Home Blog Page 774

തലവനായി ‘തല’യെണ്ണൽ തുടങ്ങി, കെ.സിക്കായി കെ സുധാകരൻ കത്ത് നൽകി? ലീഗിൻ്റെ പിന്തുണ വിഡിയ്ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാരിൻ്റെ തലവനെ തീരുമാനിക്കാൻ എം എൽ എ മാരുടെ തലയെണ്ണൽ തുടങ്ങി.ഇന്നലെ കേരളത്തിലെത്തിയഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഹോട്ടൽ ലിൽ നിന്ന് ഇന്ദിരാഭവനിൽ രാവിലെ 11 മണിയോടെ എത്തി ചേർന്നു.നിയുക്ത എം എൽ എ മാർ പാർട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.നിയമ സഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നു. 63 കോൺഗ്രസ് എംഎൽഎമാരാണ് യോഗത്തിനെത്തിയത്.
എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തേടും. വൈകിട്ട് 4.30ന് ലീഗ് നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ എ ഐ സി സിക്ക് കത്ത് നൽകിയതായ വിവരവും പുറത്ത് വരുന്നു.

മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവരുടെ പേരുകളും ശക്തമായി ഉയരുന്നുണ്ട്. സംഘടനാ മികവ് പരിഗണിച്ച് കെ.സി. വേണുഗോപാലിനെ മുൻനിർത്താൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, പൊതുസമ്മതിയും ഭരണവിരുദ്ധ പോരാട്ടങ്ങളിലെ മികവും വി.ഡി. സതീശന് തുണയാകുമെന്നാണ് അനുയായികളുടെ വാദം. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ഈ തീരുമാനത്തിൽ നിർണ്ണായകമാകും.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ചയോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാക്കളുമായി നേരിട്ട് സംസാരിച്ച ശേഷം പ്രഖ്യാപനമുണ്ടായേക്കും.

പഹൽഗാം ഭീകര ആക്രമണത്തിന് ഇന്ന് ഒരാണ്ട്

ന്യൂ ഡെൽഹി :പഹൽഗാം ഭീകര ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന് ഇന്നേക്ക് ഒരു വർഷം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഇതിന് മറുപടിയായിരുന്നു ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമ ആക്രമണങ്ങൾ നടത്തിയത്.

ഏപ്രിൽ 22നായിരുന്നു ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടാകുന്നത്. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബെയ്‌സറൺ താഴ്വരയിൽ ഭീകരരുടെ ആക്രമണത്തിൽ 26 പേരുടെ ജീവനാണ് പൊലിഞ്ഞത്. സുരക്ഷ വീഴ്ചയിൽ മോദിസർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നു. പിന്നാലെയായിരുന്നു ഓപ്പറേഷൻ സിന്ദൂരിലൂടെ തിരിച്ചടി. അതിർത്തി കടന്നു നടത്തിയ ഓപ്പറേഷനിലൂടെ പാക്‌ അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത്‌ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർക്കുകയായിരുന്നു.

തീവ്രവാദിയായ മസൂദ്‌ അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരരാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിങ് എന്നീ വനിത സൈനികർ ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചു. എന്നാൽ അവർക്കെതിരെ വലിയ വിദ്വേഷ ആക്രമണമാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ പാക് സംഘർഷം രൂക്ഷമായി. ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദിജല കരാർ റദ്ദാക്കി. പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ചു ഇന്ത്യൻ ബേസുകൾ തകർക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായ മൂന്ന് ദിവസമാണ് ഇന്ത്യ പാക്ക് അതിർത്തി സംഘർഷഭരിതമായത്. കര, നാവിക, വ്യോമ സേനകൾ ഒന്നിച്ചുള്ള നീക്കങ്ങൾ. രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിൽ കംപ്ലീറ്റ് ബ്ലാക്കൗട്ടിലേക്ക് നീങ്ങി.

യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിക്ക് ഒടുവിൽ മെയ് 10ന് വൈകിട്ടോടെ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലേക്കെത്തുകയായിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഒഴിവാക്കി എന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം വലിയ വിമർശനങ്ങൾക്ക് കാരണമായി. രാജ്യത്തിന്റെ ആഭ്യന്തര തീരുമാനങ്ങളിലുള്ള ട്രംപിൻ്റെ ഇടപെടലുകളിൽ പ്രധാനമന്ത്രി ഇതുവരെ മറുപടി പറയാൻ തയ്യാറായിട്ടില്ല. എന്നാൽ പഹൽഗാം ആക്രമണത്തിന് ശേഷവും രാജ്യതലസ്ഥാനത്ത് വീണ്ടും ഭീകരാക്രമണം ഉണ്ടായി. കേന്ദ്രത്തിന്റെ സുരക്ഷ വീഴ്ചകൾ വീണ്ടും ചർച്ചയാകുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിന് ഒരു വയസ് കൂടി തികയുന്നത്.

‘ഓടുന്ന വണ്ടിയില്‍ ഓടരുത്,കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍

കൊച്ചി: കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. സ്വന്തം മണ്ഡലമായ പറവൂരില്‍ റോഡ് ഷോ നടത്തി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കാനായി എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.

‘ഓടുന്ന വണ്ടിയില്‍ ഓടരുത്. ഓടുന്ന വണ്ടിയില്‍ കിടന്ന് ഓടിയാല്‍ എത്തില്ലല്ലോ. ഓടുന്ന വണ്ടിയില്‍ സമാധാനമായി ഇരിക്കുക. അത് നിര്‍ത്തുമ്പോള്‍ ഇറങ്ങുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകട്ടെ. കേരളത്തിന്റെ ചരിത്രത്തില്‍ എന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് ഞാന്‍ പോകുന്നത്’- മുഖ്യമന്ത്രി ചര്‍ച്ചകളോട് വി ഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തെത്തിയ സതീശന് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. തുടര്‍ന്ന് ഇന്നു രാവിലെ ആലുവ ദേശത്തുള്ള വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിയുക്ത എംഎല്‍എമാരായ ടിജെ വിനോദ്, ദീപക് ജോയ് എന്നിവര്‍ സതീശനെ വീട്ടിലെത്തി കാണുകയും ചെയ്തു. അതിനു ശേഷം രാവിലെ 11 മണിയോടെ പറവൂരിലെ ക്യാമ്പ് ഓഫീസിലെത്തിയ സതീശന്‍ അവിടെയും പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് 3.30ന് വരാപ്പുഴയില്‍ നിന്ന് പറവൂരിലേക്കായിരുന്നു സതീശന്റെ വാഹനപ്രചരണ ജാഥ.

ജനങ്ങളുടെ വികാരം യുഡിഎഫിന് അനുകൂലമായിരുന്നു എന്നും അത് അവരുടെ പ്രതികരണത്തില്‍ നിന്ന് മനസിലായതുകൊണ്ടാണ് യുഡിഎഫിന് വന്‍ വിജയം ലഭിക്കുമെന്ന് താന്‍ പറഞ്ഞതെന്നും സതീശന്‍ പ്രതികരിച്ചു. ’80നും 90നും ഇടയില്‍ സീറ്റുകള്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു. 15 സീറ്റുകള്‍ കടുത്ത മത്സരം നടക്കുന്നവയായി എഴുതി വച്ചിരുന്നു. അതില്‍ 13 സീറ്റുകള്‍ ജയിച്ചു. കോന്നി, മണലൂര്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. അല്ലാതെ കൊട്ടക്കണക്കല്ല പറഞ്ഞത്’- സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും തര്‍ക്കമില്ലാതെ തീരുമാനം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു.

‘കോണ്‍ഗ്രസ് നേതൃത്വം എന്നെ ഏല്‍പ്പിച്ച ദൗത്യം 41 സീറ്റുമായി പരാജയപ്പെട്ട്, തകര്‍ന്നു തരിപ്പണമായി കിടക്കുന്ന അവസ്ഥയില്‍ പാര്‍ട്ടിയെ ജയിപ്പിച്ചു കൊണ്ടുവരണം എന്നാണ്. ഞാന്‍ അതിന് നേതൃത്വം കൊടുക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു എന്നത് സത്യമാണ്. സീറ്റുകള്‍ 41ല്‍ നിന്നും 102ല്‍ എത്തി. 21 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് 63 ആക്കി. കേരളത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ തെരഞ്ഞെടുപ്പാണിത്. എന്നെ ഏല്‍പ്പിച്ച ദൗത്യം അത് ഏല്‍പ്പിച്ചവര്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഭംഗിയായി പൂര്‍ത്തിയാക്കി. കേരള ചരിത്രത്തില്‍ എന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് ഞാന്‍ പോകുന്നത്’- സതീശന്‍ പറഞ്ഞു.

സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു

പത്തനംതിട്ട: സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു. റാന്നി വയ്യാറ്റുപുഴ വല്യാന്റുപറമ്പില്‍ സോനു തോമസിനാണ് (28) കടിയേറ്റത്. സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പാണ് യുവതിയെ കടിച്ചത്.

കഴിഞ്ഞദിവസം രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ സ്‌കാനിങ് സെന്ററില്‍ ജോലിക്കു പോകുന്നതിനിടെയാണ് കയ്യില്‍ എന്തോ കുത്തിയതായി സോനുവിന് തോന്നിയത്. സ്‌കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് പാമ്പിന്റെ തല ഉയര്‍ന്നു വരുന്നതു കണ്ടത്.

കയ്യില്‍ നോക്കിയപ്പോള്‍ ചോര പൊടിയുന്നതു കണ്ടു. ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സോനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ചത് അണലിയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും സോനു പറഞ്ഞു.

ചേര്‍ത്തലയില്‍ മജിസ്‌ട്രേറ്റിനെ പാമ്പുകടിച്ചു

ചേര്‍ത്തല: ചേര്‍ത്തലയില്‍ മജിസ്‌ട്രേറ്റിനെ പാമ്പുകടിച്ചു. ചേര്‍ത്തല മുന്‍സിഫ് മജിസ്‌ട്രേറ്റ് റോവിന്‍ റോട്രിഗ്‌സിനാണ് പാമ്പുകടിയേറ്റത്. ചേര്‍ത്തല കോടതിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ചൊവ്വ രാത്രിയാണ് പാമ്പുകടിയേറ്റത്. ഉടന്‍തന്നെ ചേര്‍ത്തലയിലെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോടതി കെട്ടിടത്തിനടുത്ത് തന്നെയാണ് മജിസ്‌ട്രേറ്റ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സുള്ളത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.

പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വച്ച് ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ചന്ദ്രനാഥ് രഥിന് നേരെ അക്രമികൾ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണ് കൊലപാതകം.

ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിന് നേരെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ രഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രഥിന്റെ ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്. ഇയാളെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ ചന്ദ്രനാഥ് രഥിന്റെ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ നെഞ്ചിൽ ഒന്നിലധികം വെടിയുണ്ടകളേറ്റതായി ഡോക്ടർ പറഞ്ഞു.


വയറിലും വെടിയേറ്റതായി ഡോക്ടർമാർ പറഞ്ഞു. അക്രമികൾ രഥിന്റെ കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിവയ്ക്കുകയും ആക്രമണം നടത്തിയ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പന്നിയാർ പുഴ കയ്യേറിയവരെ ഒഴിപ്പിക്കും…. പ്രദേശത്ത് സംഘർഷ സാധ്യത

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറിയവരെ ഒഴിപ്പിക്കും. 29 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ ഡിവൈഎസ്‍പിയുടെ അഞ്ഞൂറോളം പൊലീസുകാർ സ്ഥലത്തെത്തി. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങൾ പൊളിച്ച് നീക്കും. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ- 2026 മേയ് 7

പത്രം മലയാള ദിനപത്രങ്ങളിലൂടെ- 2026 മേയ് 7

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മേയ് 7, വ്യാഴം | 1201 മേടം 24, പൂരാടം

വാർത്തകൾ തയ്യാറാക്കിയത് :രജനീഷ് മൈനാഗപ്പള്ളി

സിപിഎം വോട്ട് ചോർച്ച: താഴെത്തട്ടിൽ ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം

തോല്‍വിയെക്കുറിച്ച് സഖാക്കള്‍ക്കു നിര്‍ഭയമായി അഭിപ്രായം പറയാന്‍ അവസരം ഒരുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി ഘടകങ്ങളേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടിയെടുക്കും. പാര്‍ട്ടി അണികളിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച, കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍, സംഘടനാ വീഴ്ച എന്നിവയാണു പരാജയകാരണമെന്നാണു വിലയിരുത്തല്‍. സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇറങ്ങിപ്പോയി.

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസ് നിരീക്ഷകർ തലസ്ഥാനത്തെത്തി

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് ഇന്നു രാവിലെ പത്തരയ്ക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുക്കും. നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്ന് അജയ് മാക്കന്‍ അറിയിച്ചു.

ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി

ദേശീയഗാനമായ ‘ജനഗണമന’യ്ക്കു തുല്യമായ പദവി ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

ബംഗാളിൽ സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുഖ്യമന്ത്രിയാകാനിരിക്കുന്ന സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്ര നാഥ് രഥ് മധ്യംഗ്രാമില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിനെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു.

പിണറായി പ്രതിപക്ഷ നേതാവാകേണ്ടെന്ന് സിപിഐ

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു പിണറായി വിജയന്‍ വേണ്ടെന്നു സിപിഐ നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആള്‍ വരണമെന്നും പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം.

കാരായി രാജന് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ കോടതി അനുമതി

ഫസല്‍ വധക്കേസിലെ വിചാരണയ്ക്കു ഹാജരാകുന്നതില്‍ നിന്ന് തലശ്ശേരിയിലെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജന് സിബിഐ കോടതി അവധി നല്‍കി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷ പരിഗണിച്ചാണിത്.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് വി.ഡി. സതീശന്റെ പ്രതികരണം

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ കയറരുതെന്നും ഓടുന്ന വണ്ടിയില്‍ സമാധാനമായി ഇരിക്കുകയാണു വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി ചര്‍ച്ചയോടുള്ള ചോദ്യത്തിനാണ് വി.ഡി. സതീശന്റെ ഈ പ്രതികരണം.

ഷിബു ബേബി ജോൺ ആർഎസ്പി മന്ത്രിയാകും

ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു.

സിപിഎമ്മുകാർ ബിജെപിക്ക് വോട്ട് ചെയ്തു: തോട്ടത്തിൽ രവീന്ദ്രൻ

സിപിഎമ്മുകാര്‍ ബിജെപിക്ക് വോട്ടു ചെയ്തെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സിപിഎം സ്ഥാനാര്‍ഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍. ഈ പോക്കാണെങ്കില്‍ സംസ്ഥാനത്ത് ബിജെപി കൂടുതല്‍ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിനോദിനി ബാലകൃഷ്ണന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

യുഡിഎഫില്‍ മല്‍സരിച്ചു ജയിച്ച ടി.കെ ഗോവിന്ദനെ വര്‍ഗവഞ്ചകനെന്ന് വിളിക്കില്ലെന്നും, താന്‍ ആര്‍ക്കും അടിമയല്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയോട് ഇഷ്ടമുളളവര്‍ വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ജി സുധാകരൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ജി സുധാകരന്‍ കുടുംബസമേതം സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് ഈ മണ്ഡപം.

തൃശൂർ വിട്ടുപോകില്ലെന്ന് പത്മജ വേണുഗോപാൽ

രാഷ്ട്രീയത്തിന്റെ പേരില്‍ തന്നെ വെറുക്കരുതെന്നും ചീത്ത പറയരുതെന്നും തൃശൂരില്‍ തോറ്റ ബിജെപി സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. താന്‍ ഒരു സാധാരണ മനസ്സുള്ള സ്ത്രീയാണെന്നും തൃശൂരില്‍ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: തുറന്ന കത്ത്

ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത് പുതിയ മുഖ്യമന്ത്രിയുടെ യാത്രയെന്ന അഭ്യര്‍ത്ഥനയുമായി ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ് രംഗത്തെത്തി. ട്രാഫിക് ലൈറ്റുകള്‍ ഓഫ് ചെയ്യുന്ന പതിവ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

അബ്ദുൽ ഷുക്കൂർ സിപിഎമ്മിൽ നിന്ന് രാജിവച്ചു

സിപിഎം പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ജില്ലാ സെക്രട്ടി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തില്‍ തര്‍ക്കമുണ്ടായതിനു പിറകേയാണിത്.

സുനിത വധക്കേസ്: പ്രതിക്കായി തിരച്ചിൽ

കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ജയിലില്‍ ലഭിച്ച സൗകര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ സുനിത കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി ദീപക് കൃഷ്ണയെ പോലീസ് തെരയുന്നു. ബംഗളൂരുവില്‍ മര്‍ദ്ദനമേറ്റ സുനിത ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൊലക്കേസ് പ്രതി അതുൽ സത്യന് ജീവപര്യന്തം

റാന്നിയിലെ കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസില്‍ പ്രതി അതുല്‍ സത്യന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. 2023 ജൂണ്‍ 24 നായിരുന്നു കൊലപാതകം നടന്നത്.

ചെറുതുരുത്തിയിൽ പേവിഷബാധയേറ്റ് ഏഴുവയസ്സുകാരി മരിച്ചു

ചെറുതുരുത്തിയില്‍ പേ വിഷബാധയേറ്റ് ഏഴുവയസുകാരി സന്‍ഹ മെഹ്റിന്‍ മരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സന്‍ഹ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ചേർത്തല മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു

ചേര്‍ത്തല മുന്‍സിഫ് മജിസ്‌ട്രേറ്റ് റോബിന്‍ റോഡ്രിഗ്സിനു ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പാമ്പുകടിയേറ്റു. കോടതിക്ക് സമീപമുള്ള ക്വാര്‍ട്ടേഴ്‌സിലാണു സംഭവം നടന്നത്.

തമിഴ്നാട് രാഷ്ട്രീയം: വിജയിനോട് പിന്തുണക്കത്ത് ഹാജരാക്കാൻ ഗവർണർ

തമിഴ്നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വിജയ് 118 പേരുടെ പിന്തുണ ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് വിജയ് അറിയിച്ചിട്ടുള്ളത്. അതിനിടെ ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ ഡിഎംകെയും എഐഎഡിഎംകെയും ചർച്ചകൾ ആരംഭിച്ചു.

ഇറാൻ കപ്പലിന് നേരെ അമേരിക്കൻ ആക്രമണം

ഇറാന്‍ പതാക വഹിക്കുന്ന എംടി ഹസ്ന എന്ന കപ്പലിനു നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തി. കപ്പല്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ആക്രമണമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഐപിഎൽ: ഹൈദരാബാദിന് കൂറ്റൻ ജയം

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 33 റണ്‍സിന്റെ വിജയം. 236 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പഞ്ചാബിന് 202 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

അദാനി പോർട്സ് ഓഹരികൾ വിറ്റഴിച്ച് പ്രൊമോട്ടർമാർ

അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ രണ്ട് ശതമാനത്തോളം ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം വിറ്റഴിച്ചു. 7,486.20 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് നടന്നത്.

സിനിമ വാർത്തകൾ: ‘അതിരടി’, ‘കറുപ്പ്’ ചിത്രങ്ങൾ റിലീസിന്

ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവരുടെ ‘അതിരടി’ മേയ് 14-ന് റിലീസ് ചെയ്യും. സൂര്യ നായകനാകുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങി. ആർ.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹീറ്റ് സ്ട്രോക്ക് ജാഗ്രത നിർദ്ദേശം

ചൂട് കഠിനമായതോടെ ഹീറ്റ് സ്ട്രോക്ക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍. മതിയായ വെള്ളം കുടിക്കുകയും ശരീരം തണുപ്പിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും വേണം.

‘എല്ലാവർക്കും പറയാനുള്ളത് കേൾക്കും’, മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമെന്ന് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേർത്ത് പാർട്ടി അംഗങ്ങൾക്കും എല്ലാവർക്കും പറയാനുള്ളത് കേൾക്കുമെന്നും തിരുത്തൽ വരുത്തി തിരിച്ചുവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 37.6 ശതമാനം വോട്ട് കിട്ടി. താരതമ്യേന കുറഞ്ഞ വോട്ടിംഗ്‌ ശതമാനമാണിത്. 2019ലെ തിരഞ്ഞെടുപ്പിൽ 35.1 ശതമാനവും 2024ൽ 35.29 ശതമാനവുമാണ് വോട്ട് ലഭിച്ചത്. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രാഥമിക പരിശോധന മാത്രമാണ് നടത്തുന്നത്. മേയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് എല്ലാ അംഗങ്ങൾക്കും പറയാനുള്ളത് കേൾക്കാനാണ് ആലോചിക്കുന്നത്. പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ സാധിക്കണം.

ഇത്തരത്തിൽ എല്ലാ ഘടകങ്ങളുടെയും യോഗം ചേർന്നാകും പാർട്ടി തിരഞ്ഞെടുപ്പ് റിവ്യു തയ്യാറാക്കുക. ഇതിന് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം മുഖവിലക്കെടുക്കും. എല്ലാവിധ തിരുത്തലും വരുത്തി പാർട്ടി മുന്നേറും. എം വി ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പറഞ്ഞുവച്ചതല്ലാതെ മാദ്ധ്യമങ്ങൾ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം നൽകാതെ അദ്ദേഹം അതിവേഗം വാർത്താസമ്മേളനം പൂർത്തിയാക്കി മടങ്ങുകയാണ് ഉണ്ടായത്. ആരാണ് പ്രതിപക്ഷ നേതാവ് എന്നതിന്റെ ഒരു സൂചനയും അദ്ദേഹം നൽകിയില്ല.

കെ.സി വേണുഗോപാലിനെയും വി.ഡി സതീശനെയും അനുകൂലിച്ച് കുന്നത്തൂരിലും ഫ്ലക്സ് ബോർഡുകൾ

കുന്നത്തൂർ:കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്കും ഗ്രൂപ്പ് പോരുകൾക്കും ആവേശം പകർന്ന് കുന്നത്തൂരിൽ കെ.സി വേണുഗോപാലിന് അനുകൂലമായി വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.”കേരളം കെ.സി നയിക്കും” എന്ന തലക്കെട്ടോടെയാണ് കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.ഭരണിക്കാവ്, ചക്കുവള്ളി,പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെ 15ഓളം കേന്ദ്രങ്ങളിലാണ് കെ.സി അനുകൂല ബോർഡുകൾ.ഭരണിക്കാവ് കോൺഗ്രസ് ഭവന്റെ മുന്നിലും ബോർഡുകൾ ഉയർന്നിട്ടുണ്ട്.ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നീക്കമെന്നാണ് പ്രാഥമിക വിവരം.ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്ന കേരള രാഷ്ട്രീയത്തിൽ,കൊല്ലത്തെ ഈ ഫ്ലക്സ് യുദ്ധം പാർട്ടി നേതൃത്വത്തിന് പുതിയ തലവേദനയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.കെ.സി ഗ്രൂപ്പിൻ്റെ പേരിൽ രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളും താലൂക്കിൽ സജീവമാണ്.ഒരു നേതാവിൻ്റെ പേരിൽ മുൻതൂക്കം ലഭിക്കാൻ നേതാക്കൾ തമ്മിൽ നടത്തുന്ന പോരാട്ടമാണ് ഇത് സൂചിപ്പിക്കുന്നത്.അതിനിടെ പ്രതിപക്ഷ  നേതാവ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോർഡുകൾ മൺറോതുരുത്തിൽ വ്യാപകമായി കാണാം.”നമ്മെ നയിച്ചവൻ നാടു ഭരിക്കട്ടെ,നോക്ക് കൂലി കോൺഗ്രസിനില്ല” എന്ന ക്യാപ്ഷനോടു കൂടിയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള ഫ്ലക്സിൽ ഇല്ലെങ്കിൽ അണികൾ തിരുത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.