ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ പ്രതികൾ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്‍, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് ഹാജരായത്. വേട്ടയാടപ്പെട്ടുവെന്നും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു.
കേസിൽ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പ്രിസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനായിരുന്നു നിർദേശം. രാവിലെ പത്ത് മണിമുതൽ വൈകീട്ട് നാലുവരെ അന്വേഷണ സംഘത്തിന് പ്രതികളെ ചോദ്യം ചെയ്യാം. എസ്ഐടി ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കാനാണ് സാധ്യത. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാൾ ജാമ്യത്തിലും വിട്ടയക്കണമെന്നാണ് ജാമ്യവ്യവസ്ഥ. അടുത്ത രണ്ട് ദിവസം കൂടി ചോദ്യം ചെയ്യൽ തുടരും.
തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പൊലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാദം അവിശ്വസനീയം. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്. കാപ്പ അടക്കം 7 കേസുകളിൽ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നത്.
സുഗതൻ കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന മേയർ വിവി രാജേഷിന്റെ വാദം തെളിയിക്കുന്ന പൊലീസ് രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ആർ സുഗതനെതിരെ ആദ്യം കാപ്പ ചുമത്തുന്നത് 2023 ലാണ്. കാപ്പ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒന്നെങ്കിൽ തടവിലിടുകയോ അല്ലെങ്കിൽ നാടുകടത്തുകയോ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിടുകയോ വേണം. 2023 ൽ ആദ്യ കാപ്പ കേസിൽ അങ്ങനെ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിട്ടു. പിന്നീട് 2025 ലും കാപ്പ ചുമത്തി. നാല് മാസം ഒപ്പിട്ടപ്പോഴേക്കും ബാക്കിയുള്ള രണ്ട് മാസം ഇളവ് ചെയ്തു. ഇതിനെല്ലാം ഇടയിലാണ് 2019 മുതൽ 2026 വരെ മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ 7 ക്രിമിനൽ കേസുകളിൽ സുഗതൻ പ്രതിയായത്.
കേസുകള്‍ ഇങ്ങനെ
2019 ഓഗസ്റ്റ് 25, കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം.
2023 ജൂലൈ 20, വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കൽ.
2023 ജൂലൈ 17, ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിക്കൽ.
2025 മാർച്ച് 14, ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം.
2025 ജൂലൈ 25, സെക്യൂരിറ്റി ജീവനക്കാരനെ പണം നൽകാത്തതിന് ഒരു ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്.
2026 ഫെബ്രുവരി 2ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തി എന്ന കേസ്.
ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് ബിജെപി സ്ഥാനാർഥിയാക്കിയത്. കൗൺസിലറായി ജയിക്കുകയും ചെയ്തു. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസെത്തി. വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. അല്പം കഴിഞ്ഞ് സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി.
കഴിഞ്ഞ ഏഴിന് പൊലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ സുഗതൻ ഒളിവിൽ പോവുകയായിരുന്നു. തൊട്ടു പിന്നാലെ പൊലീസ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്താൻ ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. ഇതിൽ നടപടികൾ പൂർത്തിയായി കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ ഒളിവിൽ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട് വളയുന്നതും പൊലീസിനെ ആക്രമിക്കുന്നതിനിടെ സി ഐ ആകാശത്തേക്ക് നിറയൊഴിക്കുന്നതും.
മലപ്പുറം. ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ബസ്സിൻ്റെ ഗ്ലാസ്സ് തകർത്ത് ഓട്ടോ ഡ്രൈവർ. യുവാവിനെ പിടികൂടി തിരൂർ പോലീസ്. തിരൂർ ആലത്തിയൂരിലാണ് സംഭവം
ബസ്സും ഓട്ടോയും തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ ഇരുമ്പ് വടി കൊണ്ട് ബസ്സിൻ്റെ ഗ്ലാസ്സ് അടിച്ച് പൊട്ടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ചമ്രവട്ടം സ്വദേശി പീടിയേക്കൽ ഹബീബ്(29) ആണ് അറസ്റ്റിലായത്
തിരുവനന്തപുരം. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര. ആദ്യ യാത്രയിൽ മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും. തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് ആദ്യ യാത്ര. മുഖ്യമന്ത്രി തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്യും. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ തുളസി എന്നിവരും യാത്രയിലുണ്ടാകും
സൗജന്യ യാത്രയുടെ ബസുകളിൽ പ്രത്യേക സ്റ്റിക്കർ. പ്രിയദർശിനി എന്ന പേരിൽ പ്രത്യേക സ്റ്റിക്കർ പതിക്കും. സൗജന്യ യാത്രയുടെ ബസ്സുകൾ തിരിച്ചറിയാനാണ് ഈ ക്രമീകരണം. സൗജന്യ യാത്ര ഉത്തരവ് ഇന്നിറങ്ങും
ഹരിപ്പാട്: തമിഴ്‌നാട് സ്വദേശികളായ ബാലന്മാരെ ആലപ്പുഴയിൽ ഭിക്ഷാടനത്തിനായി എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ. തമിഴ്‌നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി(31)യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ തൂത്തുക്കുടിയിൽനിന്നും ഹരിപ്പാട് എത്തിച്ചാണ് ഭിക്ഷാടനത്തിന് നിർബന്ധിച്ചിരുന്നത്. ഇവർ ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുക പതിവായിരുന്നു. കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകാനും ഇയാൾ തയ്യാറായിരുന്നില്ല.
പീഡനം സഹിക്കവയ്യാതെ മഹാരാജ ഇവരുടെ സംഘത്തിൽനിന്നും ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുകയായിരുന്നു. ഇവിടെവെച്ച് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കുട്ടിയെ ബാലഭവനിൽ താൽക്കാലികമായി താമസിപ്പിച്ചു വരികയാണ്. വിവരമറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ അന്തോണിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
അന്വേഷണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം ചിലമ്പരശനും ഉണ്ടായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കൊച്ചി യൂണിറ്റ് ഓഫിസില്‍ നാളെ നേരിട്ടു ഹാജരാകാനുള്ള സമന്‍സില്‍ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി വീണ. ഇന്നലെ രാവിലെയാണു കത്ത് ഇ-മെയിലായി ഇഡി ഓഫീസില്‍ ലഭിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ.
അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകള്‍ വൈദ്യപരിശോധനാ രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ ഇ ഡി പരിഗണിക്കുന്നതാണ് പതിവ്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പ് 50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും വീണയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവധി അപേക്ഷയില്‍ ഇഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.
ഒരു ദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയില്‍ നേരിട്ടു ഹാജരാകേണ്ടിവരും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പ് 50 പ്രകാരം സമന്‍സ് നല്‍കിയാല്‍ ഇഡി ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കക്ഷികള്‍ക്ക് കഴിയില്ല. ഒരു സിവില്‍ കോടതി നല്‍കുന്ന സമന്‍സിനു തുല്യമായ നിയമസാധുത ഇതിനുണ്ട്.
കണ്ണൂര്‍. പൊതുജന അഭിപ്രായം തേടാനുള്ള സിപിഎം തീരുമാനം നല്ലതെന്നും ഇതായിരുന്നു താന്‍ നേരത്തേ പറഞ്ഞതെന്നും വി കുഞ്ഞികൃഷ്ണന്‍. സിപിഐഎം നടപടിയെ പോരാട്ട വിജയമായി കാണുന്നു. നേരത്തെ പറഞ്ഞത് പാർട്ടിക്ക് ഇപ്പോൾ അംഗീകരിക്കേണ്ടി വന്നു
ആരോപണ വിധേയനായ അഴിമതിക്കാരൻ അല്ലായിരുന്നു പയ്യന്നൂരിൽ നിന്ന് ജനവിധി തേടിയിരുന്നതെങ്കിൽ ഒരിക്കലും മത്സര രംഗത്ത് ഉണ്ടാവുമായിരുന്നില്ലെന്നും വി കുഞ്ഞികൃഷ്ണൻ
കൊച്ചി. പെരുമ്പാവൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ട.ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 100 ടിൻ ഹെറോയിനും കഞ്ചാവും പിടികൂടി.സംഭവത്തിൽ 5 ഇതരസംസ്ഥാന തൊഴിലാളികളെയും എക്സൈസ് പിടികൂടി.കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ വ്യാപാരസ്ഥാപനങ്ങൾ കൂടുതലുള്ള സ്വകാര്യ ബസ് സ്റ്റാൻഡ് മത്സ്യമാർക്കറ്റ് പരിസരങ്ങളിലാണ് കൂടുതലായും പരിശോധന നടത്തിയത്.അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും, ഇവർ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പരിശോധന നടന്നു. അതിഥി തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ ലഹരി ഉത്പന്നങ്ങൾ വലിയ തോതിൽ എത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 തിങ്കളാഴ്ച മുതൽ ആരംഭിക്കുമ്പോൾ ആദ്യ യാത്ര കളറാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രി വിഡി സതീശൻ ഗതാഗത മന്ത്രി സിപി ജോൺ മന്ത്രിമാരായ ബിന്ദു കൃഷ്ണ,കെ എതുളസി എന്നിവരും ആദ്യ യാത്രയിൽ പങ്കാളികളാകും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കുക. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിക്കി പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.
‘പ്രിയദർശിനി’ എന്ന പേരിലാകും പദ്ധതി അവതരിപ്പിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. 800 കോടി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുക. ഇതുവഴി കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സൗജന്യ യാത്രയ്ക്കായി 800 കോടിയോളം രൂപ അധികമായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി.പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മാനസിക പീഡനത്തിന് ഇരയാക്കിയെന്ന അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. തൃപ്പൂണിത്തുറ വനിതാ സെൽ എസ് ഐക്കെതിരെയും നടി ലക്ഷ്മി പ്രിയക്കെതിരെയും അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കൊച്ചി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം പരാതിക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് ലക്ഷ്മി പ്രിയ ആരോപിച്ചു. ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പൊലീസ് വൃക്തമാക്കി
അൻസിബ ഫോണിലെക്ക് അയച്ചൊരു സന്ദേശത്തിന്റെ പേരിൽ കുടുംബ പ്രശ്നം ചൂണ്ടിക്കാട്ടി ലക്ഷ്മി പ്രിയ പോലീസിനെ സമീപിച്ചതിനു പിന്നാലെ തൃപൂണിത്തുറ വനിതാ സെൽ പൊലീസ് 3 മണികൂറോളം തന്നെ സ്റ്റേഷനിൽ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നും ഒടുവിൽ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നുമായിരുന്നു അൻസിബയുടെ പരാതി. ആഭ്യന്തരമന്ത്രിക്ക് അയച്ച പരാതിക്ക് പിന്നാലെ തൃക്കാക്കര എസിപി ഓഫീസിലെത്തി നടി അൻസിബ മൊഴി നൽകിയിരുന്നു.ജനുവരിയിൽ നടന്ന സംഭവത്തിൽ തൃക്കാക്കാര എ സി പി നേരിട്ട് അന്വേഷിച്ച സംഭവത്തിൽ ആദ്യം അൻസിബയെയും തുടർന്ന് ലക്ഷ്മി പ്രിയയെയും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഒടുവിൽ എ സി പി പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ വനിത എസ് ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുകയാണ് മാത്രമാണ് ചെയ്തത്. ഒരു മണിക്കൂർ മാത്രമാണ് അൻസിബ സ്റ്റേഷനിൽ ഉണ്ടായിരുന്നത്. എല്ലാത്തിനും തെളിവും ഓഡിയോ റെക്കോർഡും ഉണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് എ സി പിയുടെ റിപ്പോർട്ട്.ലക്ഷ്മി പ്രിയ അൻസിബക്കെതിരെ ഉന്നയിച്ച പരാതിയും പൊലീസ് തള്ളി.പോലീസ് നടപടിയെ സ്വാഗതം ചെയ്ത ലക്ഷ്മിപ്രിയ പരാതിക്ക് പിന്നിൽ വർഗീയത അജണ്ടയുണ്ടെന്നും മാനനഷ്ട്ടം ഫയൽ ചെയൂമെന്നും വ്യക്തമാക്കി
എന്നാൽ താൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് കണ്ടെത്തലിനെതിരെ നടി അൻസിബ ഹസൻ രംഗത്തെത്തി. പൊലീസിന്റെ ഏകപക്ഷീയമായ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അൻസിബ വ്യക്തമാക്കി. നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയ കടവന്ത്ര പൊലീസ് മൊഴി പകർപ്പ് എ സി പിക്ക് അയച്ചു കൊടുത്തു. മേൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാകും തുടർനടപടി.അൻസിബയുടെ പരാതിയിലെ പ്രധാന സാക്ഷിയായ നീനക്കുറിപ്പിനെയും മൊഴിയെടുക്കാനായി പോലീസ് വിളിചേക്കും.