Advertisement
മാഡ്രിഡ്: മത്സരത്തിനിടെ എതിർ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേൽ (30) മരിച്ചു. സ്പാനിഷ് സെക്കൻഡ് ഡിവിഷൻ മത്സരത്തിനിടെയായിരുന്നു അപകടം. ടെനെരിഫെ ക്ലബ്ബിന്റെ സ്ട്രൈക്കറായിരുന്നു.
ഗോൾശ്രമം തടയാനായി പോസ്റ്റിൽനിന്ന് കുതിച്ചെത്തിയ എഫ്‌സി അൻഡോറയുടെ ഗോൾകീപ്പർ ജീസസ് ഓവോനോയുമായി മൈതാനമധ്യത്തിൽ വെച്ചാണ് ഡി മിഗ്വേൽ കൂട്ടിയിടിച്ചത്. ഇക്വറ്റോറിയൽ ഗിനിയയുടെ ദേശീയ ടീമിനുവേണ്ടിയും കളിക്കുന്ന താരമാണ് ഓവോനോ.
അപകടത്തെത്തുടർന്ന് മത്സരം ഉപേക്ഷിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ വെച്ച് ഡി മിഗ്വേലിന് ഹൃദയാഘാതമുണ്ടായി. പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരത്തിന്റെ വിയോഗം വിവരണാതീതമായ വേദനയാണെന്ന് ടെനെരിഫെ ക്ലബ് അനുശോചനക്കുറിപ്പിൽ അറിയിച്ചു.



























