തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ അറിയില്ല. ഞങ്ങളെ ആരും അറിയിച്ചിട്ടില്ല. റെയ്ഡിന് പൊലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര സേനയുടെ സഹായമാണ് ഇഡി തേടിയത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ല. റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ഇഡി ഉദ്യോഗസ്ഥരോട് ചോദിക്കണം.മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത് ഗവൺമെന്റ് നടപടികളുടെ ഭാഗമാണ്.
പിണറായി വിജയൻ മുഖ്യന്ത്രിയായിരുന്നപ്പോൾ എത്രതവണ മോദിയെ കാണാൻ പോയിട്ടുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതും റെയ്ഡുമായി എന്തിനാണ് കൂട്ടിക്കുഴയ്ക്കുന്നത്. കോൺഗ്രസും ബിജെപിയും ചേർന്നെന്ന രീതിയിൽ പലരും പറയുന്നുണ്ട്. ഇത്തരം പരാമർശം ഒരു കടന്നകെെയാണ്. സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ആ ബന്ധത്തിന് ഇപ്പോൾ എന്തുപറ്റി’- രമേശ് ചെന്നിത്തല പറഞ്ഞു.
ഇഡി നടപടിയിൽ കേരള പൊലീസിന് പങ്കില്ലെന്ന് രമേശ് ചെന്നിത്തല
ഇരുട്ടി വെളുത്തപ്പോള്‍ ‘ഓപ്പറേഷന് എക്സാലോജിക്’; എകെ 47 തോക്കുകളുമായി കേന്ദ്രസേന പിണറായിയുടെ വസതി വളഞ്ഞു; അര്‍ദ്ധരാത്രിയിലെ രഹസ്യ നീക്കം, ഞെട്ടിത്തരിച്ച് കേരളം; കേരളാ പോലീസിനെ വെട്ടിച്ച ‘മിന്നല്‍ ഓപ്പറേഷന്’
തിരുവനന്തപുരം/കൊച്ചി: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നാടകങ്ങള്‍ക്കാണ് ഇന്ന് പുലര്‍ച്ചെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സമയം പുലര്‍ച്ചെ അഞ്ചര ജനങ്ങള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ.
മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി സൈനിക വാഹനങ്ങള്‍ ഇരച്ചെത്തി. എകെ-47 തോക്കുകളേന്തിയ കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ നിമിഷനേരം കൊണ്ട് വീട് വളഞ്ഞു. പിന്നാലെ ഇ.ഡി. ഉദ്യോഗസ്ഥര്‍ അകത്തേക്ക്.
കണ്മുന്നിലെ കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കാനേ വസതിയിലുണ്ടായിരുന്നവര്ക്ക് കഴിഞ്ഞുള്ളൂ. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു അതിരഹസ്യ ‘സര്‍ജിക്കല്‍ സ്ട്രൈക്കിന്’ അങ്ങനെ തുടക്കമായി.
സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പ്രാദേശിക പോലീസിനെയും പൂര്‍ണ്ണമായും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഈ പടപ്പുറപ്പാട്.
സാധാരണയായി ഒരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ ക്രമസമാധാന പാലനത്തിനായി ലോക്കല്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കുന്നതാണ് പതിവ്.
എന്നാല്‍ വിവരം ചോരുമെന്ന് ഇ.ഡി. ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ കേരളാ പോലീസിനെ പൂര്‍ണ്ണമായി ഒഴിവാക്കി, ഡല്‍ഹിയില്‍ നിന്ന് നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം കേന്ദ്രസേനയുടെ കനത്ത കാവലിലാണ് ഇ.ഡി. സംഘം വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയത്.
തലസ്ഥാനത്തെ വസതിയില്‍ ഇ.ഡി. സംഘം വാതിലില്‍ മുട്ടുമ്പോള്‍ കൊച്ചിയിലും സി.എം.ആര്.എല്ലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് തുടങ്ങിയിരുന്നു.
ഇത്രയും ആസൂത്രിതമായി ഒരു മുന്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സി വലവിരിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്. വിവാദമായ എക്സാലോജിക് – സി.എം.ആര്.എല്‍ സാമ്പത്തിക ഇടപാടില്‍ ഒടുവില്‍ ഇ.ഡി. പിടിമുറുക്കുകയായിരുന്നു.
റെയ്ഡ് പുരോഗമിക്കുമ്പോള്‍ പിണറായി വിജയനും മകള്‍ വീണാ വിജയനും വസതിയില്‍ തന്നെയുണ്ടെന്നാണ് വിവരം.
പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലില്‍ നിന്ന് ഒരു സേവനവും നല്‍കാതെ മാസപ്പടിയായി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഇതിന് പിന്നില്‍ വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
കഴിഞ്ഞ കുറേ മാസങ്ങളായി രാഷ്ട്രീയ വൃത്തങ്ങളില്‍ പുകഞ്ഞുണ്ടിരുന്ന ഈ വിവാദമാണ് ഇപ്പോള്‍ പിണറായിയെയും മകളെയും ഒരേസമയം പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇ.ഡി.യുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയും എക്സാലോജിക്കും നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
കോടതിയില്‍ നിന്ന് അന്വേഷണത്തിന് പൂര്‍ണ്ണമായ ‘ഗ്രീന്‍ സിഗ്നല്‍’ ലഭിച്ചതോടെയാണ് ഇ.ഡി. ഒട്ടും സമയം കളയാതെ പുലര്‍ച്ചെ തന്നെ റെയ്ഡിലേക്ക് കടന്നത്. കോടതിയുടെ ഈ നിലപാട് അന്വേഷണസംഘത്തിന് നിയമപരമായി വലിയ ആയുധമാണ് നല്‍കിയിരിക്കുന്നത്.
വസതിയിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ.ഡി.യുടെ പരിശോധന. വീണാ വിജയന്റെ പേഴ്സണല്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, പ്രധാനപ്പെട്ട ബാങ്ക് അക്കൗണ്ട് രേഖകള്‍, എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ ഫയലുകള്‍ എന്നിവ ഇ.ഡി. അതീവ രഹസ്യമായി പരിശോധിച്ചുവരികയാണ്.
പണം എങ്ങോട്ടൊക്കെ പോയി എന്നതിന്റെ വ്യക്തമായ ‘മണി ട്രെയില്‍’ (പണത്തിന്റെ വഴി) കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
പരിശോധനകള്‍ക്ക് ശേഷം പിണറായി വിജയന്റെയും വീണാ വിജയന്റെയും മൊഴികള്‍ ഇ.ഡി. വസതിയില്‍ വെച്ചുതന്നെ രേഖപ്പെടുത്തും.
പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ നല്കുന്ന വിശദീകരണങ്ങളില്‍ വൈരുദ്ധ്യമുണ്ടെങ്കിലോ, കണ്ടെടുത്ത രേഖകളുമായി ഒത്തുപോകാത്തതാണെങ്കിലോ ഇ.ഡി.ക്ക് അടുത്ത കടുത്ത നടപടികളിലേക്ക് നീങ്ങാം.
പി.എം.എല്‍.എ കേസുകളില്‍ മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റിലേക്ക് നയിക്കാറുള്ളതിനാല് വരും മണിക്കൂറുകള്‍ കേരള രാഷ്ട്രീയത്തിന് അതീവ നിര്‍ണ്ണായകമാണ്.
ഈ കനത്ത തിരിച്ചടിയെ രാഷ്ട്രീയമായി തെരുവില്‍ നേരിടാനാണ് ഇടതുപക്ഷത്തിന്റെ അടിയന്തര തീരുമാനം. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കളിപ്പാവകളാക്കുകയാണെന്ന് സി.പി.എം നേതൃത്വം ആരോപിക്കുന്നു.
ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചതുപോലെ കേരളത്തിലും രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധ സമരങ്ങള്‍ക്ക് ഇടതുമുന്നണി ആഹ്വാനം ചെയ്തേക്കും.
സംസ്ഥാന ഭരണകക്ഷിയായ യു.ഡി.എഫിനെ സംബന്ധിച്ച് ഈ റെയ്ഡ് രാഷ്ട്രീയമായി വലിയൊരു ആയുധമാണ്.
മുന്‍പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷം നടത്തിയ അന്ധമായ സമരങ്ങള്‍ക്ക് കാലം കാത്തുവെച്ച തിരിച്ചടിയായാണ് യു.ഡി.എഫ് ഇതിനെ വിശേഷിപ്പിക്കുന്നത്.
അഴിമതിക്കെതിരെയുള്ള നിയമപരമായ സ്വാഭാവിക നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സത്യം പുറത്തുവരട്ടെ എന്നുമാണ് ഭരണമുന്നണിയുടെ നിലപാട്.
തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നതിനെതിരെ സംസ്ഥാനവ്യാപകമായി തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ, ലോക്കൽ മേഖലകളിലും വൻ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ പാർട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
തികച്ചും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി ഇപ്പോൾ ഈ റെയ്ഡ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീണാ വിജയൻ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താൽ അച്ഛന്റെ പേരിൽ കള്ളക്കേസെടുക്കാൻ ഇഡിക്ക് നിയമപരമായി ഒട്ടും കഴിയില്ല. കേസ് കൃത്യമായി അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്, എന്നാൽ അതിന്റെ മറവിൽ കടന്നാക്രമണം നടത്താനാണ് ഇഡി ശ്രമിക്കുന്നത്. വലിയ സഹനങ്ങളും നിരന്തരമായ വേട്ടയാടലുകളും അതിജീവിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദം വരെ എത്തിയത്. ഈ നീക്കത്തെ പിണറായിക്കെതിരെയുള്ള വ്യക്തിപരമായ കേസായല്ല പാർട്ടി കാണുന്നത്, മറിച്ച് സിപിഎമ്മിനെ തകർക്കാൻ കേന്ദ്ര ഭരണകൂടം പ്രയോഗിക്കുന്ന ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ ആയുധമാണിത്. പാർട്ടിയെ ഇല്ലാതാക്കണമെങ്കിൽ പിണറായി വിജയനെ തകർക്കണമെന്ന് അവർ കരുതുന്നു. അത്തരം ആക്രമണങ്ങളിലൂടെ പിണറായിയെയോ സിപിഎമ്മിനെയോ ദുർബലപ്പെടുത്താമെന്ന് ആരെങ്കിലും മോഹിച്ചാൽ അവർക്ക് തെറ്റിയെന്നും ജനങ്ങളെ അണിനിരത്തി ഇതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥത്തിൽ സിഎംആർഎൽ – എക്സാലോജിക് കരാർ പൂർണ്ണമായും നിയമപരമായിട്ടുള്ള ഒന്നാണ്. നിലവിലെ യുഡിഎഫ്. മന്ത്രിസഭയിലെ രണ്ട് പ്രധാന മന്ത്രിമാർക്കെതിരെയും സമാനമായ രീതിയിൽ വലിയ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവർക്കെതിരെ യാതൊരുവിധ അന്വേഷണവുമില്ല. തന്റെ ഭാഗത്തുനിന്നുള്ള എല്ലാ രേഖകളും ഹാജരാക്കി എല്ലാ അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിക്കുന്ന നിലപാടാണ് വീണാ വിജയൻ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം പ്രതിപക്ഷ നേതാക്കളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഭരണകൂടം ഉപകരണങ്ങളാക്കി മാറ്റുകയാണെന്ന് സുപ്രീംകോടതി തന്നെ മുൻപ് പരാമർശിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും യുഡിഎഫും കേന്ദ്ര ഏജൻസികളുടെ ഈ ജനാധിപത്യ വിരുദ്ധ കടന്നാക്രമണങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയാണ്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപിയും യുഡിഎഫും ഒരേ സ്വരത്തിലാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മുൻപ് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നരേന്ദ്ര മോദി സർക്കാർ ജയിലിൽ അടച്ചതെന്നും എന്നാൽ പിന്നീട് കോടതി ആ കേസ് ചവറ്റുകുട്ടയിൽ എറിഞ്ഞത് നമ്മൾ കണ്ടതാണെന്നും എംവി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.
കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും
ന്യൂഡൽഹി: കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും. നേതൃമാറ്റ തീരുമാനം നാളെ പ്രഖ്യാപിച്ചേക്കും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു. ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നുവെങ്കിലും, പാർട്ടി നേതൃത്വം ഒടുവിൽ ശിവകുമാറിലേക്ക് തന്നെ എത്തുകയായിരുന്നു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ധാരണ പ്രകാരം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി കസേര രണ്ടര വർഷം വീതം പങ്കിടും എന്നാണ്. എന്നാൽ സിദ്ധരാമയ്യ രാജിവെക്കാൻ തായാറായിരുന്നില്ല.
കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം വെള്ളിയാഴ്ച നടക്കാനാണ് സാധ്യത. കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ബെംഗളൂരുവിലേക്ക് എത്തും.
രാഹുൽ ഗാന്ധി സിദ്ധരാമയ്യയെ കണ്ട് രാജിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. തന്റെ അടുത്ത അനുയായികളുമായി കൂടിയാലോചിക്കാൻ സിദ്ധരാമയ്യ സമയം തേടുകയും ഹൈക്കമാൻഡ് അത് അംഗീകരിക്കുകയുമായിരുന്നു. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സിദ്ധരാമയ്യ കെ.ജെ ജോർജ്, എച്ച്.സി. മഹാദേവപ്പ, ബൈരതി സുരേഷ്, ജി. പരമേശ്വര എന്നിവരുൾപ്പെടെയുള്ളവരുമായി കൂടിയാലോചനകൾ നടത്തി. ഇതിന് പിന്നാലെയാണ് തീരുമാനം.
അധികാര സന്തുലിതാവസ്ഥ പൂർണമായും ഡി.കെ. ശിവകുമാറിന് അനുകൂലമാകാതിരിക്കാൻ സിദ്ധരാമയ്യ ക്യാമ്പ് ശക്തമായി സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. അധികാര സന്തുലിതാവസ്ഥ നിലനിർത്താൻ ഡി.കെ ശിവകുമാറിന് കീഴിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് സിദ്ധരാമയ്യ ക്യാമ്പിന്റെ പ്രധാന ആവശ്യം.
ഇതിനുപുറമെ, പുതിയ കർണാടക കോൺഗ്രസ് അധ്യക്ഷൻ തങ്ങളുടെ താൽപര്യപ്രകാരമുള്ള ആളായിരിക്കണമെന്നും മുഖ്യമന്ത്രിയുടെ ക്യാമ്പ് ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്.
പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന രാഷ്ട്രീയ പകപോക്കൽ: എം. വി. ഗോവിന്ദൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കോടതി തന്നെ പലതവണ പിണറായി വിജയനും എക്സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്. ടി വീണയുടെ അച്ഛനായിപ്പോയി എന്നതിന് വരെ ആക്രമിക്കുകയാണ്.
മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ അടുത്ത ദിവസം തന്നെ നടക്കുന്ന ഈ പരിശോധനയെ രാഷ്ട്രീയ നാടകം എന്നല്ലാതെ മറ്റെങ്ങനെയാണ് വിലയിരുത്തേണ്ടത്.
സിഎംആർഎലിന്റെ ഡയറിയിൽ കണ്ട പല പേരുകളിലുള്ളവരും ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ ഇരിക്കുകയാണ്, എന്നാൽ അതിനോടൊക്കെ കണ്ണടച്ചിട്ട് പിണറായി വിജയന്റെ പിറകെ തിരിയുന്നത് കൃത്യമായ രാഷ്ട്രീയ പകപോക്കലാണ്.
പരിശോധനയെ യാതൊരു വിധത്തിലും തടയില്ല. എന്നാൽ ഈ രാഷ്ട്രീയ നാടകത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡിനെതിരെ പ്രദേശത്ത് സിപിഎം പ്രതിഷേധം
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിലുള്ള ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ പ്രദേശത്ത് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. റെയ്ഡ് വാർത്ത പരന്നതോടെ പാർട്ടിയുടെ മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പിണറായി വിജയന്റെ വീടിന് മുൻപിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീടിന്റെ പ്രധാന കവാടത്തിന് മുൻപിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ഗേറ്റ് ഉപരോധിച്ചുകൊണ്ട് വലിയ രീതിയിൽ കുത്തിയിരിപ്പ് ധർണ്ണ ആരംഭിച്ചു. പിന്നീട് റോഡിലേക്ക് ഇറങ്ങി കുത്തിയിരുന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയ പ്രവർത്തകർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു.
അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെയും ഇതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശനെതിരെയും തിരിഞ്ഞായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യങ്ങൾ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെകെ ശൈലജ ടീച്ചർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം വി.കെ. സനോജ് എംഎൽഎ, വി. ശിവദാസൻ എംപി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മുൻ എംഎൽഎ ടിവി രാജേഷ്, പി പുരുഷോത്തമൻ തുടങ്ങിയ പ്രമുഖ നേതാക്കളും സമരമുഖത്തുണ്ട്. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് ഭരണകൂടങ്ങൾ നടത്തുന്ന ഈ രാഷ്ട്രീയ വേട്ടയാടൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് നേതാക്കൾ വ്യക്തമാക്കി. റെയ്ഡ് അവസാനിക്കുന്നത് വരെ വീട്ടുപടിക്കൽ സമരം തുടരാനാണ് സിപിഎം തീരുമാനം.
മാങ്ങയുടെ വില 850 രൂപ, പണം നൽകാൻ ആവശ്യപ്പെട്ട ഭാര്യയെ തല്ലിച്ചതച്ച് ടെക്കി ഭർത്താവ്, കേസ്
പൂനെ: 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനേ ചൊല്ലി തർക്കം. ഭാര്യയെ ക്രൂരമായി മർദ്ദിച്ച് സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 850 രൂപ വിലവരുന്ന ഒരു പെട്ടി മാമ്പഴത്തിന്റെ പേരിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്കാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൂനെയിലെ ഇവരുടെ താമസസ്ഥലത്തുവെച്ച് ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു ക്രൂരമായ മർദ്ദനം നടന്നതെന്നാണ് ആരോപണം.
മാമ്പഴം വിൽക്കുന്നയാൾക്ക് പണം നൽകാനായി ഭാര്യ ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. ഇതിന് പിന്നാലെ മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്. പണം നൽകാൻ ഭർത്താവ് വിസമ്മതിക്കുകയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭാര്യ ഈ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്താൻ ആരംഭിച്ചു. ഇതിൽ പ്രകോപിതനായ ഭർത്താവ് യുവതിയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങുകയും അവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ യുവതിയുടെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തന്നെ മർദ്ദിച്ചതിന് പുറമെ ഭർത്താവ് മോശമായ ഭാഷയിൽ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് യുവതി പരാതിയിൽ പറയുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് അയച്ചു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂനെ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. അപകടകരമായ ആയുധങ്ങളോ മാർഗ്ഗങ്ങളോ ഉപയോഗിച്ച് മനപൂർവം പരിക്കേൽപ്പിക്കൽ, ക്രിമിനൽ കുറ്റകൃത്യത്തിന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭർത്താവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
മീനിനേക്കാൾ കേമൻ മീൻമുട്ട; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടെ
മീൻ പോലെത്തന്നെ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മീൻമുട്ട. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരും അത് പാഴാക്കില്ല. മീൻമുട്ട കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
തലച്ചോറിന് ഏറ്റവും മികച്ചത്
മീൻമുട്ടയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മീൻമുട്ട കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും തലച്ചോറിന് നല്ല ഉണർവ് നൽകാനും സഹായിക്കും.
കണ്ണിന്റെ ആരോഗ്യത്തിന്
ശരീരത്തിൽ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ അളവ് കുറയുന്നത് കാഴ്ചപ്രശ്നങ്ങൾക്ക് കാരണമാകും. മീൻമുട്ട പതിവായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാഴ്ചശക്തി നിലനിർത്താനും സഹായിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കും
മീൻമുട്ടയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും പൊട്ടാസ്യവും ധാരാളമുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ രക്തം കട്ടപിടിക്കുന്നത് തടയാനും ശരീരത്തിലെ അലർജികൾ കുറയ്ക്കാനും ഇത് നല്ലതാണ്.
ഹൃദയത്തെ സംരക്ഷിക്കും
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ മീൻമുട്ടയിലുള്ള ഒമേഗ-3 പ്രധാന പങ്ക് വഹിക്കുന്നു. കൊളസ്ട്രോൾ കുറയുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് മീൻമുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
രോഗപ്രതിരോധശേഷി കൂട്ടും
ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്ക് ആവശ്യമായ പല പോഷകങ്ങളും മീൻമുട്ടയിലുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസുഖങ്ങൾ വരാതെ തടയാൻ സഹായിക്കും.
പല്ലിനും എല്ലിനും ബലം നൽകും
പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യം, വിറ്റാമിൻ ഡി, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവ മീൻമുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലത്തിനും പല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
എബോള വൈറസ് ഭീതി: ഉഗാണ്ടയിൽ നിന്നെത്തിയ 28-കാരിയെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
ബെംഗളൂരു: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ആരംഭിച്ച വാക്സീനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന് സംശയം. ഉഗാണ്ടയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഇവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്‍ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്.
വിമാനത്താവളത്തിലെ പരിശോധനയില്‍ യുവതിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് ശരീരവേദന അനുഭവപ്പെട്ടെന്നും ഇതേ തുടർന്ന് ക്വാറൻ്റീൻ നീട്ടിയെന്നുമാണ് വിവരം. യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനുശേഷമേ രോഗബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദനയല്ലാതെ മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ എബോള കേസുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് കേവലം ഒരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ തടവുശിക്ഷ
സിംഗപ്പൂർ: സാമ്പത്തിക പ്രതിസന്ധികളിലും നിയമക്കുരുക്കുകളിലും പെട്ട് ഉലയുന്ന പ്രമുഖ ഇന്ത്യൻ എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് മറ്റൊരു കനത്ത പ്രഹരം. കോടതി നിർദ്ദേശങ്ങൾ തുടർച്ചയായി ലംഘിച്ചതിനെ തുടർന്ന് (കോടതി അലക്ഷ്യം) ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു.
തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ സിംഗപ്പൂർ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബോധപൂർവ്വം അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ഈ കർശന നടപടി. തടവുശിക്ഷയ്ക്ക് പുറമേ, കോടതി ചെലവിലേക്ക് 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 70,500 യുഎസ് ഡോളർ) പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ ബൈജൂസുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് സ്ഥാപനമായ ‘ബീയാർ ഇൻവെസ്റ്റ്കോ’യുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടു. ഖത്തർ പരമാധികാര നിക്ഷേപ നിധിയുടെ സബ്സിഡിയറിയായ ഖത്തർ ഹോൾഡിംഗ്സ് നൽകിയ ഹർജിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ നിർണായക ഉത്തരവ്.
നിലവിൽ ബൈജു രവീന്ദ്രൻ സിംഗപ്പൂരിലാണോ അതോ മറ്റെവിടെയെങ്കിലും ആണോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് വിജയമായി കോടീശ്വര പദവിയിലേക്ക് ഉയർന്ന ബൈജു രവീന്ദ്രനെ കാത്തിരിക്കുന്നത് ആഗോളതലത്തിലുള്ള കനത്ത നിയമപോരാട്ടങ്ങളാണ്.
യുഎസിലെ വായ്പാ ദാതാക്കളിൽ നിന്ന് കൈപ്പറ്റിയ 1.2 ബില്യൺ ഡോളറിന്റെ വായ്പാ തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ കോടതികളിലും അദ്ദേഹം കടുത്ത നിയമനടപടികൾ നേരിടുന്നുണ്ട്.





































