തിരുവനന്തപുരം: പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിൽ ചെയർമാൻ എം.ആർ. ബൈജുവും പ്രതിപ്പട്ടികയിലേക്ക്. പിഎസ്സി അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ പ്രതിചേർക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകാം അന്തിമ തീരുമാനം. ആസൂത്രണ ബോർഡ് പരീക്ഷാത്തട്ടിപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിനെതിരെ അഡീഷണൽ സെക്രട്ടറി ആർ. ഹരി മൊഴി നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. പിഎസ്സി ചെയർമാനെതിരായ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ അദ്ദേഹത്തെ പുറത്താക്കണമെന്ന മുൻ ഗവർണറുടെ ശിപാർശയും സ്ഥാപനത്തിൽ ശുദ്ധീകരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും ചർച്ചയാകുകയാണ്.
ഇതിനിടെയാണ് പരീക്ഷാത്തട്ടിപ്പ് കേസിൽ ചെയർമാനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം നടത്തുന്നത്. ചോദ്യപേപ്പർ തയാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നത് ചെയർമാനാണെന്നും എഴുത്തുപരീക്ഷയുടെ മൂല്യനിർണയം നടത്തുന്നവരെ തീരുമാനിക്കുന്നതിലും അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നുമാണ് ചില പിഎസ്സി അംഗങ്ങളും സെക്രട്ടറിയും അന്വേഷണസംഘത്തിന് നൽകിയ മൊഴി.
നിർണായകമായ പല തീരുമാനങ്ങളും കൂട്ടായ ആലോചനയില്ലാതെ സെക്രട്ടറിയെപ്പോലും അറിയിക്കാതെ ചെയർമാൻ സ്വന്തം നിലയ്ക്ക് എടുത്തിരുന്നുവെന്നും മൊഴികളിലുണ്ട്. ചെയർമാനും കേസിൽ അറസ്റ്റിലായ ആർ. ഹരിയും തമ്മിലുള്ള ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇതോടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെയർമാന് നോട്ടീസ് നൽകാനാണ് അന്വേഷണസംഘത്തി തീരുമാനം.


































