ന്യൂഡൽഹി: ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ.
ഉടൻ സിങ്കപ്പൂരിലെ കോടതിയിൽ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) നിയമപരമായ ചിലവായി കോടതിയിൽ അടക്കാനും വിധിയിൽ ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം.
സിംഗപ്പൂരിലെ ബീയാർ ഇൻവെസ്റ്റ്കോ എന്ന കമ്പനിയിലെ തന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ബൈജൂസ് കമ്പനി ആഗോള തലത്തിലെ തങ്ങളുടെ നിക്ഷേപകരുമായി ഇപ്പോൾ നടത്തുന്ന നിയമയുദ്ധങ്ങളിൽ ഏറ്റവും പുതിയ തിരിച്ചടിയാണിത്. അതേസമയം ബൈജു രവീന്ദ്രൻ ഇപ്പോൾ എവിടെയാണെന്നതിൽ വ്യക്തതയില്ല. അദ്ദേഹം സിംഗപ്പൂർ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.
അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികൾ തുടരുകയാണ്. 120 കോടി ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയും നേരത്തെ ബൈജുവിനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ സ്റ്റാർട്ട്അപ്പുകളിൽ വച്ച് ഏറ്റവും വലിയ മുന്നേറ്റം നടത്തി ലോകമാകെ പ്രശസ്തിയാർജിച്ച ശേഷമാണ് വൻ തകർച്ചയിലേക്ക് ബൈജൂസ് കൂപ്പുകുത്തിയത്.






























