ശാസ്‌താംകോട്ട:കുന്നത്തൂർ താലൂക്കിലെ വിവിധ മേഖലകളിൽ അപകട ഭീഷണിയായ കൂറ്റൻ മരങ്ങൾ ദുരന്തങ്ങൾക്ക് കാരണമായേക്കാവുന്ന തരത്തിൽ മുറിച്ച് പാതയോരങ്ങളിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു.ദേശീയപാതകളിലും തിരക്കേറിയ മറ്റ് പാതകളിലുമടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമായി മാറിയിരിക്കയാണ്.ഏതാനും ആഴ്ചകൾക്കു മുമ്പ് ശാസ്‌താംകോട്ട കോടതി മുക്കിനും മണ്ണെണ്ണ മുക്കിനും മധ്യേയുള്ള വളവിൽ നിന്ന കൂറ്റൻ മരം അപകട ഭീഷണിയെ തുടർന്ന് മുറിച്ചിരുന്നു.ഈ മരം വലിയ പീസുകളാക്കി തിരക്കേറിയ പാതയോരത്ത് നിരനിരയായി തള്ളിയിരിക്കുകയാണ്.പാതയോരം നന്നേ കുറവായ ഇവിടെ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.മാത്രമല്ല മുറിച്ചു മാറ്റിയ മരത്തിൻ്റെ കൂറ്റൻ ചുവടുഭാഗവും ശാസ്‌ത്രീയമായ രീതിയിൽ ഇല്ലാതാക്കിയില്ലെങ്കിൽ വാഹനങ്ങൾ ഇടിച്ചു കയറാനുള്ള സാധ്യതയുണ്ട്.
നിരന്തരമായ പരാതിയെ തുടർന്ന് അപകട ഭീഷണിയായ മരം മുറിച്ചു ദുരന്തഭീഷണിയാക്കി മാറ്റിയതാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഭരണിക്കാവ്- വണ്ടിപ്പെരിയാർ ദേശീയ പാതയിൽ പോരുവഴി ശാസ്‌താംനട ജംഗ്ഷനിൽ അപകട ഭീഷണിയായി നിന്ന കൂറ്റൻ വാകമരം മുറിച്ച് പാതയോരത്ത് തള്ളിയിട്ട് മാസങ്ങളായി.ഇരുചക്ര വാഹനാപകടങ്ങൾ പതിവായതോടെ താലൂക്ക് വികസന സമിതി യോഗം ദേശീയപാതാ അധികൃതർക്ക് മുറിച്ചിട്ട മരം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല.കൊട്ടാരക്കര റോഡിൽ സിനിമാപറമ്പിന് കിഴക്കും കുന്നത്തൂർ നെടിയവിള ജംഗ്ഷന് കിഴക്ക് റേഷൻ കടയ്ക്ക് സമീപത്തും മുറിച്ചിട്ട മരങ്ങൾ റോഡിനോട് ചേർന്ന് തന്നെ ഉപേക്ഷിച്ച നിലയിലാണ്.ദുരന്തത്തിന് കാത്തിരിക്കാതെ അടിയന്തിരമായി ശാസ്‌താംകോട്ട,ശാസ്താംനട എന്നിവിടങ്ങളിൽ റോഡരികിൽ കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

































