Home News Breaking News ഫിലിപ്പീന്‍സിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി

ഫിലിപ്പീന്‍സിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി

മനില: ഫിലിപ്പീന്‍സിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ കാണാതായ 12 പേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്.
ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ കനത്ത മണ്ണിടിച്ചിലിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണുമാണ് ഭൂരിഭാഗം പേരും മരണപ്പെട്ടത്. ഇരുനൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകരുകയും വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു.

Also Read:


രക്ഷാപ്രവര്‍ത്തകരും സൈന്യവും ദുരന്തബാധിത മേഖലകളില്‍ ക്യാമ്പ് ചെയ്താണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ദുരിതബാധിതര്‍ക്ക് അടിയന്തര സഹായവും ഭക്ഷണവും എത്തിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഭൂകമ്പത്തെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ സുനാമി തിരമാലകള്‍ അടിച്ചുകയറി. ജനറല്‍ സാന്റോസ് നഗരത്തെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം ഏഴുപേര്‍ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.