27.9 C
Kollam
Friday 18th September, 2026 | 12:14:18 AM
Home News Breaking News ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ,പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യം, വധശ്രമക്കുറ്റം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം ,പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യം, വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയില്‍ നിലനില്‍ക്കില്ല

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാല്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ ഇന്ന് പരിഗണിച്ചത്. 5 ആം പ്രതി ശ്രീജിത്ത്, ഏഴാംപ്രതി അനില്‍കുമാര്‍, ഷഫീഖ്, കിരണ്‍, നിഷാദ്. ജീവന്‍ അടക്കം 11 പ്രതികളാണ് ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നത്. 65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹര്‍ജിയിലുണ്ടായിരുന്നു. അതേ സമയം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഇ ഡി ഹൈക്കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഉപാധികളോടെയാണ് 9 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.