തിനപ്പുറം മനുഷ്യത്വത്തിന്റെ മുഖമായി മാറിയ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ നിരവധി പേരാണ് പ്രശംസിക്കുന്നത്. അധികാരത്തിന്റെ കാക്കി കുപ്പായത്തിനുള്ളിൽ കരുതലിന്റെ ഹൃദയമുണ്ടെന്ന് ഓർമിപ്പിക്കുന്നതായി ഈ പോലീസ് നടപടി.




























