Home News Local ട്രാഫിക് സംവിധാനങ്ങളുടെ അഭാവവും അശാസ്‌ത്രീയ റോഡ് നിർമ്മാണവും:സിനിമാപറമ്പ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

ട്രാഫിക് സംവിധാനങ്ങളുടെ അഭാവവും അശാസ്‌ത്രീയ റോഡ് നിർമ്മാണവും:സിനിമാപറമ്പ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

Advertisement

ഭരണിക്കാവ്: വണ്ടിപ്പെരിയാർ ഭരണിക്കാവ് ദേശീയപാതയെയും കൊട്ടാരക്കര പ്രധാന പാതയെയും തമ്മിൽ വേർതിരിക്കുന്ന സിനിമാപറമ്പ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു.ട്രാഫിക് സംവിധാനങ്ങളുടെ അഭാവവും റോഡിൻ്റെ അശാസ്‌ത്രീയ നിർമ്മാണവും കൊട്ടാരക്കര,അടൂർ ഭാഗത്തേക്കുള്ള റോഡുകൾ വേർതിരിക്കാൻ സംവിധാനമില്ലാത്തതുമാണ് പ്രശ്‌നമായിരിക്കുന്നത്.ഭരണിക്കാവിൽ നിന്നും ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് സിനിമാപറമ്പിലെത്തി അടൂർ,പത്തനംതിട്ട ഭാഗത്തേക്കും കൊട്ടാരക്കര ഭാഗത്തേക്കും പോകുന്നത്.

ഭരണിക്കാവിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ സിനിമാപറമ്പിലെത്തി വലതുഭാഗത്തേക്ക് തിരിയുമ്പോൾ അടൂർ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.തലനാരിഴ്യ്ക്കാണ് പലപ്പോഴും അപകടങ്ങൾ വഴി മാറുന്നത്.ഭരണിക്കാവിൽ നിന്നുമെത്തുമ്പോൾ റോഡിന് പൊക്ക കൂടുതൽ അനുഭവപ്പെടുന്നു.തിരികെ കുത്തിറക്കവും.സിനിമാപറമ്പിൽ അടൂർ,കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡ് “വി” ആകൃതിയിലാണ് കാണപ്പെടുന്നത്.എന്നാൽ ഇരുഭാഗത്തേക്കുമുള്ള റോഡുകൾ വേർതിരിക്കാൻ സംവിധാനവുമില്ല.മുൻപ് ടാർ വീപ്പകൾ നിരത്തിവെച്ച് റോഡുകൾ വേർതിരിച്ചിരുന്നു.എന്നാൽ വീപ്പകളിൽ വാഹനങ്ങൾ ഇടിക്കുന്നത് പതിവായതോടെ അവ മാറ്റുകയായിരുന്നു.ജംഗ്ഷനിൽ തന്നെ നിരവധി സർവ്വീസ് റോഡുകളും ഉള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്.ചെറുതും വലുതുമായ നിരവധി അപകടങ്ങൾക്കാണ് ഇതിനോടകം സിനിമാപറമ്പ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.കൂടുതലും ഇരുചക്ര വാഹന യാത്രികരാണ് ഇരകളാകുന്നത്.

കഴിഞ്ഞ ഡിസംബറിൽ നാഷണൽ പെർമിറ്റ് ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന കോട്ടാത്തല മൂഴിക്കോട് സ്വദേശി സുജല (39) മരിച്ചതിന് പിന്നാലെ ജംഗ്ഷനിലെ റോഡുകളുടെ കിടപ്പും അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ചു കയറി ചിതറ മടങ്കാവ് സ്വദേശിനി ലക്ഷ്മിക്ക് (20) ദാരുണാന്ത്യം സംഭവിച്ചിരുന്നു.ഏതാനും മാസങ്ങൾക്കു മുമ്പ് കുന്നത്തൂർ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കിൽ ജീപ്പ് ഇടിച്ചുകയറി ഗുരുതര പരിക്കേറ്റിരുന്നു.ദിവസവും ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങൾക്കാണ് സിനിമാപറമ്പ് സാക്ഷ്യം വഹിക്കുന്നത്.അടുത്തിടെ സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിൽ അപകടസാധ്യതയേറിയ പ്രദേശമായി സിനിമാപറമ്പും ഉൾപ്പെട്ടിരുന്നു.ജനത്തിരക്കും വാഹനത്തിരക്കുമേറിയ കവലയിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റും റോഡുകൾ വേർതിരിക്കുന്നതിനുള്ള ശാസ്‌ത്രീയ സംവിധാനങ്ങളും ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here