Home News Breaking News മാങ്ങയുടെ വില 850 രൂപ, പണം നൽകാൻ ആവശ്യപ്പെട്ട ഭാര്യയെ തല്ലിച്ചതച്ച് ടെക്കി ഭർത്താവ്, കേസ്

മാങ്ങയുടെ വില 850 രൂപ, പണം നൽകാൻ ആവശ്യപ്പെട്ട ഭാര്യയെ തല്ലിച്ചതച്ച് ടെക്കി ഭർത്താവ്, കേസ്

Advertisement

പൂനെ: 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനേ ചൊല്ലി തർക്കം. ഭാര്യയെ ക്രൂരമായി മർദ്ദിച്ച് സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 850 രൂപ വിലവരുന്ന ഒരു പെട്ടി മാമ്പഴത്തിന്റെ പേരിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്കാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൂനെയിലെ ഇവരുടെ താമസസ്ഥലത്തുവെച്ച് ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു ക്രൂരമായ മർദ്ദനം നടന്നതെന്നാണ് ആരോപണം.

മാമ്പഴം വിൽക്കുന്നയാൾക്ക് പണം നൽകാനായി ഭാര്യ ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. ഇതിന് പിന്നാലെ മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്. പണം നൽകാൻ ഭർത്താവ് വിസമ്മതിക്കുകയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭാര്യ ഈ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്താൻ ആരംഭിച്ചു. ഇതിൽ പ്രകോപിതനായ ഭർത്താവ് യുവതിയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങുകയും അവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

മർദ്ദനത്തിൽ യുവതിയുടെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തന്നെ മർദ്ദിച്ചതിന് പുറമെ ഭർത്താവ് മോശമായ ഭാഷയിൽ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് യുവതി പരാതിയിൽ പറയുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് അയച്ചു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂനെ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. അപകടകരമായ ആയുധങ്ങളോ മാർഗ്ഗങ്ങളോ ഉപയോഗിച്ച് മനപൂർവം പരിക്കേൽപ്പിക്കൽ, ക്രിമിനൽ കുറ്റകൃത്യത്തിന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭർത്താവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here