28.8 C
Kollam
Sunday 25th October, 2026 | 02:48:33 PM
Home News Breaking News കൗണ്ടർ ടിക്കറ്റിനും ഇനി ഇൻഷുറൻസ്; 45 പൈസയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ

കൗണ്ടർ ടിക്കറ്റിനും ഇനി ഇൻഷുറൻസ്; 45 പൈസയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ

Advertisement

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുക്കുന്നവർക്കും ഇനി യാത്രാ ഇൻഷുറൻസ് പരിരക്ഷ. ഓൺലൈൻ ടിക്കറ്റുകൾക്ക് ലഭിക്കുന്നതിന് സമാനമായ ഇൻഷുറൻസ് പരിരക്ഷ കൗണ്ടർ ടിക്കറ്റുകൾക്കും ഉറപ്പാക്കുന്ന സുപ്രീംകോടതി ഉത്തരവ് 27 മുതൽ പ്രാബല്യത്തിൽ വരും. 45 പൈസ പ്രീമിയത്തിൽ പരമാവധി 10 ലക്ഷം രൂപവരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിൽനിന്ന് റിസർവേഷൻ ടിക്കറ്റെടുക്കുന്നവർക്ക് ഇൻഷുറൻസ് സ്വമേധയാ തിരഞ്ഞെടുക്കാം. ടിക്കറ്റെടുക്കുമ്പോൾ ഇൻഷുറൻസ് വേണമെന്ന് അറിയിച്ച് പ്രീമിയം അടയ്ക്കണം. ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നവർ മൊബൈൽ നമ്പറും ആവശ്യമായ വിവരങ്ങളും നൽകണം. പോളിസി വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ കൗണ്ടർ ജീവനക്കാർ യാത്രക്കാരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

ട്രെയിൻ അപകടത്തിലോ ഇൻഷുറൻസ് വ്യവസ്ഥകളിൽ ഉൾപ്പെടുന്ന മറ്റ് സംഭവങ്ങളിലോ മരണം സംഭവിച്ചാൽ പരമാവധി 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പൂർണ അംഗവൈകല്യത്തിനും 10 ലക്ഷം രൂപയാണ് പരിരക്ഷ. ഭാഗിക അംഗവൈകല്യത്തിന് 7.5 ലക്ഷം രൂപവരെയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നാൽ രണ്ട് ലക്ഷം രൂപവരെയും ലഭിക്കും.

നിലവിലെ ഐആർസിടിസി ഇൻഷുറൻസ് പദ്ധതിയിലെ വ്യവസ്ഥകളാണ് കൗണ്ടർ ടിക്കറ്റുകൾക്കും ബാധകമാകുക. കൺഫേംഡ്, ആർഎസി, ഭാഗികമായി കൺഫേം ചെയ്ത റിസർവേഷൻ ടിക്കറ്റുകളുള്ള ഇന്ത്യൻ പൗരന്മാർക്കാണ് പരിരക്ഷ. ജനറൽ ടിക്കറ്റുകൾക്ക് ഇൻഷുറൻസ് ലഭിക്കില്ല. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആനുകൂല്യമില്ല. അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് പരിരക്ഷ ലഭിക്കും.

ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷയുടെ കാര്യത്തിൽ വ്യത്യസ്ത പരിഗണന നൽകുന്നതെന്തിനെന്ന് സുപ്രീംകോടതി റെയിൽവേയോട് ചോദിച്ചിരുന്നു. കൗണ്ടർ ടിക്കറ്റെടുക്കുന്ന സാധാരണ യാത്രക്കാർക്കും പരിരക്ഷ ഉറപ്പാക്കാൻ ചട്ടക്കൂട് തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ റെയിൽവേ പ്രതികരിക്കാത്തതിനെത്തുടർന്ന് മറുപടിക്കായി കാത്തുനിൽക്കാതെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ റെയിൽവേ ബോർഡ് ചെയർമാനും അംഗങ്ങൾക്കും വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്തി നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

റെയിൽവേ യാത്രക്കാരുടെ സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും സംബന്ധിച്ച ഹർജികളിലൊന്നിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here