30.2 C
Kollam
Sunday 16th August, 2026 | 01:53:22 PM
Home News Kerala ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു

ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ചു. അസോസിയേഷന് അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു വിലക്ക്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെസിഎ വിലക്ക് പിന്‍വലിച്ചത്.
നേരത്തെ, ക്രിക്കറ്റ് അസോസിയേഷന്റെ നടപടിക്ക് എതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതോടെയാണ് താരം ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് ചേര്‍ന്ന കെസിഎയുടെ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തില്‍ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചര്‍ച്ച ചെയ്തു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിക്കുക ആയിരുന്നു.
ഭാവിയില്‍ ഇത്തരം നടപടികള്‍ ശ്രീശാന്തിന്റെ ഭാഗത്ത് നിന്നുമുണ്ടായാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും കെ സി എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്ക് പിന്‍വലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-ല്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമിന്റെ സഹ ഉടമയായി തുടരാന്‍ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെ സി എല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് മുന്‍പായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.