കണ്ണൂര്‍. ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി. ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നും ഓഹരി പങ്കാളിത്തമുണ്ടെന്നും ആരോപിച്ച് ഇ.പി. ജയരാജൻ സി.പി.എം നേതൃത്വത്തിന് പരാതി നൽകി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇരു നേതാക്കളുടെയും പരാതികൾ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്
മാങ്കുളത്തെ റിസോർട്ടുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കമ്മിറ്റി നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും, ദുബായിൽ നടന്ന ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുത്തുവെന്നും ഇ.പി. ജയരാജൻ കത്തിൽ ആരോപിക്കുന്നു. കൂടാതെ വിവിധ ജില്ലകളിലെ ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച രേഖകളും കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വൈദേകം റിസോർട്ട് വിവാദത്തിൽ താൻ നൽകിയ പരാതിക്കുള്ള പ്രതികാരമാണ് ഇതെന്നുമാണ് പി. ജയരാജന്റെ നിലപാട്. റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ദുബായിലെ ബോർഡ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ നേരത്തെ പി. ജയരാജൻ ഉന്നയിച്ച പരാതിയും, ഇ.പി. ജയരാജന്റെ പരാതിയും കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതി അന്വേഷിക്കും.
അതിനിടെ റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി ജയരാജന്റെ മകൻ ജെയിൻ രാജ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ചര്‍ച്ചയായി. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജെയിൻ രാജിൻ്റെ പരിഹാസം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്.

































