Home Blog Page 708

ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ, ഉടൻ കീഴടങ്ങണം, 67.46 ലക്ഷം രൂപ അടക്കണം; സിങ്കപ്പൂർ കോടതി വിധി

ന്യൂഡൽഹി: ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ.

ഉടൻ സിങ്കപ്പൂരിലെ കോടതിയിൽ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) നിയമപരമായ ചിലവായി കോടതിയിൽ അടക്കാനും വിധിയിൽ ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം.

സിംഗപ്പൂരിലെ ബീയാർ ഇൻവെസ്റ്റ്കോ എന്ന കമ്പനിയിലെ തന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ബൈജൂസ് കമ്പനി ആഗോള തലത്തിലെ തങ്ങളുടെ നിക്ഷേപകരുമായി ഇപ്പോൾ നടത്തുന്ന നിയമയുദ്ധങ്ങളിൽ ഏറ്റവും പുതിയ തിരിച്ചടിയാണിത്. അതേസമയം ബൈജു രവീന്ദ്രൻ ഇപ്പോൾ എവിടെയാണെന്നതിൽ വ്യക്തതയില്ല. അദ്ദേഹം സിംഗപ്പൂർ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.

അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികൾ തുടരുകയാണ്. 120 കോടി ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയും നേരത്തെ ബൈജുവിനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ സ്റ്റാർട്ട്അപ്പുകളിൽ വച്ച് ഏറ്റവും വലിയ മുന്നേറ്റം നടത്തി ലോകമാകെ പ്രശസ്തിയാർജിച്ച ശേഷമാണ് വൻ തകർച്ചയിലേക്ക് ബൈജൂസ് കൂപ്പുകുത്തിയത്.

ഇഡി റെയ്ഡ് ഹീനമായ ആക്രമണമെന്ന് എം എ ബേബി; `​ഗൂഢമായ രാ‌ഷ്ട്രീയം തുറന്നുകാണിക്കും’

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. രാഷ്ട്രീയമായി എതിരായിട്ടുള്ള ഹീനമായ ആക്രമണമാണിതെന്ന് എം എ ബേബി പറഞ്ഞു. വീണ അന്വേഷണത്തോട് പൂർണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുകയും മറുപടികൾ വിശദമായി നൽകുകയും ചെയ്തു. വീണയുടെ നിലപാട് തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടി ഉണ്ടായത്. ഗൂഢമായ ഈ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും എം എ ബേബി പ്രതികരിച്ചു.

Also Read: ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു

സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിൽ വെളിപ്പെട്ട ചില കാര്യങ്ങൾ മറക്കുന്നു. ഒരു സേവനവും നൽകാതെ വൻ തുക ചിലർ കൈപ്പറ്റി എന്ന് രേഖകളിൽ പറയുന്നു. ഇവർ ഇന്ന് സർക്കാരിൽ ഉണ്ട്. പിണറായി വിജയൻ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് ക്രൂര മർദ്ദനത്തിന് ഇരയായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. വീണ നിയമപരമായി നേരിടുന്നുണ്ടെന്നും പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍

സുധ, ലക്ഷ്മി

കൊച്ചി. എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച് വീടിനു പുറകില്‍ കുഴിച്ചിട്ടിരുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടി പൂമറ്റത്തില്‍ മറിയാമ്മ (84) യുടെ ദേഹത്തുണ്ടായിരുന്ന 10 പവന്റെ ആഭരണമാണ് കവര്‍ന്നത്. മെയ് 24-ന് രാവിലെ 8.30-ഓടെയായിരുന്നു കവര്‍ച്ച നടന്നത്. മറിയാമ്മയുടെ വീട്ടില്‍ ഹോം നഴ്സായിരുന്നു സുധ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ആണ്‍വേഷം കെട്ടിയായിരുന്നു കവര്‍ച്ച. പ്രതികളായ സുധയും ലക്ഷ്മിയും തമിഴ്‌നാട്ടില്‍വെച്ച് തന്നെ സുഹൃത്തുക്കളാണ്. സംഭവം നടന്ന ഞായറാഴ്ചയുടെ തലേന്ന് ലക്ഷ്മി, സുധ ജോലി ചെയ്യുന്ന മറിയാമ്മയുടെ വീട്ടിലെത്തി ഒളിച്ചുതാമസിച്ചുവെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയെന്നുറപ്പാക്കിയ ശേഷം ലക്ഷ്മി പാന്റ്സും ഷര്‍ട്ടും ധരിച്ച് പുരുഷ വേഷത്തില്‍ മറിയാമ്മയുടെ ദേഹത്തു കിടന്ന ആഭരണങ്ങള്‍ ബലം പ്രയോഗിച്ച് ഊരിയെടുത്തു. തലേന്ന് തന്നെ ഇതിനുള്ള ആസൂത്രണം സുധയും ലക്ഷ്മിയും നടത്തിയിരുന്നു. ലക്ഷ്മി മോഷണം നടത്തുന്ന സമയത്ത് സുധ ശൗചാലയത്തില്‍ കയറി ഒളിച്ചു. ലക്ഷ്മി ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം വാതില്‍ തുറന്ന് പുറത്തെത്തി. ആഭരണങ്ങള്‍ കൂടില്‍ പൊതിഞ്ഞ് വീടിനു പുറകില്‍ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടു. തുടര്‍ന്ന് ലക്ഷ്മി സ്ഥലംവിട്ടു.

കൂട്ടുകാരി സുധയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞ് ലക്ഷ്മി ശനിയാഴ്ച അവര്‍ ജോലി ചെയ്തിരുന്ന വീട്ടില്‍നിന്ന് പോയിരുന്നു. സുധയുടെ നമ്പര്‍ അവിടെ കൊടുക്കുകയും ചെയ്തു. മോഷണം കഴിഞ്ഞ് ഞായറാഴ്ച ലക്ഷ്മി ജോലി ചെയ്തിരുന്ന വീട്ടിലേക്ക് ചെല്ലാതെ സ്വന്തം മുറിയില്‍ താമസിച്ചു. ഞായറാഴ്ചയും ജോലിക്കാരി എത്താതെ വന്നപ്പോള്‍ വീട്ടുകാര്‍ സുധയുടെ ഫോണിലേക്ക് വിളിച്ചു. ഈ ഫോണ്‍ നമ്പര്‍ തിരഞ്ഞ് പൊലീസ് ലക്ഷ്മിയുടെ താമസ സ്ഥലത്തെത്തി. അവിടെ മുഷിഞ്ഞ പാന്റ്സും മറ്റും കണ്ടത് സംശയത്തിനിടയാക്കി

മറിയാമ്മയുടെ വീട്ടിലേക്ക് തിരിയുന്ന ഭാഗത്ത് പള്ളിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു സ്ത്രീ നടന്നു പോകുന്നതും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് ലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. അന്വേഷണം വഴിതെറ്റിക്കുന്നതിനായിട്ടാണ് ലക്ഷ്മി പുരുഷവേഷത്തില്‍ കവര്‍ച്ച നടത്തിയത്. കൂടാതെ, പൊലീസിനോട് സുധ സാങ്കല്പിക കഥകള്‍ മെനഞ്ഞ് പറഞ്ഞും ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുരുക്കിയത്.

അറഫാ സംഗമം,ഹജ്ജ് തീര്‍ഥാടകരെ മിനായില്‍ നിന്ന് മൈതാനിയിലേക്ക് റെക്കോര്‍ഡ് വേഗതയില്‍ എത്തിച്ച് സൗദി

ജിദ്ദ. ഹജ്ജ് തീര്‍ഥാടകരെ മിനായില്‍ നിന്ന് അറഫാ  മൈതാനിയിലേക്ക് റെക്കോര്‍ഡ് വേഗതയില്‍ എത്തിച്ച് സൗദി അറേബ്യ. ഇന്ന് രാവിലെ 07:56-ഓടെ തന്നെ മുഴുവന്‍ തീര്‍ഥാടകരെയും അറഫയില്‍ എത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ തീര്‍ഥാടകരുടെ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക ആന്റ് ഹോളി സൈറ്റ്സിന്റെ എക്സിക്യൂട്ടീവ് വിഭാഗമായ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു.

ബസുകള്‍, അല്‍ മശാഇര്‍ മെട്രോ ട്രെയിന്‍, പരമ്പരാഗത ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ സമഗ്രമായി സംയോജിപ്പിച്ചാണ് തീര്‍ഥാടകരുടെ യാത്ര സുഗമമാക്കിയത്. ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും വേണ്ടി റോയല്‍ കമ്മീഷന്‍ നടപ്പിലാക്കുന്ന വിപുലമായ നവീകരണങ്ങളുടെ ഫലമാണ് റെക്കോര്‍ഡ് നേട്ടമെന്ന് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വ്യക്തമാക്കി

നിശ്ചിത സമയക്രമങ്ങളും അംഗീകൃത പ്രവര്‍ത്തന പദ്ധതികളും കൃത്യമായി പാലിച്ചാണ് മൂന്ന് തരം ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിപ്പിച്ചത്. സുരക്ഷാ-സേവന വിഭാഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള തടസ്സമില്ലാത്ത ഏകോപനവും ഒത്തൊരുമയുമാണ് ലക്ഷക്കണക്കിന് വരുന്ന ജനസാഗരത്തിന്റെ നീക്കം ഇത്രയും സുഗമമാക്കാന്‍ സഹായിച്ചതായി അധികൃതര്‍ പറഞ്ഞു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന്സ്വർണ്ണക്കട്ടികളും നാണയങ്ങളുമടക്കം കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. “വൈര നമ” എന്ന ആഭരണം ആറ് മാസമായി കാണാനില്ല. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്ന് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടത്തിലൂടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി ക്ഷേത്രത്തിലേക്ക് കടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നു എന്നാണ് റിപ്പോർട്ടിലുള്ള വിവരം. ക്ഷേത്രത്തിലെ സ്വർണകട്ടികൾ സൂക്ഷിക്കുന്നതടക്കമുള്ള ക്രമീകരണം മാറ്റണമെന്നും ഡിജിപി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്.

മുന്‍മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണാ വിജയനെ ഇഡി ചോദ്യം ചെയ്തു. പിണറായി വിജയനെ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.

പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റിന് അന്വേഷണം തുടരാമെന്നാണ് ഹൈൈക്കോടതി സിംഗിൾ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണൽ കമ്പനി എംഡി ശശിധരൻ കർത്ത, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ , ചന്ദ്രശേഖരൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. മേൽകോടതിയെ സമീപിക്കാൻ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് ലക്ഷങ്ങൾ നൽകിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. കേസിൽ ഉദ്യോഗസ്ഥർക്ക് സമൻസ് നൽകുകയും റെയ്ഡും തുടങ്ങിയിതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന്‍റെ പേരിൽ പീഡിപ്പിക്കുന്ന എന്നും കമ്പനിയ്ക്കെതിരെ ഇഡി അന്വേഷണത്തിനുള്ള തെളിവുകളില്ലെന്നും ചൂണ്ടികാട്ടി ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചത്.

എല്‍ഡിഎഫ് അവസാനിച്ചുവെന്ന് കരുതി സന്തോഷിക്കേണ്ട ,ശക്തമായി തിരിച്ചുവരും, പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് അവസാനിച്ചുവെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് കെജിഒഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

‘ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ പരാജയത്തോട് കൂടി എല്‍ഡിഎഫ് ആകെ അവസാനിച്ചുപോയി എന്ന് ചിലര്‍ കരുതുന്നുണ്ട്. അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ല. എന്തുകൊണ്ട് ജനം മാറ്റി നിര്‍ത്തി എന്ന കാര്യം പാര്‍ട്ടി വിശദമായി പരിശോധിച്ചുവരികയാണ്. ഞങ്ങള്‍ക്കുണ്ടായ ദൗര്‍ബല്യങ്ങളോ, തെറ്റുകളോ അതെല്ലാം കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങള്‍ ഇതില്‍ കണ്ടിട്ടുള്ളത്. എല്‍ഡിഎഫ് ശക്തമായി തന്നെ തിരിച്ചുവരും എന്നതാണ് നാം കാണേണ്ടത്’ പിണറായി പറഞ്ഞു.

രാഷ്ട്രീയ പ്രതികാര നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണം, സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന രാഷ്ട്രീയ പ്രതികാര നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ വലതുപക്ഷ യൂണിയനുകളുടെ ലെറ്റർപാഡ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടിയുണ്ടായെന്നും, ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.ഭരണം മാറുമ്പോൾ ഉദ്യോഗസ്ഥരെയും പൊലീസിനെയും രാഷ്ട്രീയ പകപോക്കലിന് ഇരയാക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഉചിതമല്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ സഞ്ചരിച്ച നവകേരള സദസിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചവരെ തടയുന്നതിലൂടെ, തങ്ങളുടെ ഔദ്യോഗിക ഉത്തരവാദിത്തം നിർവ്വഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോൾ നടപടിയെടുക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. നവകേരള സദസിനോടും എൽഡിഎഫ് സർക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായി പ്രതിഷേധിക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കാൻ ശ്രമിച്ചതിനെ അത്തരത്തിൽ കാണാനാകില്ല. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷൻ വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ കെഎസ്യുക്കാർ അക്രമം അഴിച്ചുവിടുകയായിരുന്നു.

എന്നാൽ അക്രമികളെ തുരത്തുന്നതിന് പകരം പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയാണ് ചെയ്തത്. മർദ്ദനമേറ്റ് ആശുപത്രിയിലായ വിദ്യാർത്ഥികൾക്കെതിരെ വലിയ വകുപ്പുകൾ ചുമത്തി കേസെടുത്തത് യുഡിഎഫ് സർക്കാർ പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, എറണാകുളത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഇടപെടലാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സിപിഐ എം ഉൾപ്പെടെയുള്ള ഇടത് സംഘടനകളുടെ ശക്തമായ ഇടപെടൽ കാരണമാണ് ഈ കുടിയൊഴിപ്പിക്കൽ നടക്കാതെ പോയത്.

സർക്കാരിന്റെ നയം എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നും പാർട്ടി നിരീക്ഷിച്ചു. അധികാരത്തിലേറിയാൽ ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും തന്നെ ജനങ്ങൾക്ക് നൽകാൻ യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല. മുൻ സർക്കാരിന്റെ കാലത്ത് ‘ഖജനാവ് കാലിയാണ്’ എന്ന് നിരന്തരം പ്രചരിപ്പിച്ചു നടന്നവർ, നിലവിൽ 6,000 കോടിയോളം രൂപ ഖജനാവിലുണ്ടെന്ന വസ്തുത പുറത്തുവന്നതോടെ വായടഞ്ഞിരിക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ വരുമ്പോൾ, അതിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് യുഡിഎഫ് സർക്കാർ ഇത്തരം അക്രമങ്ങളും പ്രതികാര നടപടികളും സ്വീകരിക്കുന്നതെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

പന്തീരാങ്കാവില്‍ വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി

കോഴിക്കോട്:പന്തീരാങ്കാവില്‍ വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. മനാല്‍ ഹൗസില്‍ കാര്‍ത്തിക് ആണ് മരിച്ചത്. 21വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാത്രിയായിരുന്നു സംഭവം. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വിദ്യാര്‍ഥി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ അംഗമാണ്. എന്താണ് ആത്മഹത്യയിലേക്ക് നയിച്ച കാര്യമെന്ന് വ്യക്തമല്ല.

പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ബക്രീദ് അവധിക്ക് പ്രത്യേക വൺവേ എക്സ്പ്രസ് ട്രെയിൻ

നീലേശ്വരം: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഹരിക്കുന്നതിനായി മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ ജങ്‌ഷനിലേക്ക് റെയിൽവേ പ്രത്യേക വൺവേ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. പാലക്കാട് ഡിവിഷന് കീഴിലാണ് ഒരു സർവീസ് മാത്രമുള്ള ഈ പ്രത്യേക ട്രെയിൻ ഓടിക്കുന്നത്.


27ന്‌ വൈകിട്ട്‌ 6.00ന്‌ മംഗളൂരു സെൻട്രലിൽനിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 06131 സ്പെഷ്യൽ എക്സ്പ്രസ്, രാത്രി 7.13-ന് നീലേശ്വരത്ത് എത്തും. ഒരു മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 7.14-ന് ഇവിടെനിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ മൂന്നിന്‌ ഷൊർണൂർ ജങ്‌ഷനിൽ എത്തിച്ചേരും. 5 സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകൾ, 13 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഭിന്നശേഷി സൗഹൃദമായ 2 സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയടക്കം ആകെ 20 കോച്ചുകളാണ് ഉണ്ടാവുക.


അൺറിസർവ്ഡ് സർവീസ് ആയതിനാൽ സാധാരണ ടിക്കറ്റ് എടുത്ത് യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം. മംഗളൂരു സെൻട്രൽ (18.00), കാസർകോട് (18.38), കാഞ്ഞങ്ങാട് (19.04), നീലേശ്വരം (19.13), ചെറുവത്തൂർ (19.20), പയ്യന്നൂർ (19.31), പഴയങ്ങാടി (19.44), കണ്ണൂർ (20.17), തലശ്ശേരി (20.38), മാഹി (20.49), വടകര (21.04), കൊയിലാണ്ടി (21.24), കോഴിക്കോട് (21.52), ഫറോക്ക് (22.09), തിരൂർ (22.38), കുറ്റിപ്പുറം (22.59) എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. അതേസമയം, യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പയ്യോളി, പരപ്പനങ്ങാടി, പട്ടാമ്പി എന്നീ സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.