25 C
Kollam
Wednesday 26th August, 2026 | 10:31:17 PM
Home News Kerala കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും

കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും. നേതൃമാറ്റ തീരുമാനം നാളെ പ്രഖ്യാപിച്ചേക്കും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു. ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നുവെങ്കിലും, പാർട്ടി നേതൃത്വം ഒടുവിൽ ശിവകുമാറിലേക്ക് തന്നെ എത്തുകയായിരുന്നു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ധാരണ പ്രകാരം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി കസേര രണ്ടര വർഷം വീതം പങ്കിടും എന്നാണ്. എന്നാൽ സിദ്ധരാമയ്യ രാജിവെക്കാൻ തായാറായിരുന്നില്ല.

കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം വെള്ളിയാഴ്ച നടക്കാനാണ് സാധ്യത. കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ബെംഗളൂരുവിലേക്ക് എത്തും.

രാഹുൽ ഗാന്ധി സിദ്ധരാമയ്യയെ കണ്ട് രാജിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. തന്റെ അടുത്ത അനുയായികളുമായി കൂടിയാലോചിക്കാൻ സിദ്ധരാമയ്യ സമയം തേടുകയും ഹൈക്കമാൻഡ് അത് അംഗീകരിക്കുകയുമായിരുന്നു. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സിദ്ധരാമയ്യ കെ.ജെ ജോർജ്, എച്ച്.സി. മഹാദേവപ്പ, ബൈരതി സുരേഷ്, ജി. പരമേശ്വര എന്നിവരുൾപ്പെടെയുള്ളവരുമായി കൂ‌ടിയാലോചനകൾ നടത്തി. ഇതിന് പിന്നാലെയാണ് തീരുമാനം.

അധികാര സന്തുലിതാവസ്ഥ പൂർണമായും ഡി.കെ. ശിവകുമാറിന് അനുകൂലമാകാതിരിക്കാൻ സിദ്ധരാമയ്യ ക്യാമ്പ് ശക്തമായി സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. അധികാര സന്തുലിതാവസ്ഥ നിലനിർത്താൻ ഡി.കെ ശിവകുമാറിന് കീഴിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് സിദ്ധരാമയ്യ ക്യാമ്പിന്റെ പ്രധാന ആവശ്യം.
ഇതിനുപുറമെ, പുതിയ കർണാടക കോൺഗ്രസ് അധ്യക്ഷൻ തങ്ങളുടെ താൽപര്യപ്രകാരമുള്ള ആളായിരിക്കണമെന്നും മുഖ്യമന്ത്രിയുടെ ക്യാമ്പ് ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്.