27.6 C
Kollam
Monday 21st September, 2026 | 04:54:19 PM
Home News Breaking News പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതി സര്‍ക്കാര്‍ പുതിയ...

പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതി സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നു, പിണറായി

തിരുവനന്തപുരം: സഹകരണബാങ്ക് വഴി ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെന്‍ഷന്‍ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതില്‍പ്പടി പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ളവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതല്‍ വേണ്ടതായിട്ടുള്ള ഇവര്‍ക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്. ജനകീയ പെന്‍ഷന്‍ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സഹകരണ സംഘങ്ങള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.