കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടങ്ങളിലടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലര്‍ട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും കോഴിക്കോട് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സുക്കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്റെറുകള്‍, പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച (09.06.2026) അവധി പ്രഖ്യാപിച്ചു. യൂണിവേഴ് സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലര്‍ട്ട് ) പ്രവചിച്ചിരിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.





























