കൽക്കട്ട. പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് വിദഗ്ധരെയെല്ലാം അമ്പരപ്പിച്ച പോളിങ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 92.18 ശതമാനം ആണ് ബംഗാളിലെ പോളിങ് നില.ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലേയും പോളിങ് നിരക്ക് 90 ശതമാനം കടന്നു. മുർഷിദാബാദ് ഉൾപ്പെടെയുള്ള ജില്ലകളിൽ സംഘർഷഭരിതമായിരുന്നു ഇത്തവണത്തെ പോളിങ്.
ദക്ഷിണ ദിനാജ്പൂരിൽ 93.12 ശതമാനം. കൂച്ച്ബിഹാറിൽ 92.07. മുർഷിദാബാദിൽ 91.36 ശതമാനം. 16 ജില്ലകളിലായിരുന്നു ഇന്നു പോളിങ്. പതിനാറിടത്തും ശരാശരി 90 ശതമാനം. 86 ശതമാനത്തിൽ കുറഞ്ഞ വോട്ടിങ് ഒരിടത്തും ഇല്ല എന്നു തന്നെ പറയാം. ബാധകയറിയതുപോലെയുള്ള ഈ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് പ്രവചന വിദഗ്ധരുടെ സ്വപ്നങ്ങളിൽപോലും ഉണ്ടായിരുന്നില്ല. ഇത്തവണ വോട്ട് ചെയ്തില്ലെങ്കിൽ പൌരത്വം പോകുമെന്ന പ്രചാരണം അതിഥി തൊഴിലാളികളെ പിടിച്ചിളക്കിയിരുന്നു. കേരളം മുതൽ ഉത്തർപ്രദേശിൽ വരെ ജോലിചെയ്യുന്നവർ നാട്ടിലെത്തി. അപ്പോൾ പോലും പ്രതീക്ഷിക്കാത്ത പോളിങ് ആണ് ഇത്തവണ സംഭവിച്ചത്. പോളിങ് ഇത്രയേറെ ഉയർന്നതിനാൽ ആർക്കാണ് നേട്ടം എന്നുപോലും പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 100 ശതമാനം പോളിങ് നടന്ന ബൂത്തുകൾ നിരവധിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ന്യൂനപക്ഷങ്ങൾ വരിനിന്ന് വോട്ട് ചെയ്ത ഇത്തവണ തൃണമൂൽ കോൺഗ്രസ് ക്യാംപുകളിലൊക്കെ വലിയ ആവേശം പ്രകടമാണ്. മുൻവർഷങ്ങളേക്കാൾ മെച്ചപ്പെട്ട പ്രകടനം കോൺഗ്രസ്, ഇടതുക്യാംപുകളും പ്രതീക്ഷിക്കുന്നു. പോളിങ് നിരക്ക് ഉയർന്നത് അനുകൂലമാകുമെന്ന് ബിജെപി ക്യാംപുകളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. 294 അംഗം നിയമസഭയിലെ 152 സീറ്റുകളിലേക്കായിരുന്നു ഇന്നത്തെ വോട്ടെടുപ്പ്. 1478 സ്ഥാനാർത്ഥിമാരാണ് ജനവിധി തേടിയത്. മുർഷിദാബാദിലും കുമാരഗഞ്ചിലുമെല്ലാം ആദ്യാവസാനം സംഘർഷം നിറഞ്ഞു നിന്നു.
തെക്കൻ അസനോളിൽ മൽസരിക്കുന്ന ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിന്‍റെ കാർ കല്ലേറിൽ തകർന്നു. പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ആരോപണം. കുമാർഗഞ്ചിലെ ബിജെപി സ്ഥാനാർത്ഥി ശുഭേന്ദു സർക്കാരും തൃണമൂൽ കോൺഗ്രസ് ആക്രമിച്ചു എന്ന് പരാതി നൽകി. മുർഷിദാബാദിൽ നിരവധി ഇടങ്ങളിൽ സംഘർഷമുണ്ടായി. ഡസൻകണക്കിനാളുകൾക്ക് വോട്ട് ചെയ്യാനായി ബുത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല എന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വരണാധികാരിയോട് റിപ്പോർട്ട് തേടി. നന്ദിഗ്രാമിൽ പൊലീസ് ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന പരാതിയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. മന്ത്രി ശശി പഞ്ച വാർത്താ സമ്മേളനം വിളിച്ചാണ് നന്ദിഗ്രാമിൽ നിയമിക്കപ്പെട്ട പൊലീസുകാരെല്ലാം ബിജെപിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചത്. തൃണണൂൽ നേതാക്കൾ ചീഫ് ഇലക്ടറൽ ഓഫിസർ മനോജ് അഗർവാളിന് ഇതു സംബന്ധിച്ച് പരാതി നൽകി. തൃണമൂലിന്‍റെ ഗൂണ്ടകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിൽ ശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് 29ന് നടക്കും.































