29.8 C
Kollam
Saturday 5th September, 2026 | 10:33:32 AM
Home News Breaking News തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന, വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ മരിച്ച 13 പേരില്‍ 9...

തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന, വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ മരിച്ച 13 പേരില്‍ 9 പേരെ തിരിച്ചറിഞ്ഞു

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തും.

വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുന്‍ഗണനയെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.

സ്‌ഫോടനത്തില്‍ മരിച്ച 13 പേരില്‍ 9 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പത്തു പേര്‍ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേര്‍ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുനല്‍കി. ബാബു (56), സുഭദ്ര (68), അനിത (50), അഖില്‍ (30), പഴയന്നൂര്‍ സ്വദേശി വിദ്യകുമാര്‍ (48), വേലൂര്‍ സ്വദേശി സാജന്‍ (38), വിഷ്ണു (30), പ്രവീണ്‍ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരന്‍ (46), എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ 3 കെഡാവര്‍ നായകളെ എത്തിച്ചു. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കാനുള്ള 3 നായകളെയും എത്തിക്കും. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ 108 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലന്‍സുകള്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.