തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് എസ്എഫ്‌ഐ – കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. വിജയാഹ്ലാദ പ്രകടനത്തിനിടെ കെഎസ് യു പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കകയും ചെയ്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി.
പൊലീസിന് വിഡി സതീശന്‍ ഭക്തിയെന്ന് എഎ റഹീം പറഞ്ഞു. ഇങ്ങനെയൊരു സംഘഷം വിളിച്ചുവരുത്തിയത് കെഎസ് യു മാത്രമല്ല പൊലീസ് കൂടിയാണ്. ഇങ്ങനെ അക്രമം നടത്തിയാല്‍ എസ്എഫ്‌ഐക്കാര്‍ പിരിഞ്ഞുപോകുമെന്നാണോ പൊലീസും കെഎസ്‌യുവും കരുതുന്നത്. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്നും എസ്എഫ്‌ഐ വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടെ കെഎസ് യുക്കാര്‍ കല്ലേറ് നടത്തുകയായിരുന്നെന്ന് റഹിം പഞ്ഞു. കല്ല് എറിയുന്നവരെ നേരിടാതെ പൊലീസ് സമാധാന പരമായി ഇരിക്കുന്ന എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്ന 37 ജനറല്‍ സീറ്റുകളില്‍ 35 എണ്ണവും എസ്എഫ്‌ഐ വിജയിച്ചു. സെനറ്റില്‍ നാല് സീറ്റുകള്‍ കെഎസ് യു നേടിയിരുന്നു. ഇതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും ആഹ്ലാദ പ്രകടനം നടത്തി. ഇതിനിടെ ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.






























