Home Lifestyle Tips ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു

Advertisement

ഭക്ഷണം കുറെ നാളത്തേക്ക് കേടുകൂടാതെ വയ്ക്കാൻ ഫ്രിഡ്ജ് സഹായിക്കുമെന്നത് ശരിയാണ്. എന്നാൽ എല്ലാ സാധനങ്ങളും എത്ര കാലം വേണമെങ്കിലും ഫ്രിഡ്ജിൽ ഫ്രഷ് ആയിരിക്കുമെന്ന് പറയാനാവില്ല.
ഇന്നത്തെക്കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ കുറവാണ്. സമയം ലാഭിക്കാൻ ഭക്ഷണം നേരത്തെ ഉണ്ടാക്കി വയ്ക്കുന്നതും, ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും സാധാരണമാണ്. ഭക്ഷണം കുറെ നാളത്തേക്ക് കേടുകൂടാതെ വയ്ക്കാൻ ഫ്രിഡ്ജ് സഹായിക്കുമെന്നത് ശരിയാണ്. എന്നാൽ എല്ലാ സാധനങ്ങളും എത്ര കാലം വേണമെങ്കിലും ഫ്രിഡ്ജിൽ ഫ്രഷ് ആയിരിക്കുമെന്ന് പറയാനാവില്ല. ഓരോ ഭക്ഷണത്തിനും അതിൻ്റേതായ സമയപരിധിയുണ്ട്. ആ സമയം കഴിഞ്ഞാൽ അത് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

പാകം ചെയ്ത ഭക്ഷണവും പാൽ ഉൽപ്പന്നങ്ങളും

പാകം ചെയ്ത ഭക്ഷണം: വീട്ടിലുണ്ടാക്കിയ കറികളും മറ്റ് ഭക്ഷണങ്ങളും സാധാരണയായി ഫ്രിഡ്ജിൽ രണ്ടോ മൂന്നോ ദിവസം വരെ മാത്രമേ കേടുകൂടാതിരിക്കൂ. അതിനുശേഷം അവയിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടും.

പാൽ: തിളപ്പിച്ച പാൽ മൂന്ന് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്. പാക്കറ്റ് പാൽ പൊട്ടിച്ചുകഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കണം.

തൈര്: ഫ്രഷായ തൈര് ഫ്രിഡ്ജിൽ നാലോ അഞ്ചോ ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ ഇതിന് അമിതമായ പുളിയോ ചീത്ത മണമോ വന്നാൽ പിന്നെ ഉപയോഗിക്കരുത്.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികൾ: ഇലക്കറികൾ ഫ്രിഡ്ജിൽ മൂന്നോ നാലോ ദിവസം വരെ ഫ്രഷായിരിക്കും. എന്നാൽ ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ പോലുള്ള പച്ചക്കറികൾ അഞ്ചു മുതൽ ഏഴ് ദിവസം വരെ കേടാകില്ല.

പഴങ്ങൾ: ആപ്പിൾ, പിയർ പോലുള്ള പഴങ്ങൾ ഒന്നോ രണ്ടോ ആഴ്ച വരെ ഫ്രിഡ്ജിൽ വയ്ക്കാം. എന്നാൽ മുന്തിരി, സ്ട്രോബെറി പോലുള്ളവ മൂന്ന് ദിവസത്തിൽ കൂടുതൽ വയ്ക്കുന്നത് ചീത്തയാകാൻ കാരണമാകും.

മുറിച്ചു വച്ച പഴങ്ങൾ: മുറിച്ചുവെച്ച പഴങ്ങൾ അധികസമയം ഫ്രിഡ്ജിൽ വയ്ക്കുന്നത് നല്ലതല്ല. 24 മണിക്കൂറിനുള്ളിൽ ഇവ കഴിക്കണം, അല്ലെങ്കിൽ അവയിൽ അണുക്കൾ പെരുകാൻ സാധ്യതയുണ്ട്.

മുട്ട, ഇറച്ചി, ബ്രെഡ്

മുട്ട: പച്ചമുട്ട ഏഴ് മുതൽ പത്ത് ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ പുഴുങ്ങിയ മുട്ട രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കഴിക്കണം.

ഇറച്ചി: പച്ച ചിക്കനോ മറ്റ് ഇറച്ചിയോ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വയ്ക്കരുത്. മീനും കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.

ബ്രെഡ്: അഞ്ചു മുതൽ ഏഴ് ദിവസം വരെ വയ്ക്കാം. കൂടുതൽ ദിവസം വയ്ക്കുന്നത് ബ്രെഡിന്റെ രുചി നഷ്ടപ്പെടാൻ കാരണമാകുന്നു.

ചോറ്, ചപ്പാത്തി

ചോറ്: ഫ്രിഡ്ജിൽ വച്ച ചോറ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിക്കണം.

ചപ്പാത്തി: ചപ്പാത്തി ഉണ്ടാക്കി 12 മുതൽ 14 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അതിൽ കൂടുതൽ സമയം വെച്ചാൽ അതിലെ പോഷകങ്ങൾ നഷ്ടപ്പെടും.

ഫ്രിഡ്ജിൽ ഭക്ഷണം വയ്ക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

  1. ചൂടുള്ള ഭക്ഷണം അതേപടി ഫ്രിഡ്ജിലേക്ക് വയ്ക്കരുത്.
  2. പാകം ചെയ്ത ഭക്ഷണവും പച്ചയായ ഇറച്ചി, മീൻ പോലുള്ളവയും വെവ്വേറെ സൂക്ഷിക്കുക.
  3. ഭക്ഷണം സൂക്ഷിക്കാൻ എപ്പോഴും എയർ ടൈറ്റ് പാത്രങ്ങൾ ഉപയോഗിക്കുക.
  4. ഫ്രിഡ്ജിലെ താപനില 3-4 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ക്രമീകരിക്കുക.
  5. ഭക്ഷണത്തിന് ചീത്ത മണമോ, പൂപ്പലോ, നിറംമാറ്റമോ കണ്ടാൽ അത് കളയുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here