ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പരന്‍കുണ്‍ട്രം കുന്നിന് മുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ (ദീപത്തൂണ്‍) കാര്‍ത്തിക ദീപം തെളിച്ചില്ല. ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്. ദീപത്തൂണില്‍ ഇത്തവണ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഒറ്റത്തവണത്തേയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു.
ദീപത്തൂണില്‍ ദീപം തെളിയിക്കാതിരുന്നത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി, ഹൈന്ദവ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനേയും ഇക്കാര്യം അറിയിക്കും. കുന്നിന്‍ മുകളിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ഒരു തവണ ദീപം തെളിയിക്കാന്‍ നവംബര്‍ 20 നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, ഇത്തവണ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് വൈകീട്ട് ചേര്‍ന്ന മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്, ജില്ലാ കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയ ഭരണകൂടം ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ അനുവദിച്ചില്ല.
ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍
ദീപം തെളിയിക്കലിന്റെ ഭാഗമായി മധുരയിലേക്ക് പോകാന്‍ ശ്രമിച്ച ബിജെപി നേതാക്കളെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും തമിഴ്‌നാട് പൊലീസ് സംസ്ഥാന വ്യാപകമായി തടയുകയും കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു. തിരുപ്പരന്‍കുണ്‍ട്രം മലയിലേക്ക് പുറപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ തിരുനെല്‍വേലിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു സംഘടനാ പ്രതിനിധികളെ തടഞ്ഞത് സംസ്ഥാനത്ത് സംഘര്‍ഷത്തിനും വഴി വെച്ചിരുന്നു.
സുപ്രിംകോടതി നിര്‍ദേശം ഇങ്ങനെ:
തിരുപ്പരന്‍കുണ്‍ട്രം മലയിലെ ‘ദീപത്തൂണ്‍’ എന്നറിയപ്പെടുന്ന കല്‍ത്തൂണില്‍ ചൊവ്വാഴ്ച ഒരു തവണത്തേക്ക് മാത്രം കാര്‍ത്തികദീപം തെളിയിക്കാന്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ്, നവംബര്‍ 20 ന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയത്. സ്ഥലത്തേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കരുത്. ഘോഷയാത്രയോ മറ്റോ പാടില്ല. ക്ഷേത്രത്തിലെ അംഗീകൃത പ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനം നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. താല്‍ക്കാലിക അനുമതി ഭാവിയില്‍ സ്ഥിരമായ ആചാരാവകാശമായി കണക്കാക്കരുതെന്നും, സമീപത്തുള്ള ദര്‍ഗയിലെ പ്രാര്‍ത്ഥനകള്‍ക്കോ സഞ്ചാരസ്വാതന്ത്ര്യത്തിനോ യാതൊരു തടസ്സവും ഉണ്ടാകരുതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.



























