Home Blog Page 825

മുണ്ടത്തിക്കോട് അപകടം നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് അപകടം നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌ഫോടന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു.

‘പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടാത്ത സ്‌ഫോടക വസ്തുക്കൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കണം. നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മറ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിന് ഹെെക്കോടതിയിൽ നിന്ന് അനുമതി തേടണം.

അനുമതി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. ദുരന്തം ബാധിച്ച കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ഒപ്പം നിൽക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പൂരപ്രേമികളും സാമൂഹ്യപ്രവർത്തകരും ഇതിനായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നുണ്ട്’- സുരേഷ് ഗോപി വ്യക്തമാക്കി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി വി എൻ വാസവൻകൂടി എത്തിയതിന് ശേഷം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കെെക്കൊള്ളുക. അപകടത്തിൽ കേന്ദ്ര സംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോട് കുട്ടൻകുളത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് ഇന്നലെ വെെകിട്ട് ഉഗ്ര സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 14 പേർ മരിച്ചു. ഇതിൽ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശേഷിക്കുന്നവയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീരഭാഗങ്ങളും തെരച്ചിലിൽ കണ്ടെത്തിയതായി ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ചികിത്സയിൽ കഴിയുന്ന 11 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്.

ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മാമ്പിലാട് യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി ശരണ്യ(30), കുറ്റ്യാടി കള്ളാട് സ്വദേശി അജേഷ്(32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊട്ടിൽപ്പാലം കള്ളാട് മലയിലെ മാമ്പിലാട് ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

അതിഥി തൊഴിലാളി സഹോദരനെ തലക്കടിച്ചു കൊന്നു

മലപ്പുറം. അതിഥി തൊഴിലാളി സഹോദരനെ തലക്കടിച്ചു കൊന്നു. കോഴിക്കോട് -മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിനടുത്ത് ആണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്‌മി നാരായണൻ ആണ് കൊല്ലപ്പെട്ടത്

സഹോദരൻ കൈലാസിനെ അരീക്കോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. സഹോദരങ്ങൾ തമ്മിലുള്ള വാക്ക്തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ യോഗം,യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി

തൃശൂര്‍.പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ 10.30 ന് യോഗം ചേരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി തന്നിട്ടുണ്ട്. എല്ലാവരുമായും കൂടി ആലോചിച്ച് തീരുമാനം. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും

പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട്. 10 പേർ ഐസിയുരുണ്ട് ചിലരുടെ നില ഗുരുതരം. രണ്ടുപേർ വെന്റിലേറ്ററിൽ സംഭവ സ്ഥലത്തു നിന്നും ഇപ്പോൾ ഒരു മൃതശരീരം കൂടി കണ്ടെത്തി.

ആകെ വെടിക്കെട്ട് പുരയിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ആകെ 14 പേരെ ആശുപത്രിയിൽ എത്തിച്ചു ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. രണ്ട് മൂന്നുപേർ രക്ഷപ്പെട്ടിട്ടുണ്ട്

അവർക്കും ആകെ എത്ര പേരുണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവമ്പാടി ദേവസത്തിലെ ആഘോഷ കമ്മിറ്റി അംഗങ്ങൾ അപകടത്തിൽപ്പെട്ടുവെന്ന് സെക്രട്ടറി ഗിരീഷ് വ്യക്തമാക്കി. ആഘോഷ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളാണ് മുണ്ടത്തിക്കോട് എത്തിയത്. അതിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചന്നും ദേവസ്വം സെക്രട്ടറി. സർക്കാർ എന്ത് തീരുമാനമെടുത്താലും അംഗീകരിച്ചു മുന്നോട്ട് പോകും

ദേശത്തെ ആളുകളുമായി ചർച്ച നടത്തും. മറ്റുകാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാൻ സമയം കിട്ടിയിട്ടില്ല.

അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പോലും കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തിൽ പാറമേക്കാവ് ദേവസ്വം ചർച്ച ചെയ്തിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു.

സർക്കാരുമായി ചർച്ച ചെയ്ത് ജനവികാരവും ആചാരപരമായ കാര്യങ്ങളും കണക്കിലെടുത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളും. ദുരന്തത്തിൽ താനും പാറമേക്കാവ് ദേവസ്വവും നടുക്കത്തിലാണ്

മരിച്ചവരുടെയും അപകടത്തില്പെട്ടവരുടെയും കുടുംബത്തിനൊപ്പം നിൽക്കും, എല്ലാവിധ പിന്തുണയും നൽകും.ദുരന്തത്തിന് ഇരയായവർക്ക് പാറമേക്കാവ് ദേവസ്വം അനുശോചനം രേഖപ്പെടുത്തുന്നതായും ജി രാജേഷ്.

തൃശ്ശൂരിൽ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു

തൃശൂർ.തൃശ്ശൂരിൽ വീണ്ടും പാമ്പുകടി. രണ്ടര വയസ്സുകാരനാണ് പാമ്പുകടിയേറ്റത്. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽവാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശ്യാം പീറ്റർ ൻ്റെ മകൻ ആദമിനാണ് കടിയേറ്റത്

ബാത്റൂമിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടി ഏറ്റത്.കുട്ടിയെ തൃശൂർ മിഷൻ ആശുപത്രിയിലേക്ക് മാറ്റി

ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി ട്രംപ്,ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം

വാഷിങ്ടന്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ രംഗത്ത് എത്തുന്നതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ നാവിക ഉപരോധം തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനിയന്‍ ആഭ്യന്തര പ്രശ്‌നങ്ങളാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണം. പാകിസ്ഥാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇറാന്‍ സര്‍ക്കാര്‍ ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്താന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു. അതിനാല്‍ ഇറാന്റെ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും ഒരു ഏകീകൃത നിര്‍ദേശം മുന്നോട്ടുവെക്കാന്‍ കഴിയുന്നതുവരെ ആക്രമണം നിര്‍ത്തിവെക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ തീരത്തെ തുറമുഖങ്ങളിലെ ഉപരോധം തുടരും. ‘മറ്റെല്ലാ കാര്യങ്ങളിലും’ യുഎസ് സൈന്യം സജ്ജരായിരിക്കും എന്നും ട്രംപ് പറഞ്ഞു.

ഉണങ്ങാത്ത മുറിവുകളോടെ, ഇന്ന് പെഹല്‍ഗാം ഓര്‍മ്മദിനം

ന്യൂഡല്‍ഹി. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7 കിലോമീറ്ററോളം അകലെയുള്ള ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ മൂന്ന് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനുമുണ്ടായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഹിമാന്‍ഷി നര്‍വാള്‍, തന്റെ ഭര്‍ത്താവായ നേവി ഓഫീസര്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിന് സമീപമിരിക്കുന്ന ചിത്രം രാജ്യത്തിന്റെ തീരാനോവായി മാറി.

ലഷ്‌കറെ തയിബയുടെ നിഴല്‍ സംഘടന ദ് റെസിസ്റ്റന്‍സ് ഫ്രണ്ടാണു ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. ആക്രമണം നടത്തിയ സുലൈമാന്‍ (ഹാഷിം മൂസ), അഫ്ഗാനി, ജിബ്രാന്‍ എന്നിവരെ കഴിഞ്ഞ ജൂലൈയില്‍ സൈന്യം കൊലപ്പെടുത്തി. ഭീകരരെ സഹായിച്ച 2 തദ്ദേശീയരെ അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ജമ്മു കശ്മീരിലെ 44 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. മിക്കവയും വീണ്ടും തുറന്നെങ്കിലും ബൈസരന്‍ അടഞ്ഞുകിടക്കുകയാണ്. പാകിസ്ഥാനുമായി അന്നു വിച്ഛേദിച്ച നയതന്ത്രബന്ധം ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല.

വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ നൗഷാദ് അലി മരിച്ചു, ചികില്‍സാപിഴവെന്ന് ആരോപണം

കോയമ്പത്തൂര്‍: തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി ചികിത്സയില്‍ കഴിഞ്ഞത്.

നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തില്‍ പരിക്കേറ്റ ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലുള്ള മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂരില്‍ തന്നെയുള്ള സഹദിന്‍ മുഹമ്മദിന്റെ നിലയില്‍ നേരിയ പുരോഗതിയുള്ളതിനാല്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മസ്‌നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തെയും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര്‍ മരിക്കുകയായിരുന്നു.

പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന, വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ മരിച്ച 13 പേരില്‍ 9 പേരെ തിരിച്ചറിഞ്ഞു

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തും.

വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുന്‍ഗണനയെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.

സ്‌ഫോടനത്തില്‍ മരിച്ച 13 പേരില്‍ 9 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പത്തു പേര്‍ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേര്‍ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുനല്‍കി. ബാബു (56), സുഭദ്ര (68), അനിത (50), അഖില്‍ (30), പഴയന്നൂര്‍ സ്വദേശി വിദ്യകുമാര്‍ (48), വേലൂര്‍ സ്വദേശി സാജന്‍ (38), വിഷ്ണു (30), പ്രവീണ്‍ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരന്‍ (46), എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ 3 കെഡാവര്‍ നായകളെ എത്തിച്ചു. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കാനുള്ള 3 നായകളെയും എത്തിക്കും. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ 108 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലന്‍സുകള്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കൊല്ലം: ശാസ്താംകോട്ട തടാകം വറ്റിവരളുന്നു; ജില്ലയിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു

കൊല്ലം: ജില്ലയുടെ ദാഹമകറ്റുന്ന ശുദ്ധജല സ്രോതസ്സായ ശാസ്താംകോട്ട തടാകം കടുത്ത വേനലിൽ വറ്റിവരളുന്നു. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ, വരും ദിവസങ്ങളിൽ ജില്ലയിലെ കുടിവെള്ള വിതരണം ഗുരുതരമായ പ്രതിസന്ധിയിലാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ജലനിരപ്പ് ആശങ്കാജനകം

വേനൽ കടുത്തതോടെ തടാകത്തിലെ ജലനിരപ്പ് പ്രതിദിനം രണ്ട് സെന്റീമീറ്റർ എന്ന തോതിലാണ് താഴുന്നത്. ഇന്നലത്തെ കണക്കനുസരിച്ച് 45 സെന്റീമീറ്റർ മാത്രമാണ് തടാകത്തിലെ ജലനിരപ്പ്. പത്തു ദിവസത്തിനകം മഴ ലഭിച്ചില്ലെങ്കിൽ ജലനിരപ്പ് പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ് ആശങ്ക.

പമ്പിംഗ് നിയന്ത്രിച്ചേക്കും

നിലവിൽ രണ്ട് പമ്പ് ഹൗസുകളിൽ നിന്നായി 24 മണിക്കൂറും പമ്പിംഗ് നടക്കുന്നുണ്ട്. പ്രതിദിനം 47.5 എം.എൽ.ഡി ജലമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. എന്നാൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ പമ്പിംഗ് പകുതിയായി കുറയ്ക്കാൻ അധികൃതർ നിർബന്ധിതരാകും.ലിഫ്റ്റ് പമ്പിംഗ്: രണ്ട് ദിവസത്തിനകം മഴ ലഭിച്ചില്ലെങ്കിൽ, തീരത്ത് നിന്ന് 15 മീറ്ററോളം തടാകത്തിലേക്ക് മാറ്റി ബണ്ട് നിർമ്മിച്ച് ലിഫ്റ്റ് പമ്പുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കും.വിതരണത്തിലെ തടസ്സം: നിലവിൽ കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടെ രണ്ട് ദിവസം കൂടുമ്പോഴാണ് വെള്ളം ലഭിക്കുന്നത്. പമ്പിംഗ് കുറയ്ക്കുന്നതോടെ ഇത് മൂന്ന് ദിവസം കൂടുമ്പോഴായി മാറും.

ബാധിക്കുന്ന പ്രദേശങ്ങൾ

കൊല്ലം കോർപ്പറേഷൻ കൂടാതെ നീണ്ടകര, ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് സൗത്ത്, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, മൈനാഗപ്പള്ളി, പോരുവഴി, വെസ്റ്റ് കല്ലട എന്നീ പഞ്ചായത്തുകളെയാണ് ഈ ജലക്ഷാമം നേരിട്ട് ബാധിക്കുന്നത്. പൈപ്പ് ലൈൻ വഴി വെള്ളം ലഭിക്കാത്ത ഇടങ്ങളിൽ ടാങ്കർ ലോറികൾ വഴിയുള്ള വിതരണവും ഇതോടെ അവതാളത്തിലാകും.അടുത്ത പത്തു ദിവസത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ ജില്ലയിൽ കുടിവെള്ള ക്ഷാമം അതീവ രൂക്ഷമാകാനാണ് സാധ്യത.