Home Blog Page 744

യൂത്ത് ലീഗ് വേദിയിൽ മുഖ്യാതിഥിയായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്.യൂത്ത് ലീഗ് വേദിയിൽ മുഖ്യാതിഥിയായി രാഹുൽ മാങ്കൂട്ടത്തിൽ MLA. പാലക്കാട് കല്ലടിക്കോട് നടന്ന ലീഗ് പൊതു സമ്മേളനത്തിലാണ് രാഹുൽ പങ്കെടുത്തു സംസാരിച്ചത്. ലൈംഗിക ആരോപണങ്ങൾക്ക് ശേഷം സ്വകാര്യ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് രാഹുൽ രാഷ്ട്രീയ പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. കോൺഗ്രസ് പരിപാടികളിൽ ഇതുവരെ പങ്കെടുത്തിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് രാഹുൽ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജില്ലാ നേതാക്കൾ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു

ഓപ്പറേഷൻ സിന്ദൂര്‍ പാക്കിസ്ഥാന് ഒപ്പം കോൺഗ്രസിനും ഞെട്ടൽ ഉണ്ടാക്കി , നരേന്ദ്രമോദി

പട്ന. ഓപ്പറേഷൻ സിന്ദൂര്‍ പാക്കിസ്ഥാന് ഒപ്പം കോൺഗ്രസിനും ഞെട്ടൽ ഉണ്ടാക്കി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാചകക്കസർത്ത് അല്ലാതെ ജനങ്ങൾക്കായി ഒന്നും ചെയ്യാൻ ബിജെപിക്കാവില്ലെന്ന് രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ നിലവിലെ സർക്കാറിന് ഉത്തരവാദിത്വം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.
ഓപ്പറേഷൻ സിന്ധൂർ ഇത്തവണയും കോൺഗ്രസിനെതിരെ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയും തേജസ്സി യാദവും ജംഗിൾ രാജിന് ആയാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം വിമർശിച്ചു. ട്രംപിനെയും ബിസിനസ്സുകാരെയും ആണ് മോദിക്ക് പേടിയെന്ന് രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു
മൊക്കാമയിൽ ജൻ സുരാജ് നേതാവ് ദുലാർ ചന്ദ് യാദവ് കൊല്ലപ്പെട്ട സംഭവത്തിൽ അർദ്ധരാത്രിയോടെ ജെഡിയു സ്ഥാനാർഥി ആനന്ദ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന നില തകർന്നതിൽ നിതീഷ് കുമാർ സർക്കാറിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു

സംഘർഷങ്ങളുടെ പേരിൽ എസ് പി അടക്കം ഉദ്യോഗസ്ഥരെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു.

വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷിന്റെ വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം

കാസർഗോഡ്. വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷിന്റെ വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. നീലേശ്വരം പോലീസ് ക്വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ആധാരം കുടുംബത്തിന് കൈമാറി. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വീട് നിർമ്മാണം പൂർത്തിയാക്കി നൽകാനും തീരുമാനമായിട്ടുണ്ട്.

ബേക്കൽ ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സ്ക്വാഡിൽ അംഗമായിരുന്നു കെ കെ സജീഷ്. കഴിഞ്ഞമാസം എംഡി എം എ കേസിലെ പ്രതിയെ പിടികൂടാനായി സഹപ്രവർത്തകനൊപ്പം കാസർഗോഡ് നാലാം മൈലിൽ എത്തിയപ്പോൾ ഇരുവരും സഞ്ചരിച്ച കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സജീഷ് മരിച്ചു. നീലേശ്വരത്തെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു സജീഷും കുടുംബവും താമസിച്ചിരുന്നത്. നീലേശ്വരത്ത് പുതിയ വീട് നിർമ്മിക്കുന്നതിനായി സജീഷ് കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് 28 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇതിൽ തിരിച്ചടവിന് ബാക്കിയുണ്ടായിരുന്ന 24 ലക്ഷത്തില്‍ 41,000 രൂപ എഴുതി തള്ളി. വീടിന്റെ ആധാരം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സജീഷിന്റെ കുടുംബത്തിന് കൈമാറി.

പാതിവഴിയിൽ നിലച്ചു പോയ വീട് നിർമ്മാണം പൂർത്തിയാക്കാനും കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം തീരുമാനിച്ചു.ഡി ഐ ജി രാജ്പാൽ മീണ, ഐജി ജി എച്ച് യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രകടനവും, യോഗവും നടത്തി

ശാസ്താംകോട്ട. പെൻഷൻ പരിഷ്ക രണം ഉടൻ നടപ്പാക്കുക, 14%ക്ഷാമബത്തഅനുവദിക്കുക,പെൻഷൻ സമൂഹത്തോടുള്ള അവഗണനഅവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടസബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും, പ്രതിഷേധയോഗവും നടത്തി.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എം. ജോർജ് അധ്യക്ഷധവഹിച്ചു.സെക്രട്ടറി കെ ജി. ജയചന്ദ്രൻ പിള്ള,എം. അബ്ദുൽ സമദ്, ആയിക്കുന്നം സുരേഷ് ബാബു, അസൂറബീവി, ഡി. ബാബുരാജൻ, ലീലാമണി, ശൂരനാട് വാസു, എം ഐ. നാസർ ഷാ,ജോൺ മത്തായി, സി.സച്ചിദാനന്ദൻനായർ, രാധാകൃഷ്ണപിള്ള,വി. പ്രകാശ്, ശൂരനാട് രാധാകൃഷ്ണൻ, സരോജക്ഷൻപിള്ള,കെ. രാജു,ചിന്നമ്മ എന്നിവർ സംസാരിച്ചു.

നാളെ കൊല്ലം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനായി എത്തുന്നതിന്റെ ഭാഗമായി നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പൂര്‍ണമായും ബൈപ്പാസ് വഴി പോകണം. തിരുവനന്തപുരത്ത് നിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ എസ്എന്‍ കോളേജ് ജംഗ്ഷന്‍ കഴിഞ്ഞ് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കയറി കൊച്ചുപിലാമൂട് ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലം വഴി ആല്‍ത്തറമൂട് ബൈപ്പാസില്‍ എത്തേണ്ടതാണ്. ആലപ്പുഴ ഭാഗത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട് നിന്ന് തിരിഞ്ഞ് വെള്ളയിട്ടമ്പലം വാടി ബീച്ച് റോഡ്, കൊച്ചുപിലാമൂട് ആര്‍ഒബി, എസ്എന്‍ കോളേജ് വഴി പോകണം. അഞ്ചാലുംമൂട് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ കടവൂര്‍ ജംഗ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ്, കുരീപ്പുഴ പാലം, ആല്‍ത്തറമൂട് വഴി ദേശീയപാതയില്‍ എത്തി വെള്ളയിട്ടമ്പലം, വാടി ബീച്ച് റോഡ് വഴി കൊല്ലം നഗരത്തില്‍ എത്തും.
കൊല്ലം നഗരത്തില്‍ നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വെള്ളയിട്ടമ്പലം, ആല്‍ത്തറമോട് ബൈപ്പാസില്‍ എത്തി വലത് തിരിഞ്ഞ് കുരീപ്പുഴ പാലം കടവൂര്‍ വഴി അഞ്ചാലുംമൂട്ടിലേക്ക് പോകേണ്ടതാണ്. നിയന്ത്രണ സമയത്ത് ആശ്രമം, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍ ചെമ്മാമുക്ക് റോഡിലും താലൂക്ക്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, തേവള്ളി, കടവൂര്‍ വരെയുള്ള റോഡിലും ഗതാഗതമോ പാര്‍ക്കിങ്ങോ അനുവദിക്കുന്നതല്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ കൊല്ലം ചെങ്കോട്ട റോഡിലുള്ള രണ്ടാം ടെര്‍മിനല്‍ ഉപയോഗിക്കേണ്ടതാണ്.

ഉപരാഷ്ട്രപതി നാളെ കൊല്ലത്ത്; സ്‌കൂളുകള്‍ക്ക് അവധി

കൊല്ലം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ആദ്യമായി നാളെ കൊല്ലത്തെത്തും. വൈകിട്ട് മൂന്നോടെ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധ്യ കാതറീന്‍ മൈക്കിള്‍, മാനേജര്‍ ഡോ. അഭിലാഷ് ഗ്രിഗറി എന്നിവര്‍ സംസാരിക്കും. ഉപരാഷ്ടപതിയുടെ വരവിന്റെ ഭാഗമായി നഗരത്തില്‍ നാളെ ഉച്ചയ്ക്ക് മുതല്‍ ഗതാഗത നിയന്ത്രണള്‍ ഏര്‍പ്പെടുത്തും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, ടികെഡിഎംജി എച്ച്എസ്എസ്, സെന്റ് അലോഷ്യസ് എച്ച്എസ്എസ്, വിമല ഹൃദയ എച്ച്എസ്എസ്, വിമലാഹൃദയ എല്‍പി, പട്ടത്താനം എസ്എന്‍ഡിപി യുപിഎസ്, കൊല്ലം ബോയ്‌സ് ജിഎച്ച്എസ്എസ്, കൊല്ലം ഗേള്‍സ് എച്ച്എസ്, വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ്, വള്ളിക്കീഴ് ജിഎച്ച്എസ്എസ്, മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഐസിഎസ്, ഇന്‍ഫന്റ് ജീസസ് ഐസിഎസ്‌സി, സെന്റ് ജോസഫ് എച്ച്എസ്എസ്, ട്രിനിറ്റി ലിസിയം ഐസിഎസ്ഇ, സെന്റ് ജോസഫ് എല്‍പിഎസ്, അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്, അഞ്ചാലുംമൂട് എല്‍പിഎസ്, നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസ്, കുരീപ്പുഴ യുപിഎസ്, നീരാവില്‍ എല്‍പിഎസ്, മലയാളിസഭ എല്‍പിഎസ്, ഗവ. ടൗണ്‍ യുപിഎസ് കൊല്ലം, സെന്റ് ജോര്‍ജ് യുപിഎസ് കടവൂര്‍, സെന്റ് ജോസഫ് കോണ്‍വെന്റ് ഐസിഎസ്ഇ ആന്‍ഡ് സിബിഎസ്ഇ എന്നീ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.

എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഉപഗ്രഹവുമായി വൈകിട്ട് 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണതറയില്‍ നിന്ന് എല്‍വിഎം മൂന്ന് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു. സിഎംഎസ് 03 ഉപഗ്രഹം വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. പരാജയമറിയാതെ ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ റോക്കറ്റായ എല്‍വിഎം 3 എം 5 ജൈത്രയാത്ര തുടരുകയാണ്.
ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിനുശേഷം ആദ്യമായാണ് എല്‍വിഎം 3 ദൗത്യം നടക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐഎസ്ആര്‍ഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റിന്റെ തിരിച്ചുവരവ് കൂടിയാണ് ഇന്നത്തെ വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണം.
ഉപഗ്രഹത്തിന്റെ ചിത്രങ്ങളടക്കം ഐഎസ്ആര്‍ഒ രഹസ്യമാക്കിയിരിക്കുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ക്ക് ഈ രീതി ഇനി പതിവാകും. ലോഞ്ച് ബ്രോഷറിലും ഉപഗ്രഹ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ് 03. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ജിയോസിംക്രണസ് ഓര്‍ബിറ്റിലേക്കയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ജിസാറ്റ് 7 ആര്‍ എന്ന പേരായിരുന്നു ഉപഗ്രഹത്തിന് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് സിഎംഎസ് 03 എന്നാക്കി മാറ്റുകയായിരുന്നു. 1589 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ ചെലവ്. 2019ലാണ് നാവികസേനയും ഐഎസ്ആര്‍ഒയും തമ്മില്‍ കരാറൊപ്പിട്ടത്. മലയാളിയായ വിക്ടര്‍ ജോസഫ് ആണ് മിഷന്‍ ഡയറക്ടര്‍.

മണ്ഡല കാലത്തോടനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈ: മണ്ഡല കാലത്തോടനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. ആഴ്ചതോറും സര്‍വീസ് നടത്തുന്ന അഞ്ച് പ്രത്യേക തീവണ്ടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതല്‍ സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ നവംബര്‍ നാലിന് രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും.

പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക തീവണ്ടികള്‍

  1. 0611/06112 ചെന്നൈ എഗ്മോര്‍-കൊല്ലം-ചെന്നൈ എഗ്മോര്‍

നവംബര്‍ 14നാണ് സര്‍വീസ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.55 ന് എഗ്മോറില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് ശനിയാഴ്ച രാത്രി 7.35 ന് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും. 10 സര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എഗ്മോര്‍-കൊല്ലം പ്രത്യേക തീവണ്ടി ജനുവരി 16 വരെയും കൊല്ലം -എഗ്മോര്‍ പ്രത്യേക തീവണ്ടി ജനുവരി 17 വരെയുമാണ് സര്‍വീസ് നടത്തുക. ചെന്നൈ എഗ് മോര്‍, പേരാമ്പൂര്‍,തിരുള്ളൂര്‍, ആറക്കോണം, കട്പാടി, ജോലാര്‍പേട്ട, സേലം, ഈറോട്, തിരുപ്പൂര്‍, പോത്തനൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

  1. 06113/06114 ചെന്നൈ സെന്‍ട്രല്‍-കൊല്ലം-ചെന്നൈ സെന്‍ട്രല്‍

നവംബര്‍ 16 ഞായറാഴ്ച രാത്രി 11.50 ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേദിവസം വൈകീട്ട് 4.30 കൊല്ലത്ത് എത്തും. കൊല്ലത്ത് നിന്ന് തിങ്കളാഴ്ച വൈകീട്ട് 5.30 ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്ന് 11.30 ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. എംജിആര്‍ സെന്‍ട്രല്‍, പേരാമ്പൂര്‍,തിരുള്ളൂര്‍, ആറക്കോണം, കട്പാടി, ജോലാര്‍പേട്ട, സേലം, ഈറോട്, തിരുപ്പൂര്‍, പോത്തനൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

  1. 06119/06220 എംജിആര്‍ സെന്‍ട്രല്‍-കൊല്ലം-എംജിആര്‍ സെന്‍ട്രല്‍ വീക്കിലി എക്സ്പ്രസ്

നവംബര്‍ 19 ബുധനാഴ്ച വൈകീട്ട് 3.10 ന് എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.40 ന് കൊല്ലത്ത് എത്തും. ജനുവരി 21 വരെ 10 സര്‍വീസുകളാണ് ഉണ്ടാവുക.

വ്യാഴാഴ്ച രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേദിവസം പുലര്‍ച്ചെ 3.30 ന് ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. ജനുവരി 22 വരെ 10 സര്‍വീസുകളാണ് നടത്തുക. എംജിആര്‍ സെന്‍ട്രല്‍, പേരാമ്പൂര്‍,തിരുള്ളൂര്‍, ആറക്കോണം, കട്പാടി, ജോലാര്‍പേട്ട, സേലം, ഈറോട്, തിരുപ്പൂര്‍, പോത്തനൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

  1. 06127/06128 എംജിആര്‍ സെന്‍ട്രല്‍-കൊല്ലം-എംജിആര്‍ സെന്‍ട്രല്‍ വീക്കിലി എക്സ്പ്രസ്

നവംബര്‍ 20 വ്യാഴാഴ്ച രാത്രി 11.50ന് എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ജനുവരി 22 വരെ 10 സര്‍വീസുകള്‍ നടത്തും. മടക്കവണ്ടി പിറ്റേദിവസം വൈകീട്ട് 6.30 ന് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11.30 ന് എംജിആര്‍ സെന്‍ട്രലില്‍ എത്തും. ജനുവരി 23 വരെ 10 സര്‍വീസുകളാണ് നടത്തുക. എംജിആര്‍ സെന്‍ട്രല്‍, പേരാമ്പൂര്‍,തിരുള്ളൂര്‍, ആറക്കോണം, കട്പാടി, ജോലാര്‍പേട്ട, സേലം, ഈറോട്, തിരുപ്പൂര്‍, പോത്തനൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

5.06117/06118 എംജിആര്‍ സെന്‍ട്രല്‍-കൊല്ലം-എംജിആര്‍ സെന്‍ട്രല്‍ വീക്കിലി എക്സ്പ്രസ്

നവംബര്‍ 22 ശനിയാഴ്ച രാത്രി 11.30 എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ഞായറാഴ്ച കൊല്ലത്ത് നിന്ന് വൈകീട്ട് 6.30 ന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 11.30 ന് എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. 10 സര്‍വീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എംജിആര്‍ സെന്‍ട്രല്‍, പേരാമ്പൂര്‍,തിരുള്ളൂര്‍, ആറക്കോണം, കട്പാടി, ജോലാര്‍പേട്ട, സേലം, ഈറോട്, തിരുപ്പൂര്‍, പോത്തനൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

ലോലന്‍റെ സൃഷ്ടാവ്,കാർട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം .പ്രേമലോലനായ ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ
(ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു.

ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു.

കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം.

1948 ല്‍ പൗലോസിന്‍റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ 2002ല്‍ ഒരു കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പെയിന്‍ററായി വിരമിച്ചു. കോട്ടയം വടവാതൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രന്‍ സുരേഷ്.

സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും.

മുസ്ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണ്. അവര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ട് കൊടുക്കേണ്ടത്? അവരെ കൂട്ടുപിടിച്ച് നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടിവരും. നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടിവരും. പേരില്‍ തന്നെ മുസ്ലിം കൂട്ടായ്മ എന്നുണ്ട്. എന്നിട്ട് മതേതര കൂട്ടായ്മ എന്ന് പറയും. മുസ്ലിം അല്ലാത്ത ഒരു എംഎല്‍എ ലീഗില്‍ ഉണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഗണേഷ്‌കുമാര്‍ തറ മന്ത്രിയാണൈന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.