27.7 C
Kollam
Monday 21st September, 2026 | 04:21:18 PM
Home News National പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വച്ച് ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ചന്ദ്രനാഥ് രഥിന് നേരെ അക്രമികൾ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണ് കൊലപാതകം.

ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിന് നേരെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ രഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രഥിന്റെ ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്. ഇയാളെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ ചന്ദ്രനാഥ് രഥിന്റെ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ നെഞ്ചിൽ ഒന്നിലധികം വെടിയുണ്ടകളേറ്റതായി ഡോക്ടർ പറഞ്ഞു.


വയറിലും വെടിയേറ്റതായി ഡോക്ടർമാർ പറഞ്ഞു. അക്രമികൾ രഥിന്റെ കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിവയ്ക്കുകയും ആക്രമണം നടത്തിയ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.