ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ പമ്പയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും യാത്രാ-ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാരും അധികൃതരും ഉറപ്പുനൽകി.
നിലയ്ക്കൽ–പമ്പ റൂട്ടിലെ കെഎസ്ആർടിസി ചെയിൻ സർവീസുകളിൽ ഈടാക്കുന്ന ഉയർന്ന സ്പെഷ്യൽ ഫെയർ നിരക്കിൽ ഇളവ് അനുവദിക്കുന്ന കാര്യം ഗതാഗത മന്ത്രി സിപി ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തി. ശബരിമല തീർത്ഥാടകരുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനായി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് അനുകൂലമായ രീതിയിൽ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. വിഷയം അടിയന്തരമായി പരിശോധിക്കാൻ കെഎസ്ആർടിസി എംഡിക്കും മന്ത്രി നിർദേശം നൽകി.
ശബരിമല തീർത്ഥാടന കാലത്ത് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിനും യോഗത്തിൽ തീരുമാനമായി. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കിയ സാഹചര്യത്തിൽ, തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ജർമൻ പന്തൽ സ്ഥാപിക്കും. തീർത്ഥാടന കാലത്ത് യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും ഈ നടപടി സഹായകരമാകും.
ശബരിമല സന്നിധാനത്ത് റെയിൽവേ റിസർവേഷൻ കേന്ദ്രം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും കൊടിക്കുന്നിൽ സുരേഷ് എംപി യോഗത്തിൽ ഉന്നയിച്ചു. തീർത്ഥാടകർക്ക് ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും മടക്കയാത്ര സുഗമമായി ക്രമീകരിക്കുന്നതിനും സന്നിധാനത്ത് തന്നെ റിസർവേഷൻ സൗകര്യം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിസർവേഷൻ കേന്ദ്രം ആരംഭിക്കുന്നതിനായി തീർത്ഥാടന കാലത്ത് റെയിൽവേയ്ക്ക് രണ്ട് മുറികൾ സൗജന്യമായി അനുവദിക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉറപ്പുനൽകി.
നിലവിൽ താൽക്കാലികമായി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രി, നിർമ്മാണം പൂർത്തിയായ പുതിയ ബ്ലോക്കിലേക്ക് എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിലൂടെ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ആശുപത്രി പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോഗ്യ മന്ത്രി കെ. മുരളീധരന് നിർദേശം നൽകി.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ, കെഎസ്ആർടിസി നിരക്കിലെ ഇളവ്, ചെങ്ങന്നൂർ ബസ് സ്റ്റാൻഡിലെ താൽക്കാലിക സൗകര്യങ്ങൾ, സന്നിധാനത്തെ റെയിൽവേ റിസർവേഷൻ കേന്ദ്രം, ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിലേക്കുള്ള മാറ്റം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചതിലൂടെ തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമായ നടപടികൾ ഉറപ്പാക്കുന്നതിനാണ് ശ്രമിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.



































