Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ- 2026 മേയ് 7

പത്രം മലയാള ദിനപത്രങ്ങളിലൂടെ- 2026 മേയ് 7

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ- 2026 മേയ് 7

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മേയ് 7, വ്യാഴം | 1201 മേടം 24, പൂരാടം

വാർത്തകൾ തയ്യാറാക്കിയത് :രജനീഷ് മൈനാഗപ്പള്ളി

സിപിഎം വോട്ട് ചോർച്ച: താഴെത്തട്ടിൽ ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം

തോല്‍വിയെക്കുറിച്ച് സഖാക്കള്‍ക്കു നിര്‍ഭയമായി അഭിപ്രായം പറയാന്‍ അവസരം ഒരുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി ഘടകങ്ങളേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടിയെടുക്കും. പാര്‍ട്ടി അണികളിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച, കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍, സംഘടനാ വീഴ്ച എന്നിവയാണു പരാജയകാരണമെന്നാണു വിലയിരുത്തല്‍. സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇറങ്ങിപ്പോയി.

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസ് നിരീക്ഷകർ തലസ്ഥാനത്തെത്തി

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് ഇന്നു രാവിലെ പത്തരയ്ക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുക്കും. നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്ന് അജയ് മാക്കന്‍ അറിയിച്ചു.

ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി

ദേശീയഗാനമായ ‘ജനഗണമന’യ്ക്കു തുല്യമായ പദവി ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

ബംഗാളിൽ സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുഖ്യമന്ത്രിയാകാനിരിക്കുന്ന സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്ര നാഥ് രഥ് മധ്യംഗ്രാമില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിനെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു.

പിണറായി പ്രതിപക്ഷ നേതാവാകേണ്ടെന്ന് സിപിഐ

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു പിണറായി വിജയന്‍ വേണ്ടെന്നു സിപിഐ നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആള്‍ വരണമെന്നും പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം.

കാരായി രാജന് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ കോടതി അനുമതി

ഫസല്‍ വധക്കേസിലെ വിചാരണയ്ക്കു ഹാജരാകുന്നതില്‍ നിന്ന് തലശ്ശേരിയിലെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജന് സിബിഐ കോടതി അവധി നല്‍കി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷ പരിഗണിച്ചാണിത്.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് വി.ഡി. സതീശന്റെ പ്രതികരണം

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ കയറരുതെന്നും ഓടുന്ന വണ്ടിയില്‍ സമാധാനമായി ഇരിക്കുകയാണു വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി ചര്‍ച്ചയോടുള്ള ചോദ്യത്തിനാണ് വി.ഡി. സതീശന്റെ ഈ പ്രതികരണം.

ഷിബു ബേബി ജോൺ ആർഎസ്പി മന്ത്രിയാകും

ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു.

സിപിഎമ്മുകാർ ബിജെപിക്ക് വോട്ട് ചെയ്തു: തോട്ടത്തിൽ രവീന്ദ്രൻ

സിപിഎമ്മുകാര്‍ ബിജെപിക്ക് വോട്ടു ചെയ്തെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സിപിഎം സ്ഥാനാര്‍ഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍. ഈ പോക്കാണെങ്കില്‍ സംസ്ഥാനത്ത് ബിജെപി കൂടുതല്‍ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിനോദിനി ബാലകൃഷ്ണന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

യുഡിഎഫില്‍ മല്‍സരിച്ചു ജയിച്ച ടി.കെ ഗോവിന്ദനെ വര്‍ഗവഞ്ചകനെന്ന് വിളിക്കില്ലെന്നും, താന്‍ ആര്‍ക്കും അടിമയല്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയോട് ഇഷ്ടമുളളവര്‍ വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ജി സുധാകരൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ജി സുധാകരന്‍ കുടുംബസമേതം സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് ഈ മണ്ഡപം.

തൃശൂർ വിട്ടുപോകില്ലെന്ന് പത്മജ വേണുഗോപാൽ

രാഷ്ട്രീയത്തിന്റെ പേരില്‍ തന്നെ വെറുക്കരുതെന്നും ചീത്ത പറയരുതെന്നും തൃശൂരില്‍ തോറ്റ ബിജെപി സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. താന്‍ ഒരു സാധാരണ മനസ്സുള്ള സ്ത്രീയാണെന്നും തൃശൂരില്‍ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: തുറന്ന കത്ത്

ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത് പുതിയ മുഖ്യമന്ത്രിയുടെ യാത്രയെന്ന അഭ്യര്‍ത്ഥനയുമായി ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ് രംഗത്തെത്തി. ട്രാഫിക് ലൈറ്റുകള്‍ ഓഫ് ചെയ്യുന്ന പതിവ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

അബ്ദുൽ ഷുക്കൂർ സിപിഎമ്മിൽ നിന്ന് രാജിവച്ചു

സിപിഎം പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ജില്ലാ സെക്രട്ടി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തില്‍ തര്‍ക്കമുണ്ടായതിനു പിറകേയാണിത്.

സുനിത വധക്കേസ്: പ്രതിക്കായി തിരച്ചിൽ

കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ജയിലില്‍ ലഭിച്ച സൗകര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ സുനിത കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി ദീപക് കൃഷ്ണയെ പോലീസ് തെരയുന്നു. ബംഗളൂരുവില്‍ മര്‍ദ്ദനമേറ്റ സുനിത ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൊലക്കേസ് പ്രതി അതുൽ സത്യന് ജീവപര്യന്തം

റാന്നിയിലെ കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസില്‍ പ്രതി അതുല്‍ സത്യന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. 2023 ജൂണ്‍ 24 നായിരുന്നു കൊലപാതകം നടന്നത്.

ചെറുതുരുത്തിയിൽ പേവിഷബാധയേറ്റ് ഏഴുവയസ്സുകാരി മരിച്ചു

ചെറുതുരുത്തിയില്‍ പേ വിഷബാധയേറ്റ് ഏഴുവയസുകാരി സന്‍ഹ മെഹ്റിന്‍ മരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സന്‍ഹ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ചേർത്തല മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു

ചേര്‍ത്തല മുന്‍സിഫ് മജിസ്‌ട്രേറ്റ് റോബിന്‍ റോഡ്രിഗ്സിനു ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പാമ്പുകടിയേറ്റു. കോടതിക്ക് സമീപമുള്ള ക്വാര്‍ട്ടേഴ്‌സിലാണു സംഭവം നടന്നത്.

തമിഴ്നാട് രാഷ്ട്രീയം: വിജയിനോട് പിന്തുണക്കത്ത് ഹാജരാക്കാൻ ഗവർണർ

തമിഴ്നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വിജയ് 118 പേരുടെ പിന്തുണ ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് വിജയ് അറിയിച്ചിട്ടുള്ളത്. അതിനിടെ ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ ഡിഎംകെയും എഐഎഡിഎംകെയും ചർച്ചകൾ ആരംഭിച്ചു.

ഇറാൻ കപ്പലിന് നേരെ അമേരിക്കൻ ആക്രമണം

ഇറാന്‍ പതാക വഹിക്കുന്ന എംടി ഹസ്ന എന്ന കപ്പലിനു നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തി. കപ്പല്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ആക്രമണമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഐപിഎൽ: ഹൈദരാബാദിന് കൂറ്റൻ ജയം

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 33 റണ്‍സിന്റെ വിജയം. 236 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പഞ്ചാബിന് 202 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

അദാനി പോർട്സ് ഓഹരികൾ വിറ്റഴിച്ച് പ്രൊമോട്ടർമാർ

അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ രണ്ട് ശതമാനത്തോളം ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം വിറ്റഴിച്ചു. 7,486.20 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് നടന്നത്.

സിനിമ വാർത്തകൾ: ‘അതിരടി’, ‘കറുപ്പ്’ ചിത്രങ്ങൾ റിലീസിന്

ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവരുടെ ‘അതിരടി’ മേയ് 14-ന് റിലീസ് ചെയ്യും. സൂര്യ നായകനാകുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങി. ആർ.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹീറ്റ് സ്ട്രോക്ക് ജാഗ്രത നിർദ്ദേശം

ചൂട് കഠിനമായതോടെ ഹീറ്റ് സ്ട്രോക്ക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍. മതിയായ വെള്ളം കുടിക്കുകയും ശരീരം തണുപ്പിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും വേണം.

Advertisement