Home Blog Page 745

വിഡി സതീശന്റെ കൈ പിടിച്ച് സ്വീകരിച്ച് പിണറായി വിജയന്‍,മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും മാറ്റില്ലെന്ന് സതീശന്‍

തിരുവനന്തപുരം: സിപിഎം നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായിയയുടെ വാടകവീട്ടിലാണ് വിഡി സതീശന്‍ എത്തിയത്. വീടിന്റെ പൂമുഖത്തേക്കിറങ്ങി വന്ന് പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും ചേര്‍ന്ന് വിഡി സതീശനെ സ്വീകരിച്ചു.

തുടര്‍ന്ന് സതീശന്റെ കൈപിടിച്ച് പിണറായി വിജയന്‍ മുറിക്കുള്ളിലേക്ക് പോയി. ഓഫീസ് മുറിയിലിരുന്ന് ചായ കുടിച്ചുകൊണ്ട് വിഡി സതീശനും പിണറായി വിജയനും ചര്‍ച്ച നടത്തി. ഭരണപ്രതിപക്ഷ നിരകളിലിരുന്ന് പരസ്പരം ഏറ്റുമുട്ടിയ രണ്ടു നേതാക്കളുടെ ഹൃദ്യമായ സമാഗമത്തിനാണ് വീട് സാക്ഷിയായത്. പിണറായിയുടെ കുടുംബാംഗങ്ങള്‍ക്ക് പുറമെ, മുന്‍എംഎല്‍എ വി കെ പ്രശാന്ത് അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.

കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും മാറ്റില്ല. വിവാദമായ പദ്ധതികളില്‍ മാത്രം മാറ്റമുണ്ടായേക്കാമെന്നും വിഡി സതീശന്‍ സൂചിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ വീട്ടിലെത്തി കണ്ടശേഷമാണ് വിഡി സതീശന്‍ പിണറായി വിജയന്റെ വീട്ടിലെത്തിയത്. രാവിലെ മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ വീട്ടിലും സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു.

യുപിയിലുണ്ടായ അപ്രതീക്ഷിത കൊടുങ്കാറ്റിലും കനത്ത മഴയിലും മിന്നലിലുമായി മരിച്ചവരുടെ എണ്ണം 100 ആയി

ലക്നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത കൊടുങ്കാറ്റിലും കനത്ത മഴയിലും മിന്നലിലുമായി മരിച്ചവരുടെ എണ്ണം 100 ആയി. ദുരന്തത്തിൽ 53 പേർക്ക് പരിക്കേൽക്കുകയും നൂറിലധികം കന്നുകാലികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്തുടനീളം 87 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.

ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ധനസഹായം എത്തിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡിവിഷണൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ നേരിട്ട് പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ആശ്വാസ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് പ്രയാഗ്‌രാജ് ജില്ലയിലാണ്; 17 പേർ ഇവിടെ മരിച്ചു. ഭദോഹിയിൽ 16-ഉം ഫത്തേപ്പൂരിൽ ഒൻപതും പേർക്ക് ജീവൻ നഷ്ടമായി.

പ്രയാഗ്‌രാജ്: ജില്ലയിൽ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹന്ദിയ, ഫുൽപൂർ, സോറാവോൺ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ നടന്നത്.

ഭദോഹി: മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണും വീടുകൾ തകർന്നുമായി 16 പേർ മരിച്ചു.ഫത്തേപ്പൂർ: ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ ഖാഗ തെഹ്‌സിലിൽ മാത്രം അഞ്ച് സ്ത്രീകളടക്കം എട്ട് പേർ മരിച്ചു.പ്രതാപ്ഗഡ്: മതിൽ ഇടിഞ്ഞുവീണും മിന്നലേറ്റുമായി നാല് പേർ മരിച്ചു.

മറ്റ് ജില്ലകൾ: കാൺപൂർ ദേഹത്, ഡിയോറിയ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മിന്നലേറ്റും മതിലുകൾ ഇടിഞ്ഞുവീണും തകര ഷെഡ്ഡുകൾക്ക് താഴെ കുടുങ്ങിയുമാണ് പല മരണങ്ങളും സംഭവിച്ചിട്ടുള്ളത്. കൃഷിനാശത്തെക്കുറിച്ച് ഉടൻ സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ, കൃഷി വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണ്

പന്തളത്ത് മയക്കുമരുന്ന് പിടികൂടി

പന്തളം. കാറിൽ യാത്ര ചെയ്ത അടൂർ സ്വദേശികളിൽ നിന്നും 300 gm ഓളം MDMA പിടികൂടി.പന്തളം വലിയ പാലത്തിന് സമീത്ത് വെച്ചാണ് ഇവടെ പിടി കൂടിയത്.അടൂർ പാലവിളയിൽ മുഹമ്മദ് ഷാൻ 36, അടൂർ പറക്കോട് തറയിൽ വീട്ടിൽ ഷംനാദ് 36 എന്നിവരാണ് പിടിയിലായത്

പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടി കൂടിയത്.ഈറോഡിൽ നിന്നാണ് ഇവർ വന്നതെന്ന് പോലീസ്

വിതുമ്പികരഞ്ഞ് വിഡി സതീശന്‍

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാർത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങളാണ് വീട്ടിലുണ്ടായത്. ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച വി ഡി സതീശന്‍ കണ്ണു നിറഞ്ഞ് വിതുമ്പി. സുലേഖ ടീച്ചര്‍ സതീശനെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി ഡി സതീശന്‍ ആശയവിനിമയം നടത്തി.

കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താന്‍. തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും, എംഎല്‍എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് എകെ ആന്റണിയേയും കെ കരുണാകരനേയും കണ്ടു പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയന്‍. ഇതെന്റെ കുടുംബമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

‘ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരിനാഥനോട് പറയാറുണ്ട്. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. കാര്‍ത്തികേയന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ കുടുംബവും. ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും’ വിഡി സതീശന്‍ ചോദിച്ചു.

ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണുള്ളതെന്നും, അവരുടെ ചേട്ടനാണ് സതീശനെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു. നിങ്ങള്‍ക്കെല്ലാം സതീശന്‍ മുഖ്യമന്ത്രി ആയിരിക്കാം. എന്നാല്‍ എനിക്കും കാര്‍ത്തികേയന്‍ സാറിനും സതീശന്‍ ഞങ്ങളുടെ മൂത്ത മകനാണ്. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. അവന്‍ കേരളത്തിന്റെ ഭാവിയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെ പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, കേരളം എന്നെന്നും ഓര്‍ക്കുന്ന മുഖ്യമന്ത്രിയായി സതീശന്‍ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും സുലേഖ പറഞ്ഞു.

പോലീസുകാർക്കെതിരെ SFI പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട്‌. പോലീസുകാർക്കെതിരെ SFI പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ ഉൾപ്പടെ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്.സിപിഎം പാർട്ടി ഓഫീസിൽ കയറി പോലീസ് ലാത്തി വീശിയതിനെതിരയായിരുന്നു
പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം.

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ sfi നടത്തിയ പ്രതിഷേധതിനിടെയാണ് si ഉൾപ്പടെ ഉള്ള പോലീസുകാരുടെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിന്റെ കൊലവിളി മുദ്രാവാക്യം. വിപിൻ ഉൾപ്പെടെ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്..
രമേഷ് പിഷാരടിയുടെ വിജയ് ആഹ്ലാദ പരിപാടിക്കിടെ ഉണ്ടായ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പോലീസ് ലാത്തി വീശിയ നടപടിയിലായിരുന്നു SFI പ്രവർത്തകരുടെ ഭീഷണി. തങ്ങളെ തല്ലിയ പോലീസുകാരെ മറന്നിട്ടില്ലെന്നും നിങ്ങളുടെ ചോരയും ഒഴുകും എന്നുമടക്കം മുദ്രാവാക്യത്തിൽ ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ബാരിക്കെഡുകൾ അടക്കം പൊതുമുതൽ നശിപ്പിച്ചതിലും നടപടി ഉണ്ടാകും

വിഡി സതീശന്‍ എത്തുമെന്ന വിവരമറിഞ്ഞ് രമേശ് ചെന്നിത്തല വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം. നിയുക്തമുഖ്യമന്ത്രി വിഡി സതീശന്‍ എത്തുമെന്ന വിവരമറിഞ്ഞ് രമേശ് ചെന്നിത്തല വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.

ഇന്നു രാവിലെ ഗുരുവായൂര്‍ ദര്‍ശനം നടത്തി മടങ്ങിയ ചെന്നിത്തല അല്‍പംമുമ്പാണ് തിരുവനന്തപുരത്ത് വഴുതക്കാട്ടെ വീട്ടിലെത്തിയത്. ഇതിനിടെ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും വന്‍ തള്ളിക്കയറ്റം പലയിടത്തും ഉണ്ടായി. മുദ്രാവാക്യംവിളികളാല്‍ ബഹളമയമായിരുന്ന അന്തരീക്ഷത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗുരുവായൂരില്‍വച്ചുതന്നെ സതീശന് അഭിനന്ദനം അറിയിച്ച ചെന്നിത്തല അനുനയത്തിന്‍റെ വഴിയിലെന്ന് തോന്നിപ്പിച്ചിരുന്നു.

വീട്ടിലെത്തിയ ഉടനാണ് മാധ്യമങ്ങളില്‍ സതീശന്‍ ചെന്നിത്തലയെ കാണാനെത്തുന്നു എന്ന വാര്‍ത്ത വന്നത്. അതിനു പിന്നാലെയാണ് ഒരു ബന്ധുവിനെ കാണാനെന്ന പേരില്‍ ചെന്നിത്തല വീടുവിട്ടത്. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ജോസഫ് വാഴക്കന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ചെന്നിത്തല അനുനയത്തിന്‍റെ വഴിയിലല്ലെന്ന സൂചനയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

നീറ്റ് യുജി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റി വച്ച നീറ്റ് യുജി പരീക്ഷയുടെ തീയതി പുറത്ത്. പരീക്ഷ ജൂൺ 21 ന് നടക്കുമെന്ന് എൻടിഎ അറിയിച്ചു. എത്രയും വേഗം പുനഃപരീക്ഷ തീയതി പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് പരീക്ഷാ തീയതിയിൽ തീരുമാനമായത്.

പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക അപ്‌ഡേറ്റുകൾക്കും മറ്റ് വിവരങ്ങൾക്കും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും എൻ‌ടി‌എ ഉദ്യോഗാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് neet-ug@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ 011-40759000, 011-69227700 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

22 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നും പുനഃപരീക്ഷയ്ക്ക് പുതിയ രജിസ്ട്രേഷനും പരീക്ഷാ ഫീസും ആവശ്യമില്ലെന്നും എൻ‌ടി‌എ വ്യക്തമാക്കിയിരുന്നു.

മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

10 ലക്ഷം രൂപയ്ക്ക് യുജി പരീക്ഷയുടെ ചോദ്യപേപ്പർ വാങ്ങിയ  ബിഎഎംഎസ് വിദ്യാർഥി ഖൈർനാറിൻ്റെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ടെലിഗ്രാം വഴിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് 23കാരന് ദാരുണാന്ത്യം

തിരുവല്ല. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 23കാരന് ദാരുണാന്ത്യം. തിരുവല്ല വെൺപാല സ്വദേശി ഗോവിന്ദ രാജ് ആണ് മരിച്ചത്

തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗത്ത് വെച്ചായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. കോഴിക്കോട് സ്വകാര്യ കോളേജിൽ എംകോം വിദ്യാർത്ഥിയായിരുന്നു

പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ ക്യാമ്പ്, ഗ്രൂപ്പുകാരെ ജനം നേരിടുന്ന കാഴ്ചയും

തിരുവനന്തപുരം.വസ്തുതകള്‍ മനസിലാക്കാത്ത നിലയില്‍ പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ ക്യാമ്പ്.കഴിഞ്ഞ 10 ദിവസം കേരളത്തിൽ നടന്നത് കെ സി വേണുഗോപാൽ വധം ആണെന്ന് ഇവര്‍ വിലയികരുത്തുന്നു.കെ സി വേണുഗോപാലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നു.63 എംഎൽഎമാരിൽ 47 പേർ പിന്തുണച്ചത് വെറുതെയല്ല.തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് കെ സി വേണുഗോപാൽ നൽകിയ പിന്തുണയാണ് കാരണം

സോഷ്യൽ മീഡിയയിലും ചില പാർട്ടി കേന്ദ്രങ്ങളിലും കെ സി വേണുഗോപാലിനെ വേട്ടയാടി.കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിൽ കെസി വേണുഗോപാലിന്റെ വിയർപ്പിന്റെ പങ്ക് ആർക്കാണ് അവഗണിക്കാനാവുക.ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഇതിനുവേണ്ടി കൂട്ടുനിന്നു.കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ. ഇനി മന്ത്രിസഭയിലടക്കം കെസി ഗ്രൂപ്പ് ഇടപെടല്‍ തുടരുമെന്നാണ് സൂചന. കെസി ഗ്രൂപ്പിലെ ഓരോ എംഎല്‍എമാരെ തിരഞ്ഞുപിടിച്ച് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അത് ചിലര്‍ മനപൂര്‍വം ചെയ്യുന്നതാണെന്ന് അഭിപ്രായത്തിലാണ് ഗ്രൂപ്പുകാര്‍.

ക്രൗഡ് പുള്ളര്‍ ആയ ഷാഫി പറമ്പിലിനുപോലും ശക്തമായ സമൂഹമാധ്യമ ആക്രമണം നേരിടേണ്ട നിലയാണ്. ‘കേരളത്തിന്റെ, കോണ്‍ഗ്രസിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു ഷാഫി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ആളുകള്‍ കമന്റുകളുമായി എത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തിലേറെപ്പേരാണ് ഷാഫിക്കെതിരെ കമന്റുകളുമായി എത്തിയത്. ‘ഷാഫി നീ ഗ്രൂപ്പ് കളിക്ക്, 2029ല്‍ കാണാം’

‘ആരാണോ താങ്കളെ ക്രൗഡ് പുള്ളര്‍ ആക്കിയത് അവര്‍ തന്നെ താഴെ ഇരുത്തി. അധികാരം ഇന്ന് വരും നാളെ പോകും. ജനഹൃദയത്തിലെ സ്ഥാനം അത് പോയാല്‍ തിരികെ കിട്ടാന്‍ കുറച്ച് പ്രയാസപ്പെടും. ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ ഉയര്‍ത്താന്‍ ശ്രമിച്ചതിനും കൃത്യമായ കാഴ്ചപ്പാട് ഉള്ളതിനും ആണ് വിഡി സതീശനെ ജനങ്ങള്‍ നെഞ്ചേറ്റിയത്. ഗ്രൂപ്പുകളികളില്‍ പലനാള്‍ ഒറ്റക്കായിട്ടും അവസാനം ‘ഒറ്റക്ക് ഒരാള്‍’ ആയി മാറിയില്ലേ? കാലം കണക്ക് പറയും തീര്‍ച്ച’ -എന്നായിരുന്നു മറ്റൊരു കമന്റ്.

‘ഷാഫിക്ക നിങ്ങളോട് ഒരു ബഹുമാനവും ആരാധനയും ഉണ്ടായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിലെ ഉയര്‍ന്ന പദവി വഹിക്കേണ്ടിരുന്ന വ്യക്തിത്വം.നിങ്ങള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം സ്ത്രീ പുരുഷ ഭേദമന്യേ യുവജനങ്ങള്‍ ഓടി അടുക്കുമായിരുന്നു പക്ഷേ ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളില്‍ വന്ന മാറ്റം ജനങ്ങള്‍ തിരിച്ചറിഞ്ഞു നിങ്ങള്‍ക്ക് നിഷ്പക്ഷമായി നില്‍ക്കാമായിരുന്നു ഇതിപ്പോള്‍ ഒരു പക്ഷം പിടിച്ചു കൊണ്ട് നിങ്ങള്‍ക്കും നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഈ യുദ്ധം ഉണ്ടല്ലോ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ ഇല്ലാതാക്കും. നിങ്ങളെ വടകരയില്‍ വിജയിപ്പിച്ചത് ടീം യുഡിഎഫ് ആണ.് അല്ലാതെ ഈ ഗ്രൂപ്പുകാരാണോ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി നാമാവശേഷം ആയിക്കൊണ്ടിരിക്കുന്നു കാരണം ഇപ്പോള്‍ താങ്കള്‍ക്ക് പിടികിട്ടി ഇല്ലേ ഇനിയെങ്കിലും കേരള മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. ആരെയൊക്കെ ചതിച്ചിട്ടുണ്ട് അവര്‍ക്ക് കാലം മാപ്പ് കൊടുത്തിട്ടില്ല’ ഇങ്ങനെ നീളുന്നു കമന്റുകള്‍.

ജനവികാരവും കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വിഡി സതീശനെ തെരഞ്ഞെടുത്തതെന്ന് കെ മുരളീധരന്‍,ചെന്നിത്തല വരും

തൃശൂര്‍: ജനവികാരവും കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വിഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് സീനിയര്‍ നേതാക്കന്മാര്‍ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ്, ഹൈക്കമാന്‍ഡ് അന്തിമമായ തീരുമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളൊക്കെ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇത് ഇലക്ഷന് ഫീല്‍ഡിലിറങ്ങിയപ്പോള്‍ അനുഭവപ്പെട്ടിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം തന്റെ നിയോജക മണ്ഡലത്തില്‍ പോയപ്പോള്‍ വിഡി സതീശന്‍ വേണം മുഖ്യമന്ത്രിയാകേണ്ടതെന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. എല്ലാക്കാര്യങ്ങളും പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. താന്‍ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അതു നിഷേധിക്കാനൊന്നും താന്‍ മിനക്കെട്ടില്ല. അതിന്റെ അര്‍ത്ഥം നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്നാണ്. മുരളീധരന്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമോയെന്നത് ഹൈക്കമാന്‍ഡും രമേശും തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് ചെന്നിത്തല എല്ലാക്കാലത്തും ഹൈക്കമാന്‍ഡ് തീരുമാനങ്ങളെ അംഗീകരിക്കുകയും, അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഇക്കാര്യത്തിലും ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെന്നിത്തല പ്രവര്‍ത്തിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.