Home News Breaking News രാഷ്ട്രീയ പ്രതികാര നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണം, സിപിഎം

രാഷ്ട്രീയ പ്രതികാര നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണം, സിപിഎം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന രാഷ്ട്രീയ പ്രതികാര നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ വലതുപക്ഷ യൂണിയനുകളുടെ ലെറ്റർപാഡ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടിയുണ്ടായെന്നും, ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.ഭരണം മാറുമ്പോൾ ഉദ്യോഗസ്ഥരെയും പൊലീസിനെയും രാഷ്ട്രീയ പകപോക്കലിന് ഇരയാക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഉചിതമല്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ സഞ്ചരിച്ച നവകേരള സദസിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചവരെ തടയുന്നതിലൂടെ, തങ്ങളുടെ ഔദ്യോഗിക ഉത്തരവാദിത്തം നിർവ്വഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോൾ നടപടിയെടുക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. നവകേരള സദസിനോടും എൽഡിഎഫ് സർക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായി പ്രതിഷേധിക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കാൻ ശ്രമിച്ചതിനെ അത്തരത്തിൽ കാണാനാകില്ല. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷൻ വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ കെഎസ്യുക്കാർ അക്രമം അഴിച്ചുവിടുകയായിരുന്നു.

എന്നാൽ അക്രമികളെ തുരത്തുന്നതിന് പകരം പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയാണ് ചെയ്തത്. മർദ്ദനമേറ്റ് ആശുപത്രിയിലായ വിദ്യാർത്ഥികൾക്കെതിരെ വലിയ വകുപ്പുകൾ ചുമത്തി കേസെടുത്തത് യുഡിഎഫ് സർക്കാർ പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, എറണാകുളത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഇടപെടലാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സിപിഐ എം ഉൾപ്പെടെയുള്ള ഇടത് സംഘടനകളുടെ ശക്തമായ ഇടപെടൽ കാരണമാണ് ഈ കുടിയൊഴിപ്പിക്കൽ നടക്കാതെ പോയത്.

സർക്കാരിന്റെ നയം എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നും പാർട്ടി നിരീക്ഷിച്ചു. അധികാരത്തിലേറിയാൽ ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും തന്നെ ജനങ്ങൾക്ക് നൽകാൻ യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല. മുൻ സർക്കാരിന്റെ കാലത്ത് ‘ഖജനാവ് കാലിയാണ്’ എന്ന് നിരന്തരം പ്രചരിപ്പിച്ചു നടന്നവർ, നിലവിൽ 6,000 കോടിയോളം രൂപ ഖജനാവിലുണ്ടെന്ന വസ്തുത പുറത്തുവന്നതോടെ വായടഞ്ഞിരിക്കുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ വരുമ്പോൾ, അതിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് യുഡിഎഫ് സർക്കാർ ഇത്തരം അക്രമങ്ങളും പ്രതികാര നടപടികളും സ്വീകരിക്കുന്നതെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here