ഫ്രാൻസിന് പുറമെ ഇറ്റലിയിലും യുവജപ്രക്ഷോഭ തീ ആളിക്കത്തുന്നു… മിലാനിലെ സംഘർഷങ്ങളും കൊള്ളയും ആവർത്തിക്കാതിരിക്കാൻ അധികൃതർ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇതിനിടെ റോമിലെ ചരിത്രസ്മാരകമായ കൊളോസിയത്തിലേക്ക് പ്രതിഷേധക്കാർ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ഇരച്ചുകയറിയതും സംഘർഷത്തിന് വഴിവെച്ചു. പൊലീസിന് നേരെ കുപ്പികളും പടക്കങ്ങളും എറിഞ്ഞതിനെ തുടർന്ന് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് 371 പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും നഗരങ്ങളെ കലാപഭൂമിയാക്കുന്നത് അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി.
അതേസമയം, ഫ്രാൻസിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് 4.10 ലക്ഷം പേർ പങ്കെടുത്തു. പാരീസിൽ മാത്രം 1.10 ലക്ഷം പേർ തെരുവിലിറങ്ങി. രാജ്യവ്യാപകമായി ആയിരത്തോളം പേർ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്. ജീവിതച്ചെലവ്, ഇന്ധനവില, ഉയർന്ന വാടക, കുറഞ്ഞ വേതനം, യുദ്ധത്തിനായുള്ള വർധിച്ച ചെലവ് എന്നിവയ്ക്കെതിരെയാണ് യുറോപിയിലാകെ പ്രതിഷേധം നടക്കുന്നത്.





























