Home News Kerala കൊല്ലത്ത് സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് ചെടികള്‍

കൊല്ലത്ത് സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് ചെടികള്‍

കൊല്ലം: കടപ്പാക്കട ടികെഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കടപ്പാക്കട നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒാപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കരുമ്പാലില്‍ ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കഞ്ചാവിനോട് സാദൃശ്യമുള്ള ചെടികള്‍ വളരുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.
ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് ഒരു ചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി തൊട്ടടുത്തുള്ള കാടുകള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ചെടികള്‍ കൂടി കണ്ടെത്തുകയായിരുന്നു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീപപ്രദേശങ്ങളില്‍ യുവാക്കള്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങളിലും എക്‌സൈസ് സംഘം പരിശോധന നടത്തി.
പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസാദ് കുമാര്‍, അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്. എം. ആര്‍., ജോജോ ജെ., അജീഷ്, ബാലു എസ്. സുന്ദര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വര്‍ഷ വിവേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പ്പനയും ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് അധികൃതരുടെ തീരുമാനം.

1 COMMENT

  1. God’s Own Country ക്കു ശോഭ നൽകാൻ കഞ്ചാവ് ഉദ്യാനങ്ങൾ… റോഡിലും, കാടിലും വരെ… എന്തു വളർച്ചയാണ് നമ്മുടെ നാട്ടിന്നു ? 😂😂😂

Comments are closed.