Home Blog Page 482

ഇനി​ കള്ളനും പൊലീസുമല്ല, രണ്ടു പൊലീസുകാർ മാത്രം!

കുട്ടിക്കാലത്തെ മോഹം സഫലമാക്കി ഒരേ ദിവസം കാക്കി അണിഞ്ഞ് സഹോദരിയും സഹോദരനും

കൊല്ലം: കുട്ടിക്കാലത്ത് കളിച്ച ‘കള്ളനും പൊലീസും’ കളിയിലെ പോലീസ് മോഹം സഫലമാക്കി ഒരേ ദിവസം കാക്കി അണിഞ്ഞ് ഒരു സഹോദരിയും സഹോദരനും. കടയ്ക്കൽ മടത്തറ സ്വദേശികളായ പ്രിയങ്കയും പ്രജിത്തുമാണ് കഠിനാധ്വാനത്തിലൂടെ കേരള പോലീസിന്റെ ഭാഗമായി നാടിന് അഭിമാനമായി മാറിയത്.

കേന്ദ്ര സർക്കാരിന്റെ ടീ ബോർഡിൽ നിന്ന് വിരമിച്ച അച്ഛൻ വിജയകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളെ പൊലീസുകാരാക്കണം എന്നത്. ഈ ആഗ്രഹമാണ് ഇപ്പോൾ ഇരുവരും ചേർന്ന് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

കഠിനാധ്വാനത്തിന്റെ നാളുകൾ

വിവാഹ ശേഷം കുണ്ടറ പേരയത്തെ ഭർത്താവിന്റെ വീട്ടിലായിരുന്നിട്ടും പ്രിയങ്ക തന്റെ പോലീസ് മോഹം ഉപേക്ഷിച്ചിരുന്നില്ല. മടത്തറയിൽ സ്പോർട്സ് ഷോപ്പ് നടത്തിയിരുന്ന അനിയൻ പ്രജിത്തിനൊപ്പം പരസ്പരം മത്സരിച്ചാണ് ഇരുവരും പഠിച്ചതും സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയതും.

കഴിഞ്ഞ 23-ന് കഴക്കൂട്ടം വുമൺസ് സിവിൽ പൊലീസ് വിഭാഗത്തിൽ നിന്ന് പ്രിയങ്കയും, പേരൂർക്കട സിവിൽ പൊലീസ് ഓഫീസർ വിഭാഗത്തിൽ നിന്ന് പ്രജിത്തും പരിശീലനത്തിനായി പുറപ്പെട്ടു. നിലവിൽ കണ്ണൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലാണ് ഇരുവരും പരിശീലനം നേടുന്നത്.

ഒപ്പം നിന്ന് കുടുംബം

കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയാണ് ഇരുവരുടെയും വിജയത്തിന് പിന്നിലുള്ളത്:

നിലമേൽ എൻ.എസ്.എസ് കോളേജിൽ നിന്ന് ബി.കോം കഴിഞ്ഞ പ്രിയങ്കയ്ക്ക് ഭർത്താവും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ വി.കെ. അരുണിന്റെ മികച്ച പിന്തുണ ലഭിച്ചു. മുൻപ് പോലീസ് ഫിസിക്കൽ ടെസ്റ്റ് പാസായിട്ടും ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ ജോലി ലഭിക്കാതെ പോയ അരുണിന്റെ കൂടി സ്വപ്നമാണ് പ്രിയങ്കയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. യു.കെ.ജി വിദ്യാർത്ഥിനിയായ മകൾ അവന്തികയുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പമായിരുന്നു പ്രിയങ്കയുടെ പഠനം.

പ്രജിത്തിന് കൂട്ടായി സഹോദരനും:

പുനലൂർ പോളിടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ നേടിയ പ്രജിത്ത് മികച്ചൊരു ഫുട്ബോൾ താരം കൂടിയാണ്. ജോലി ചെയ്യുന്നതിനിടയിൽ പി.എസ്.സി പരിശീലനത്തിന് പോയിരുന്ന പ്രജിത്തിന് വലിയ പ്രോത്സാഹനം നൽകിയത് ഇരട്ട സഹോദരനായ വി. പ്രവീണാണ്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രവീൺ നിലവിൽ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

Tags: #RajaneeshMynagappally #kollampradesikam #KeralaPolice #KeralaPSC #SuccessStory #KollamNews #Kadakkal #Madathara #PoliceSiblings #Inspiration #ProudMoment #KeralaPoliceAcademy

സ്വകാര്യ ലോഡ്ജിൽ യുവതിയും നവജാതശിശുവും മരിച്ച സംഭവം, യുവതി മരിച്ചത് ഹൃദയാഘാതം മൂലം എന്ന നിഗമനം,കുഞ്ഞ് മരിച്ചത് പ്രസവശേഷം പരിചരണം ലഭിക്കാതെ

തൃശ്ശൂർ. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയും നവജാതശിശുവും മരിച്ച സംഭവം. പോസ്റ്റ്മോർട്ടം പൂർത്തിയായി. യുവതി മരിച്ചത് ഹൃദയാഘാതം മൂലം എന്ന നിഗമനം. യുവതിയുടെ മരണം പ്രസവശേഷം. കുഞ്ഞ് മരിച്ചത് പ്രസവശേഷം പരിചരണം ലഭിക്കാതെ. മരിച്ച ജ്യോതിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു

മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്

കൊട്ടാരക്കര. ആര്‍ ബാലകൃഷ്ണപിള്ളയുെടെ വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്. മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ആണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നത്.

ഉഷ മോഹൻദാസ് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു. ഹർജി ഈ മാസം 9 ന് പരിഗണിക്കാനായി മാറ്റി. സ്വത്തുക്കൾ സംബന്ധിച്ച് ഇടനിലക്കാരൻ മുഖേന നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉഷ മോഹൻദാസ് ഹർജി നൽകിയത്

കൂടുതൽ സ്വത്തുക്കൾ ഗണേഷ് കുമാറിന് ലഭിച്ചതോടെയായിരുന്നു തർക്കങ്ങളുടെ തുടക്കം. വിൽപത്രത്തിലെ ആർ.ബാലകൃഷ്ണ പിള്ളയുടെ ഒപ്പുകൾ വ്യാജമെന്നായിരുന്നു. ഉഷ മോഹൻദാസിൻ്റെ പരാതി

എന്നാൽ ഫൊറൻസിക് പരിശോധനയിൽ ഒപ്പുകൾ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് തെളിഞ്ഞിരുന്നു

കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം . കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ ( വിദേശ സംഭാവന നിയന്ത്രണ നിയമം ) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിൽ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ എതിർത്തു. ബിജെപി എംഎല്‍എ വി.മുരളീധരന്‍ അവതരിപ്പിച്ച ഭേദഗതികള്‍ നിയമസഭ തള്ളി.

നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പിന്നാക്ക, ട്രൈബല്‍ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ചട്ടഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും ഈ പ്രമേയം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വി മുരളീധരൻ പറഞ്ഞു. വി മുരളീധരൻ അവതരിപ്പിച്ച ഭേദഗതികള്‍ പ്രമേയത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമായതിനാല്‍ നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് പ്രമേയം വോട്ടിനിട്ടത്.

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന മൈനാഗപ്പള്ളി സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോണും പണവും അപഹരിച്ച പ്രതികൾ പിടിയിൽ


കരുനാഗപ്പള്ളി: മൊബൈൽ ഫോണും പണവും അപഹരിച്ച പ്രതികൾ പിടിയിൽ.ശാസ്താംകോട്ട മുതുപിലാക്കാട് ഹരി ഭവനത്തിൽ കൃഷ്ണക്കുറുപ്പ് മകൻ ഹരികുമാർ 58, താമരക്കുളം കണ്ണനാംകുഴി ബിനു ഭവനത്തിൽ യശോധരൻ മകൻ വിനോദ് 47എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ മാസം 29 തീയതി രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന മൈനാഗപ്പള്ളി സ്വദേശിയെ ദേഹോദ്രവം ചെയ്തു കയ്യിലിരുന്ന പണവും മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് പ്രതികളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കരുനാഗപ്പള്ളി എസിപി സി ജോണിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ്, ആഷിഖ്, സുജോ എസ് സി പി ഓമാരായ ഹാഷിം, ഷഫീഖ് ,ജിഷ്ണു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു. അസോസിയേഷന് അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു വിലക്ക്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെസിഎ വിലക്ക് പിന്‍വലിച്ചത്.
നേരത്തെ, ക്രിക്കറ്റ് അസോസിയേഷന്റെ നടപടിക്ക് എതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതോടെയാണ് താരം ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് ചേര്‍ന്ന കെസിഎയുടെ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തില്‍ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചര്‍ച്ച ചെയ്തു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിക്കുക ആയിരുന്നു.
ഭാവിയില്‍ ഇത്തരം നടപടികള്‍ ശ്രീശാന്തിന്റെ ഭാഗത്ത് നിന്നുമുണ്ടായാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും കെ സി എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്ക് പിന്‍വലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-ല്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമിന്റെ സഹ ഉടമയായി തുടരാന്‍ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെ സി എല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് മുന്‍പായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും; വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോടുസാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്.

‘മെഗാ ബമ്പർ ധമാക്കാ ഓഫർ’, ’25 കോടി സമ്മാനം’, ‘കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിങ്’ തുടങ്ങിയ പ്രലോഭനകരമായ പരസ്യ വാചകങ്ങൾ നൽകിയാണ് പൊതുജനങ്ങളെ ആകർഷിക്കുന്നത്. പരസ്യത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ സർക്കാർ ചിഹ്നവും ലോഗോയും ഉപയോഗിച്ചുണ്ടാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ എത്തിക്കുന്നു. തുടർന്ന് വിജയസാധ്യതയുള്ളതായി അവകാശപ്പെടുന്ന ചില ലോട്ടറി നമ്പറുകൾ പ്രസിദ്ധീകരിച്ച് വിശ്വാസം നേടി എടുക്കുന്നു.

പിന്നീട് ‘റിസൾട്ട് പരിശോധിക്കുക’ എന്ന പേരിൽ മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെടുകയും നമ്പർ നൽകി കഴിയുമ്പോൾ ഉപയോക്താവിനു സമ്മാനം ലഭിച്ചതായി കാണിച്ച് അഭിനന്ദന സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. തുടർന്ന് സമ്മാനത്തുക ലഭിക്കുന്നതിനായി പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഫ്എസ് സി കോഡ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ലെറ്റർഹെഡും ചിഹ്നവും ഉപയോഗിച്ച് തയ്യാറാക്കിയ വ്യജ ലോട്ടറി രജിസ്‌ട്രേഷൻ ലെറ്റർ കാണിച്ച്‌ രജിസ്‌ട്രേഷൻ ഫീ, പ്രോസസ്സിംഗ് ഫീ, ജിഎസ്ടി, ടാക്സ് ക്ലിയറൻസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. പണം അയച്ചിട്ടും സമ്മാനത്തുക നൽകാതെ കൂടുതൽ തുക ആവശ്യപ്പെടുന്നവരുമുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ ഓൺലൈൻ വഴി കേരള ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതും വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ലോട്ടറി പരസ്യങ്ങളും ലിങ്കുകളും വിശ്വസിക്കരുത്.

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുത്.

സമ്മാനം ലഭിച്ചു എന്ന പേരിൽ രജിസ്‌ട്രേഷൻ ഫീ, പ്രോസസ്സിംഗ് ഫീ, ജിഎസ്ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി , യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്.

ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്കോ ബന്ധപ്പെടുക.

കുഞ്ഞുമിയയ്ക്കായി കൈകോര്‍ത്ത് നാട്; സമാഹരിച്ചത് 16.5 കോടി

കൊച്ചി: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ് 1 എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ കാമ്പയിന്‍ വിജയം. കാരുണ്യം നിറഞ്ഞ മനസുകള്‍ കൈകോര്‍ത്ത് ചികിത്സയ്ക്കായി വേണ്ട 16.5 കോടി സമാഹരിച്ചു. സേവ് ബേബി മിയ കാമ്പയിനുവേണ്ടി രൂപീകരിച്ച സാമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. തൃശൂര്‍ ആളൂര്‍ സ്വദേശികളായ ജോഷി- നിമ്മി ദമ്പതികളുടെ മകളാണ് മിയ മരിയ.
സേവ് ബേബി മിയ കാമ്പയിനൊപ്പം നിന്ന എല്ലാവര്‍ക്കും അതിയായ കടപ്പാടോടെ നന്ദി അറിയിക്കുന്നു എന്ന് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങളുടെ സംഭാവനകള്‍, പ്രാര്‍ഥനകള്‍, പ്രോത്സാഹനങ്ങള്‍ എന്നിവ ഞങ്ങളുടെ ധനസമാഹരണം വിജയകരമായി ലക്ഷ്യം വരിക്കാന്‍ സഹായിച്ചു. ഈ വിജയം നിങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. മിയയോടും അവളുടെ കുടുംബത്തോടും നിങ്ങള്‍ കാണിച്ച ഐക്യദാര്‍ഢ്യത്തിനും ഒരുമിച്ച് നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിച്ചുതന്നതിനും നന്ദി.- എന്ന് കുറിപ്പിലുണ്ട്.
മിയയുടെ സന്ദേശമായും ഹൃദ്യമായ കുറിപ്പുണ്ട്. പോരാടാനും സുഖം പ്രാപിക്കാനും ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്‌നം കാണാനും അവസരം നല്‍കിയതിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാന്‍ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാന്‍ പോകുന്നു എന്നാണ് കുറിച്ചത്.
നിങ്ങളുടെ പ്രാര്‍ഥനകളിലും അനുഗ്രഹങ്ങളിലും തന്നെ എപ്പോഴും ഓര്‍ക്കണമെന്ന് താഴ്മയോടെ അഭ്യര്‍ഥിക്കുന്നുവെന്നും ചികിത്സ നല്ല രീതിയില്‍ നടക്കാനും പൂര്‍ണമായി സുഖം പ്രാപിക്കാനും ആരോഗ്യത്തോടെ വളര്‍ന്ന് എല്ലാവരെയും അഭിമാനം കൊള്ളിക്കാനും പ്രാര്‍ഥിക്കണമെന്ന് കുറിപ്പിലുണ്ട്. മിയയ്ക്കായി രൂപീകരിച്ച അക്കൗണ്ട് നമ്പറിലേക്ക് പണമയക്കുന്നത് ഉടനടി നിര്‍ത്തണമെന്ന് പറയുന്ന മറ്റൊരു പോസ്റ്റും പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോര്‍ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളില്‍ ഒരാള്‍ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികള്‍ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതല്‍ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീന്‍ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.

‘സത്യമേവ ജയതേ’; കോടതി നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ കുറിപ്പുമായി അന്‍സിബ

തന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച കോടതി നിര്‍ദേശത്തിന് പിന്നാലെ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. ‘സത്യമേവ ജയതേ’ എന്നാണ് അന്‍സിബ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്.
ഒപ്പം കേരള ഹൈക്കോടതിയുടെ ചിത്രവും അന്‍സിബ പങ്കുവച്ചിട്ടുണ്ട്. വര്‍ഗീയ പരാമര്‍ശത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷന്‍സ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്. കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കോടതി ഉത്തരവിലുണ്ട്. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി.
ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

അതേസമയം അന്‍സിബയുടെ പരാതിയില്‍ കോടതി ഉത്തരവ് ലഭിച്ചാലുടന്‍ ടിനി ടോമിനെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സംഘടനയില്‍ പല തര്‍ക്കങ്ങളും കാണുമെന്നും അത് അവര്‍ പരിഹരിക്കേണ്ട കാര്യമാണെന്നും ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. കടകംപള്ളി സുരേന്ദ്രന്റെ പ്രവൃത്തി തെറ്റായ സന്ദേശം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. മുന്‍മന്ത്രിയുടെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ഗതാഗത കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഉന്നതനായ നേതാവ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയത് ശരിയല്ല. നിയമലംഘനത്തിന് കടകംപള്ളിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാനാണ് സിപിഎം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയത്. ഏതാണ്ട് 15 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടു. ഒന്നു രണ്ട് ചെറിയ ശുപാര്‍ശകള്‍ക്കാണ് ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് പറഞ്ഞത്. ഡ്രൈവര്‍ എത്താത്തതുകൊണ്ടാണ് സ്‌കൂട്ടറില്‍ വന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രിയായി കടകംപള്ളി സുരേന്ദ്രനെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കൊള്ളയില്‍ അടുത്ത മാസം 26 നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ( എസ്‌ഐടി) ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്തിനെയും എസ്‌ഐടി പ്രതിയാക്കിയിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ള മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയാതെ നടക്കില്ലെന്ന് മുമ്പ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.