Home Blog Page 623

കൊല്ലത്ത് സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് ചെടികള്‍

കൊല്ലം: കടപ്പാക്കട ടികെഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കടപ്പാക്കട നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒാപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കരുമ്പാലില്‍ ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കഞ്ചാവിനോട് സാദൃശ്യമുള്ള ചെടികള്‍ വളരുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.
ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് ഒരു ചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി തൊട്ടടുത്തുള്ള കാടുകള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ചെടികള്‍ കൂടി കണ്ടെത്തുകയായിരുന്നു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീപപ്രദേശങ്ങളില്‍ യുവാക്കള്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങളിലും എക്‌സൈസ് സംഘം പരിശോധന നടത്തി.
പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസാദ് കുമാര്‍, അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്. എം. ആര്‍., ജോജോ ജെ., അജീഷ്, ബാലു എസ്. സുന്ദര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വര്‍ഷ വിവേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പ്പനയും ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് അധികൃതരുടെ തീരുമാനം.

വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിമാനത്താവള പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രിമിനൽ സംഘം വലയിലായത്. ഇന്നലെ രാത്രിയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന പാർക്കിംഗ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെർമിനലിലും വിവിധ സംഘങ്ങളായി തിരിഞ്ഞ് സംശയാസ്പദമായ സാഹചര്യത്തിൽ നിലയുറപ്പിച്ചിരുന്ന ഇവരെ പോലീസ് സംഘം വളയുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതിയുടെ ചുരുളഴിഞ്ഞതും സംഘം പൊലീസ് പിടിയിലാവുന്നതും. കവർച്ചാ സംഘം വിമാനത്താവളത്തിലെത്താൻ ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കർണാടക വിരാജ്പേട്ട സ്വദേശിയായ എൻ. എ. അഭിഷേക് (31), കണ്ണൂർ മുഴക്കുന്ന് സ്വദേശി ജുനൈദ്. കെ.പി (27), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശികളായ ശരത് വി (35), കനഗരാജ് കെ കെ. (28), അക്ഷയ്. കെകെ. (26), ധനീഷ് കെ. (29), തില്ലങ്കേരി സ്വദേശി രഞ്ജിത്ത്. ടി. (41), ചക്കരക്കല്ല് സ്വദേശി താജുദ്ധീൻ (32), വാരം സ്വദേശി ഷാരോൺ (23), കൂത്തുപറമ്പ് സ്വദേശി സ്വരലാൽ. കെ. (38), തിരൂർ പുതിയ കടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂർ സ്വദേശി സുജിത്ത്. പി. (26), വളാഞ്ചേരി തിരുവേഗപുര സ്വദേശി ഇർഫാൻ. എ. കെ. (26) എന്നിവരടക്കമുള്ള സംഘമാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശിയായ കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശിയായ അലി അക്ബർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കവർച്ചാ സംഘം വിമാനത്താവളത്തിൽ ഒത്തുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കവർച്ചയ്ക്കായുള്ള ആസൂത്രണവും മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളും അടങ്ങുന്ന വാട്സാപ്പ് ചാറ്റുകൾ പ്രതികളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടുമ്പോൾ ഇവരുടെ കയ്യിലുണ്ടായിരുന്ന 14 ബ്രാൻഡ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കേസിൽ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണ്.

വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

കൊച്ചി: വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നതായും പൊലീസിന്റെ കുറിപ്പില്‍ പറയുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും പോസ്റ്റില്‍ പറയുന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓര്‍മ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാമെന്നും പൊലീസ് കുറിച്ചു.

കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ N.S.S കരയോഗം കുട്ടികൾക്ക് എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു

ശൂരനാട് തെക്ക്. ആയിക്കുന്നം 56-ാം നമ്പർ കൊമ്പിപ്പിള്ളിൽ ചന്ദ്രശേഖരൻപിള്ള മെമ്മോറിയൽ N.S.S കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് വിവിധ എൻഡോവ്മെന്റുകളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കരയോഗ അംഗങ്ങളുടെ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

യൂണിയന്‍ പ്രസിഡന്‌റ് വിആര്‍കെ ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‌റ് കൊമ്പിപ്പിള്ളില്‍ സന്തോഷ് അധ്യക്ഷത വഹിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്‌റ് തോട്ടുവ മുരളി പഠനോപകരണ വിതരണവും യൂണിയന്‍ സെക്രട്ടറി എം അനില്‍കുമാര്‍ എന്‍ഡോവുമെന്റ് വിതരണവും നടത്തി.യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ സോമന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ചെറുകുന്നത്ത് രാജേന്ദ്രന്‍പിള്ള, യൂണിയന്‍ കമ്മിറ്റി അംഗം പി കെ ഹരികൃഷ്ണന്‍,എസ് സുരേഷ്‌കുമാര്‍,പ്രീത,ജി സഹദേവന്‍പിള്ള,ജി രാധാകൃഷ്ണപിള്ള,ഗീതാകുമാരി,സരളാദേവി,മംഗലത്ത് ബാബുപിള്ള എന്നിവര്‍ പ്രസംഗിച്ചു.

ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു

പോരുവഴി . കമ്പലടി LP സ്കൂൾ SMC യുടെ നേതൃത്വത്തിലാണ് സ്കൂളിൽ ഇന്ന് പരിപാടി സംഘടിപ്പിച്ചത്.ഹരിതകർമ്മ സേന അംഗങ്ങളായ ഷാഹിന, സബീന എന്നിവരെയാണ് ആദരിച്ചത്.പഞ്ചായത്ത്‌ പ്രസിഡന്റ് വിനു ഐ. നായർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. HM ഷീബ വി, ഹരിതകർമ്മ സേന കോർഡിനേറ്റർ അനൂപ്, സ്റ്റാഫ് സെക്രട്ടറി ഷഫീക്ക്, ഹസീന തുടങ്ങിയവർ സംസാരിച്ചു.

തെന്നല ജി ബാലകൃഷ്ണപിള്ള കുന്നത്തൂർ താലൂക്ക് രൂപീകരണത്തിനും വികസനത്തിനും നിർണ്ണായകപങ്ക് വഹിച്ച നേതാവ് പി രാജേന്ദ്രപ്രസാദ്


ശാസ്താംകോട്ട: കെ.പി.സി.സി പ്രസിഡന്റും എം.പിയും എം.എൽ.എയുമായിരുന്ന തെന്നല ജി ബാലകൃഷ്ണപിള്ള കുന്നത്തൂർ താലൂക്ക് രൂപീകരണത്തിനും വികസനത്തിനും നിർണ്ണായകമായപങ്ക് വഹിച്ചനേതാവായിരുന്നു വെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കുന്നത്തൂർ നിയോകമണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ തെന്നല ജി ബാലകൃഷ്ണപിള്ളഒന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ഉല്ലാസ് കോവൂർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ഭാരവാഹികളായ കാരു വള്ളിൽ ശശി,കെ.സുകുമാരൻ നായർ ,തുണ്ടിൽ നൗഷാദ്, പി.കെ.രവി , രവി മൈനാഗപ്പള്ളി, മണ്ഡലം പ്രസിഡന്റൻമാരായ പി.എം. സെയ്ദ് , ആർ കഷ്ണകുമാർ , റെജി കുര്യൻ, ആർ.ഡി.പ്രകാശ്,
വൈ.നജിം,എം.വൈ. നിസാർ ,ചക്കുവള്ളി നസീർ ,രവികുമാർ പാങ്ങോട്, പഞ്ചായത്ത് പ്രസിഡന്റ് ആശരമേശ്, എസ്.സുഭാഷ്, പവിത്രേശ്വരം അജയകുമാർ, പതാരം മുഹമ്മദ്കുഞ്ഞ്, ചന്ദ്രൻ കല്ലട, സുരേഷ് ചന്ദ്രൻ , എസ്.ബീനകുമാരി ,ജയശ്രീരമണൻ, ടി.എ. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

വിജയ്‌യെ ചൊല്ലി സഖ്യം വിട്ട് ഡിഎംകെ, ഇല്ലാതായി തൃണമൂൽ, എല്ലാവർക്കും എതിർപ്പ് കോൺഗ്രസിനോട്, ഇന്ത്യ സഖ്യ ഭാവി എന്താകും?

ന്യൂഡെൽഹി:നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പ്ളസ്‌ടു മൂല്യനിർണയ പ്രശ്‌നങ്ങൾ, ഇന്ധന വിലക്കയറ്റം.. കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യാനുള്ള വിഷയങ്ങൾ ഏറെയാണ് . എന്നാൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 23 പാർട്ടികളടങ്ങുന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിന് മുന്നോടിയായി കൂടിയാലോചനകൾക്ക് പകരം കലഹമാണ് ഉണ്ടായിരുന്നത്. പ്രധാന പാർട്ടികളായ ആം ആദ്‌മി പാർട്ടി, ഡിഎംകെ എന്നിവർ മുന്നണിയുടെ ഭാവി തീരുമാനിക്കുന്ന യോഗത്തിൽ പങ്കെടുത്തില്ല

കോൺഗ്രസ് സ്വന്തം സംഘടനാശക്തി വർദ്ധിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും കൂട്ടായ്‌മയ്‌ക്കായി ഒന്നും ചെയ്യുന്നില്ലെന്നും കാട്ടിയാണ് ആം ആദ്‌മി പാർട്ടി സഖ്യം വിട്ടത്. ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും ഇവർ വിമർശനം ഉന്നയിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാത്രം രൂപീകരിച്ചതാണ് ഇന്ത്യ സഖ്യമെന്നും ഇവർ ആരോപിച്ചിരുന്നു.

അതേസമയം, യുപിഎ സഖ്യം രൂപീകരിക്കപ്പെട്ട 2004 മുതൽ 2013വരെ കോൺഗ്രസിന്റെ തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായിരുന്നു ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). തമിഴ്‌നാട് നിയമസഭയിലാകട്ടെ ഈ വർഷം വരെ ആ കൂട്ടുകെട്ട് നിലനിന്നു. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയിച്ചതിന് പിന്നാലെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ നൽകുകയും മന്ത്രിസഭയിൽ അംഗമാകുകയും ചെയ്‌തു. ഇത് ഡിഎംകെ പ്രവർത്തകരെ ഞെട്ടിച്ചു. ജൂൺ അഞ്ചിന് ഡിഎംകെ ഇന്ത്യ മുന്നണിയിൽ അംഗമല്ലെന്ന് പാർട്ടി വക്താവ് ടികെഎസ് ഇളങ്കോവൻ പ്രഖ്യാപിച്ചുകഴിഞ്ഞു.

ടിവികെ കാരണമാണ് ഡിഎംകെ ഇന്ത്യ സഖ്യം വിട്ടതെങ്കിലും വിജയ് നേതൃത്വം നൽകുന്ന പാർട്ടിയിൽ നിന്നാരും സഖ്യത്തിന്റെ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. യോഗത്തിൽ അവർക്ക് ക്ഷണമില്ല എന്നതാണ് പ്രധാന കാരണം. ലോക്‌സഭയിലോ രാജ്യസഭയിലോ അംഗത്വമില്ലാത്തതിനാലാണ് ടിവികെയെ കോൺഗ്രസ് ക്ഷണിക്കാത്തത്. മോദി സർക്കാരിനെ നേരിട്ട് എതിർക്കുന്ന എംപിമാരുള്ള പാർട്ടികൾ മാത്രമാണ് ഇന്ന് യോഗത്തിലുള്ളത്. നിലവിൽ ടിവികെയെ തമിഴ്‌നാട്ടിൽ മാത്രം ശക്തിപ്പെടുത്താനാണ് വിജയ് ശ്രമിക്കുന്നത്, ദേശീയതലത്തിൽ ശക്തിപ്പെടുത്തുന്നത് തൽക്കാലം ഇല്ല.

അതേസമയം, അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പോടെ നാമാവശേഷമായ തൃണമൂൽ കോൺഗ്രസ് ഇതുവരെ ഇന്ത്യാ സഖ്യവുമായി എപ്പോഴും യോജിച്ച് പ്രവർത്തിച്ചിരുന്നവരല്ല. എന്നാൽ നിലവിൽ പാർട്ടി നിലനിൽപ്‌തന്നെ പ്രതിസന്ധിയിലായ സമയമായതിനാൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മ ബംഗാളിൽ വരുംനാളുകളിൽ സജീവമാക്കാനും അതുവഴി 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനെയും പാർട്ടിയെയും ബംഗാളിൽ വിജയവഴിയിൽ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്. ഇതിനായി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസം തന്നെ പാർട്ടി അദ്ധ്യക്ഷ
മമതാ ബാനർജി ഡൽഹിയിലെത്തി.
യോഗത്തിൽ പങ്കെടുക്കുന്ന സിപിഎം ആകട്ടെ കോൺഗ്രസുമായി അത്ര രസത്തിലല്ല. സീതാറാം യെച്ചൂരിയുടെ കാലത്ത് കോൺഗ്രസിന് ഇന്ത്യാ സഖ്യത്തിന് ഏറ്റവും പിന്തുണ നൽകിയ സിപിഎം ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അകൽച്ചയിലായത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നതും സ്വർണം കട്ടത് ആരപ്പാ എന്ന പാട്ട് പ്രചരണത്തിൽ പ്രയോഗിച്ചതും എല്ലാം സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തി. രാഹുലിന്റെ ആരോപണത്തിൽ വ്യക്തത വരുത്തണം എന്നതാണ് പാർട്ടിയുടെ ആവശ്യം.ബിജെപി അതേസമയം ഇന്ത്യ മുന്നണിയുടെ പ്രവർത്തനത്തെക്കുറിച്ച് വലിയ പരിഹാസമാണ് ഉന്നയിച്ചത്. ഒരു തിരഞ്ഞെടുപ്പ് അടുത്തുവന്നാലോ, ഒരു പ്രതിസന്ധി വന്നാലോ, തിരഞ്ഞെടുപ്പിൽ തോറ്റാലോ മാത്രമാണ് ഇന്ത്യ സഖ്യം യോഗം ചേരുന്നതെന്നും അവർക്ക് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഒരു പ്രാധാന്യവുമില്ലെന്നാണ് ബിജെപി വാദം

ഫിലിപ്പീന്‍സിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി

മനില: ഫിലിപ്പീന്‍സിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ കാണാതായ 12 പേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്.
ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ കനത്ത മണ്ണിടിച്ചിലിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണുമാണ് ഭൂരിഭാഗം പേരും മരണപ്പെട്ടത്. ഇരുനൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകരുകയും വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു.

Also Read:


രക്ഷാപ്രവര്‍ത്തകരും സൈന്യവും ദുരന്തബാധിത മേഖലകളില്‍ ക്യാമ്പ് ചെയ്താണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ദുരിതബാധിതര്‍ക്ക് അടിയന്തര സഹായവും ഭക്ഷണവും എത്തിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഭൂകമ്പത്തെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ സുനാമി തിരമാലകള്‍ അടിച്ചുകയറി. ജനറല്‍ സാന്റോസ് നഗരത്തെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം ഏഴുപേര്‍ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടങ്ങളിലടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലര്‍ട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും കോഴിക്കോട് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സുക്കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്റെറുകള്‍, പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച (09.06.2026) അവധി പ്രഖ്യാപിച്ചു. യൂണിവേഴ് സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലര്‍ട്ട് ) പ്രവചിച്ചിരിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

ആദ്യം ഓർഡിനറി ബസുകളിൽമാത്രം, സൗജന്യ യാത്ര പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കും
  

തിരുവനന്തപുരം :  കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും.

അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. കെ എസ് ആർടിസി ക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധന കാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. ആദ്യ 100 ദിനം പദ്ധതി പഠിച്ചു. രണ്ടാം ഘട്ടം നടപ്പാക്കും.

ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഈ കാലയളവിലെ യാത്രാ രീതികളും പഠിച്ച ശേഷം, രണ്ടാം ഘട്ടത്തിൽ മറ്റ് ബസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. ഈ സാമ്പത്തിക നഷ്ടം എപ്രകാരം നികത്താമെന്നും ഫണ്ട് കണ്ടെത്താമെന്നും വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.