കണ്ണൂര്‍ . പി.പി. ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ അലയൻസ് കന്പനിയുടെ എംഡി, ദിവ്യയുടെ ബന്ധുക്കൾക്കും സിപിഎം നേതാക്കൾക്കും പണം നൽകിയെന്ന തെളിവുകൾ പുറത്ത്. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റിന്‍റേയും വൈസ് പ്രസിഡന്‍റിന്‍റേയും പേരുകൾ ഇതിലുണ്ട്. ശബ്ദവും സ്ക്രീൻ
ഷോട്ടുകളും തന്‍റേതല്ലെന്ന് എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു
കാർട്ടൺ ഇന്ത്യഎംഡി മുഹമ്മദ് ആസിഫിന്‍റേതെന്ന പേരിലാണ് ശബ്ദരേഖ
പ്രചരിക്കുന്നത്. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബേബി
ബാലകൃഷ്ണനും മുൻ വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂരും പണം വാങ്ങിയെന്നാണ് ഇതിൽ പറയുന്നത്. കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ പ്രീ ഫാബ് ടോയ്‍ലറ്റ് നിർമാണത്തിന്‍
കരാർ കാർട്ടൺ ഇന്ത്യക്കായിരുന്നു. 22 സ്കൂളുകളിലാണ് ശുചിമുറി നിർമിച്ചത്. ഇതിൽ അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ശബ്ദരേഖക്കൊപ്പം പണം കൈമാറ്റത്തിന്റെ സ്ക്രീൻ ഷോട്ടുകളുമുണ്ട്. പി.പി. ദിവ്യയുടെ സഹോദരൻ അനൂപ്, ഡ്രൈവർ വൈശാഖ്, സിൽക്കിലെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ ഭാര്യ, ബേബി ബാലകർഷ്ണന്‍െ മകൻ കിരൺ
ബാലകൃഷ്ണൻ എന്നിവർക്ക് പണം അയച്ചു എന്ന തരത്തിലാണ് സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നത്. പണമോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്ന് ഷാനവാസ് പാദൂരും
ബേബി ബാലകൃഷണനും അനൂപും വൈശാഖും പ്രതികരിച്ചു. കേസ് പിൻവലിക്കാൻ KSU വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് 5 ലക്ഷം ആവശ്യപ്പെട്ടന്നും ശബ്ദം തന്‍റേതല്ലെന്നുമാണ് എംഡി മുഹമ്മദ് ആസിഫിന്‍റെ വാദം.
ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആസിഫ്മുഖ്യമന്ത്രിക്ക് പരാതി നൽകി. പി.പി. ദിവ്യക്കെതിരെ കൂടുതൽ തെളിവുകൾ നാളെ പുറത്ത് വിടുമെന്ന് പരാതിക്കാരൻ മുഹമ്മദ് ഷമ്മാസ് പറഞ്ഞു.


































