പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ശേഷം സ്ലോട്ട് ക്യാന്‍സെല്‍ ചെയ്താല്‍ ഉടന്‍ വീണ്ടും ബുക്ക് ചെയ്യാനാകില്ല. റദ്ദു ചെയ്തവര്‍ക്ക് എട്ടു മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ബുക്ക് ചെയ്യാനാകൂവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.
പുതിയ സംവിധാനം ഇന്ന് രാത്രി മുതല്‍ നിലവില്‍ വരും. ഡമ്മി ബുക്കിങ്ങും കൂട്ടത്തോടെയുള്ള തട്ടിപ്പുകളും തടയുക ലക്ഷ്യമിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കിയാല്‍, പുതിയ ആളുകള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. ആസൂത്രിത ശ്രമമുണ്ടെങ്കില്‍ തടയുക എന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് കെ ജയകുമാര്‍ പറഞ്ഞു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശബരിമലയില്‍ 47 ശതമാനത്തോളം തീര്‍ഥാടകരുടെ കുറവാണ് ഇതുവരെ ഉണ്ടായത്. ഇതിനെക്കുറിച്ച് പരിശോധിച്ചപ്പോള്‍ ഇതരസംസ്ഥാനത്തുള്ള ഭക്തരെ എത്തിക്കുന്ന ചില ഏജന്‍സികള്‍ ഡമ്മി ബുക്കിങ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുതടയുന്നതിനു വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. വെര്‍ച്വല്‍ ക്യൂ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും ബുക്കിങ് പരിധി വര്‍ദ്ധിപ്പിക്കുന്നതും സംബന്ധിച്ച് നടപടികള്‍ ചര്‍ച്ചയിലുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂര്‍ണ സംതൃപ്തി നല്‍കുന്നു. വിര്‍ച്വല്‍ ക്യൂ വഴിയോ സ്‌പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പന്‍മാര്‍ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന അച്ചടക്കം കൊണ്ടുവരാന്‍ കഴിഞ്ഞു. പണമിടപാട് പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കിയതിനാല്‍ വരുമാന ചോര്‍ച്ച തടയാന്‍ സാധിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
































