കുന്നത്തൂർ:വാഹനങ്ങൾ ഇടിച്ച് കുന്നത്തൂർ പാലത്തിലെ ഭൂരിഭാഗം ഇലക്ട്രിക് തൂണുകളും തലകീഴായി പതിച്ചിട്ടും നീക്കം ചെയ്യാൻ നടപടിയില്ല.പാലത്തിൽ രാത്രികാലങ്ങളിൽ വെളിച്ചമെത്തിക്കാൻ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് തൂണുകളാണ് തകർന്ന് കിടക്കുന്നത്.അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് പലപ്പോഴും തൂണുകളിൽ ഇടിച്ചു കയറുന്നത്.70 വർഷത്തിലേറെ പ്രായമുള്ള മുത്തശ്ശി പാലത്തിൽ തലനാരിഴ്യ്ക്കാണ് പലപ്പോഴും അപകടങ്ങൾ വഴിമാറുന്നത്.
തൂണുകൾ വളഞ്ഞൊടിഞ്ഞ് കിടക്കുന്നത് മറ്റ് വാഹനങ്ങളിൽ തട്ടുന്നതിനും കാരണമാകുന്നു.വാഹനങ്ങളുടെ ഗ്ലാസുകൾ ഇത്തരത്തിൽ തകരുന്നത് പതിവാണ്.പാലത്തിൽ മുഴുവൻ ഒടിഞ്ഞു തൂങ്ങിയ തൂണുകൾ നിറഞ്ഞിട്ടും അവ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പും, വൈദ്യുതി വകുപ്പും തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കുന്നത്തൂർ പാലം കൊട്ടാരക്കര താലൂക്കിലെ എഴുകോൺ പിഡബ്ല്യൂഡി സെക്ഷൻ്റെ പരിധിയിലാണ്.എന്നാൽ ശാസ്താംകോട്ടയോട് ചേർന്ന് കിടക്കുന്നതിനാൽ എഴുകോൺ സെക്ഷൻ അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് പരാതിയുണ്ട്.




































