Home Blog Page 828

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; 4 മരണം; 40 പേര്‍ക്ക് പരുക്ക്‌

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം. നാല് പേര്‍ മരിച്ചു. നാല്‍പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തവും പരിഭ്രാന്തിയും ഉണ്ടായി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയും വീണ്ടും സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ ഏറെ ജാഗ്രതയോടെയാണ് നീങ്ങിയത്. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാവക്കാട് വടക്കന്‍ മേഖലയിലും സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പടക്ക നിര്‍മാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച ഉണ്ടായോയെന്നത് ഉള്‍പ്പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും ജാഗ്രതയും തുടരുകയാണ്.

‘നന്ദ കുന്തിരിക്കം ഭജന്‍സ്’… മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃക… ക്ഷേത്രോത്സവത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടിയ ‘നന്ദഗോവിന്ദത്തി’നെ പുകഴ്ത്തിയും ഇകഴ്ത്തിയും കമന്റുകള്‍

ഏറെ ആരാധകരുള്ള നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ഭക്തിസാന്ദ്രതയോടെ ആലപിക്കുന്നത്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. പിന്നാലെ മതസൗഹാര്‍ദത്തെ പുകഴ്ത്തി നിരവധി പേരാണ് അഭിനന്ദനങ്ങളും കമന്റുകളുമായി രംഗത്തെത്തിയത്.

https://www.facebook.com/reel/1336791541669651


ക്ഷേത്രോത്സവത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കമന്റുകള്‍ ഇട്ടു. എന്നാല്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നവരും നിരവധിയാണ്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല പറഞ്ഞു.
‘ക്ഷേത്രവേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജന്‍സ്’ എന്നാണ് ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നന്ദഗോവിന്ദവും ഗാനം ആലപിക്കും മുമ്പ് എടുത്ത് പറയുന്നുണ്ട്.

കാര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്

കാര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷന്‍, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാര്‍ ഗ്യാപ് റോഡിന് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവരും വിനോദ സഞ്ചാരത്തിനായാണ് മൂന്നാറില്‍ എത്തിയത്.

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ചു; കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇടുക്കി: വെള്ളത്തൂവലില്‍ സൈക്കിള്‍ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്.

നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികള്‍ ഓടിച്ചിരുന്ന സൈക്കിള്‍ വന്നിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാക്കിനിക്കാട് നെല്ലിച്ചോട്ടില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിവാഴാനി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന അഖിലിനെ എതിര്‍ ദിശയില്‍ നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇലക്ട്രിക് ത്രീ-വീലര്‍ വിപണി പിടിക്കാന്‍ ഹ്യുണ്ടായിയും ടിവിഎസും

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും ടിവിഎസ് മോട്ടോര്‍ കമ്പനിയും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് ത്രീ-വീലറുകള്‍ നിര്‍മ്മിക്കുന്നതിനായി ധാരണയായി. 2026-ലെ കൊറിയ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ വെച്ചാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.
വാഹനത്തിന്റെ രൂപകല്‍പ്പന ഹ്യുണ്ടായിയുടെ നേതൃത്വത്തിലായിരിക്കും. തങ്ങളുടെ ആഗോള ഗവേഷണ-വികസന മികവ് ഇതിനായി ഹ്യുണ്ടായ് ഉപയോഗപ്പെടുത്തും. അതേസമയം, ടിവിഎസ് നിര്‍മ്മാണത്തിനും ഇന്ത്യയിലെ വിപണനത്തിനുമാണ് നേതൃത്വം നല്‍കുക. ഇന്ത്യയിലെ റോഡുകള്‍ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലായിരിക്കും വാഹനം നിര്‍മ്മിക്കുന്നത്. വെള്ളക്കെട്ടുള്ള റോഡുകള്‍ക്കായി മാറ്റം വരുത്താവുന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍, ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ തെര്‍മല്‍ മാനേജ്‌മെന്റ് എന്നിവ പുതിയ വാഹനത്തില്‍ ഉണ്ടാവും. യാത്രക്കാരെ കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും ഒരേപോലെ ഉപയോഗിക്കാവുന്ന തരത്തില്‍ മാറ്റം വരുത്താവുന്ന ക്യാബിന്‍ സൗകര്യം ഇതിന്റെ പ്രത്യേകതയാണ്.

വാഹനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഇതിലൂടെ നിര്‍മ്മാണ ചിലവ് കുറയ്ക്കാനും സ്പെയര്‍ പാര്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കും. ഇത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പദ്ധതിയുടെ ആദ്യ ചര്‍ച്ചകള്‍ 2018-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ആരംഭിച്ചത്. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ കരാര്‍ ഒപ്പിട്ടതോടെ പദ്ധതി ഔദ്യോഗികമായി ഉല്‍പ്പാദന ഘട്ടത്തിലേക്ക് കടക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലര്‍ വിപണിയായ ഇന്ത്യയിലായിരിക്കും ഈ വാഹനം ആദ്യം പുറത്തിറക്കുക. അതിനുശേഷം മറ്റ് ആഗോള വിപണികളിലേക്ക് വിതരണം വ്യാപിപ്പിക്കാനും കമ്പനികള്‍ക്ക് പദ്ധതിയുണ്ട്. ഹ്യുണ്ടായിയുചെ സാങ്കേതിക തികവും ടിവിഎസിന്റെ വിപണിയിലെ പരിചയസമ്പത്തും ഒത്തുചേരുമ്പോള്‍ ഇലക്ട്രിക് ത്രീ-വീലര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

സ്ട്രോങ് റൂം വിവാദത്തിൽ ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗിലും യുഡിഎഫിലും കടുത്ത അതൃപ്തി, മുറി തുറക്കുന്ന കാര്യം ഫാത്തിമ നേരത്തെ അറിഞ്ഞിട്ടും നേതൃത്വത്തോട് പറഞ്ഞില്ല; വെട്ടിലായത് ആര്?

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോർ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. മുറി തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ്‌ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിക്കാതിരുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോർ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തുറന്നത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാനാർഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നത് എന്നായിരുന്നു നേതാക്കളുടെ ആരോപണം. എന്നാൽ, രാവിലെ എട്ട് മണിക്കുതന്നെ സ്റ്റോർ റൂം തുറക്കുന്ന കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ വ്യക്കമാക്കിയതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായി.

ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖിനോടും ഈ വിവരം തഹ്‌ലിയ പങ്കുവെയ്ക്കാതിരുന്നതും കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങളെടുക്കാവൂ എന്ന നിർദേശം ലീഗ് നേതൃത്വം തഹ്‌ലിയക്ക് നൽകിയെന്നാണ് അറിയുന്നത്.

അതേസമയം, വിഷയത്തിൽ ഫാത്തിമ തഹ്‌ലിയക്കെതിരെ അതൃപ്തിയുണ്ടെന്ന കാര്യം നിഷേധിക്കാൻ ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖും തയ്യാറായില്ല. ഇക്കാര്യത്തിൽ തഹ്‌ലിയക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാനും റസാഖ് തയ്യാറായില്ല.

കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ജെഡിടി ഇസ്ലാം സ്കൂളിലെ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ സ്നേഹിൽകുമാർ സിങ് എന്നിവർക്ക് പരാതിനൽകിയിരുന്നു. തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടുണ്ട്. ഇതേത്തുടർന്ന് കളക്ടറോട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി.

വാർത്ത നൽകിയതിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകന് നേരെ വധഭീഷണി

കുന്നത്തൂർ: വാർത്ത നൽകിയതിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകന് നേരെ വധഭീഷണി. കുന്നത്തൂർ താലൂക്കിൽ കഴിഞ്ഞ 25 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായ പ്രഭു കുമാറിനാണ് (കേരളകൗമുദി, ദീപിക, കേരള വിഷൻ, W1 മുൻ പ്രതിനിധി) നേരെയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്. നിലവിൽ അദ്ദേഹം നടത്തിവരുന്ന ‘കുന്നത്തൂർ 24 മീഡിയ’ എന്ന ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.

ഒരു  കാർ അപകടവുമായി ബന്ധപ്പെട്ട്  വാർത്ത പ്രഭു കുമാർ തന്റെ ഓൺലൈൻ ചാനൽ വഴി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ നമ്പറുകളിൽ നിന്നും വാട്സാപ്പ് വഴിയും നിരന്തരമായി ഭീഷണി സന്ദേശങ്ങൾ എത്താൻ തുടങ്ങിയത്.

തന്നെ കൊല്ലാൻ ‘കൊട്ടേഷൻ’ നൽകിയിട്ടുണ്ടെന്നും അധികനാൾ ജീവിച്ചിരിക്കില്ലെന്നുമാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. അസഭ്യവർഷത്തിന് പുറമെ, അപകടം വരുത്തി തീർത്ത് കൊലപ്പെടുത്തുമെന്നും ഭീഷണിയിൽ പറയുന്നു.

“ഞങ്ങൾ മുൻപും പലരെയും തീർത്തിട്ടുണ്ട്, അടുത്തത് ഒരു ആക്സിഡന്റിൽ നീയും തീരും”

താൻ ഒരു അപകടത്തിൽ മരിക്കുകയാണെങ്കിൽ അത് സ്വാഭാവിക മരണമായിരിക്കില്ലെന്നും, അതിന് പിന്നിൽ ഈ ഭീഷണിപ്പെടുത്തിയവർ ആയിരിക്കുമെന്നും” വെളിപ്പെടുത്തി പ്രഭു കുമാർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

വധഭീഷണിയും മാനസിക പീഡനവും തുടരുന്ന സാഹചര്യത്തിൽ പ്രഭു കുമാർ പോലീസിൽ പരാതി നൽകി.

#Kunnathoor #PrabhuKumar #Kunnathoor24Media #JournalistUnderAttack #DeathThreat #MediaFreedom #KollamNews #KeralaNews #JusticeForJournalists #CyberBullying #PressFreedom

സിന്ദാബാദ്, മൂർദാബാദ് വിളികളല്ല, ചർച്ചകളും സംവാദവുമാണാവശ്യം;കാലടി സര്‍വകലാശാലയിൽ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് ഗവര്‍ണർ, പ്രതിഷേധവുമായി എസ് എഫ് ഐ

എറണാകുളം: കാലടി സര്‍വകലാശാലയിലെ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെ പരിപാടിക്കെത്തിയത്. ഉദ്ഘാടന പ്രസംഗത്തിൽ എസ്എഫ്ഐയുടെ പ്രതിഷേധത്തിനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു.

എല്ലാറ്റിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്കാരമല്ലെന്നും സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല വേണ്ടതെന്നും ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശങ്കരാചാര്യര്‍ ഈ ആശയമാണ് പ്രചരിപ്പിച്ചതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമായിരുന്നു ആദിശങ്കരന്‍റേതെന്നും നമ്മളും അത് പിന്തുടരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അദ്വൈതം എന്നാൽ ലോകത്തിനുള്ള സന്ദേശമാണ്. ആദി ശങ്കരന്‍റെ ജന്മദിനം മറ്റു സ്ഥലങ്ങളിൽ വലിയ ആഘോഷമാണ്. ഇവിടെ എന്തുകൊണ്ട് അത് നടക്കുന്നില്ല? സംസ്ഥാന പരിപാടി ആക്കേണ്ടതാണ് ശങ്കര ജയന്തിയെന്നും ദൗര്‍ഭാഗ്യവശാൽ അങ്ങനെ ഉണ്ടാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ശങ്കരാചാര്യരുടെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഗവര്‍ണര്‍ വേദിയിലേക്ക് എത്തിയത്. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ഗേറ്റിൽ വെച്ച് തടയുകയായിരുന്നു.

ഗവര്‍ണര്‍ എത്തിയപ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങിയപ്പോഴും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഗവര്‍ണര്‍ തിരിച്ചുപോകുമ്പോള്‍ പിന്തുണയുമായി എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ നിന്നായിരുന്നു മുദ്രാവാക്യം വിളിച്ചത്. സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നെങ്കിലും വൈകാതെ ഇരുവിഭാഗവും പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലർ വിവാദമായതിനെതുടര്‍ന്ന് കാലടി സർവകലാശാല പിന്‍വലിച്ചിരുന്നു. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ​ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. പിന്നാലെ വിവാദമാവുകയും ചെയ്തു.

പരിപാടിക്ക് ​ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുത് തുടങ്ങി കർശന നിർദേശങ്ങളായിരുന്നു സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശം. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നത് വിവാദമായിരുന്നു. എന്നാല്‍ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍ വിശദീകരിച്ചിരുന്നു.

ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും ജില്ലാ കലക്ടറും അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് മുറി തുറന്നതെന്നാണ് വിശദീകരണം.

ട്രാഫിക് സംവിധാനങ്ങളുടെ അഭാവവും അശാസ്‌ത്രീയ റോഡ് നിർമ്മാണവും:സിനിമാപറമ്പ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

ഭരണിക്കാവ്: വണ്ടിപ്പെരിയാർ ഭരണിക്കാവ് ദേശീയപാതയെയും കൊട്ടാരക്കര പ്രധാന പാതയെയും തമ്മിൽ വേർതിരിക്കുന്ന സിനിമാപറമ്പ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു.ട്രാഫിക് സംവിധാനങ്ങളുടെ അഭാവവും റോഡിൻ്റെ അശാസ്‌ത്രീയ നിർമ്മാണവും കൊട്ടാരക്കര,അടൂർ ഭാഗത്തേക്കുള്ള റോഡുകൾ വേർതിരിക്കാൻ സംവിധാനമില്ലാത്തതുമാണ് പ്രശ്‌നമായിരിക്കുന്നത്.ഭരണിക്കാവിൽ നിന്നും ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് സിനിമാപറമ്പിലെത്തി അടൂർ,പത്തനംതിട്ട ഭാഗത്തേക്കും കൊട്ടാരക്കര ഭാഗത്തേക്കും പോകുന്നത്.

ഭരണിക്കാവിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ സിനിമാപറമ്പിലെത്തി വലതുഭാഗത്തേക്ക് തിരിയുമ്പോൾ അടൂർ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.തലനാരിഴ്യ്ക്കാണ് പലപ്പോഴും അപകടങ്ങൾ വഴി മാറുന്നത്.ഭരണിക്കാവിൽ നിന്നുമെത്തുമ്പോൾ റോഡിന് പൊക്ക കൂടുതൽ അനുഭവപ്പെടുന്നു.തിരികെ കുത്തിറക്കവും.സിനിമാപറമ്പിൽ അടൂർ,കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡ് “വി” ആകൃതിയിലാണ് കാണപ്പെടുന്നത്.എന്നാൽ ഇരുഭാഗത്തേക്കുമുള്ള റോഡുകൾ വേർതിരിക്കാൻ സംവിധാനവുമില്ല.മുൻപ് ടാർ വീപ്പകൾ നിരത്തിവെച്ച് റോഡുകൾ വേർതിരിച്ചിരുന്നു.എന്നാൽ വീപ്പകളിൽ വാഹനങ്ങൾ ഇടിക്കുന്നത് പതിവായതോടെ അവ മാറ്റുകയായിരുന്നു.ജംഗ്ഷനിൽ തന്നെ നിരവധി സർവ്വീസ് റോഡുകളും ഉള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്.ചെറുതും വലുതുമായ നിരവധി അപകടങ്ങൾക്കാണ് ഇതിനോടകം സിനിമാപറമ്പ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.കൂടുതലും ഇരുചക്ര വാഹന യാത്രികരാണ് ഇരകളാകുന്നത്.

കഴിഞ്ഞ ഡിസംബറിൽ നാഷണൽ പെർമിറ്റ് ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന കോട്ടാത്തല മൂഴിക്കോട് സ്വദേശി സുജല (39) മരിച്ചതിന് പിന്നാലെ ജംഗ്ഷനിലെ റോഡുകളുടെ കിടപ്പും അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ചു കയറി ചിതറ മടങ്കാവ് സ്വദേശിനി ലക്ഷ്മിക്ക് (20) ദാരുണാന്ത്യം സംഭവിച്ചിരുന്നു.ഏതാനും മാസങ്ങൾക്കു മുമ്പ് കുന്നത്തൂർ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കിൽ ജീപ്പ് ഇടിച്ചുകയറി ഗുരുതര പരിക്കേറ്റിരുന്നു.ദിവസവും ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങൾക്കാണ് സിനിമാപറമ്പ് സാക്ഷ്യം വഹിക്കുന്നത്.അടുത്തിടെ സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിൽ അപകടസാധ്യതയേറിയ പ്രദേശമായി സിനിമാപറമ്പും ഉൾപ്പെട്ടിരുന്നു.ജനത്തിരക്കും വാഹനത്തിരക്കുമേറിയ കവലയിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റും റോഡുകൾ വേർതിരിക്കുന്നതിനുള്ള ശാസ്‌ത്രീയ സംവിധാനങ്ങളും ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.