Home News Kerala കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും; വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും; വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോടുസാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്.

‘മെഗാ ബമ്പർ ധമാക്കാ ഓഫർ’, ’25 കോടി സമ്മാനം’, ‘കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിങ്’ തുടങ്ങിയ പ്രലോഭനകരമായ പരസ്യ വാചകങ്ങൾ നൽകിയാണ് പൊതുജനങ്ങളെ ആകർഷിക്കുന്നത്. പരസ്യത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ സർക്കാർ ചിഹ്നവും ലോഗോയും ഉപയോഗിച്ചുണ്ടാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ എത്തിക്കുന്നു. തുടർന്ന് വിജയസാധ്യതയുള്ളതായി അവകാശപ്പെടുന്ന ചില ലോട്ടറി നമ്പറുകൾ പ്രസിദ്ധീകരിച്ച് വിശ്വാസം നേടി എടുക്കുന്നു.

പിന്നീട് ‘റിസൾട്ട് പരിശോധിക്കുക’ എന്ന പേരിൽ മൊബൈൽ നമ്പർ നൽകാൻ ആവശ്യപ്പെടുകയും നമ്പർ നൽകി കഴിയുമ്പോൾ ഉപയോക്താവിനു സമ്മാനം ലഭിച്ചതായി കാണിച്ച് അഭിനന്ദന സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. തുടർന്ന് സമ്മാനത്തുക ലഭിക്കുന്നതിനായി പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഫ്എസ് സി കോഡ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ലെറ്റർഹെഡും ചിഹ്നവും ഉപയോഗിച്ച് തയ്യാറാക്കിയ വ്യജ ലോട്ടറി രജിസ്‌ട്രേഷൻ ലെറ്റർ കാണിച്ച്‌ രജിസ്‌ട്രേഷൻ ഫീ, പ്രോസസ്സിംഗ് ഫീ, ജിഎസ്ടി, ടാക്സ് ക്ലിയറൻസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. പണം അയച്ചിട്ടും സമ്മാനത്തുക നൽകാതെ കൂടുതൽ തുക ആവശ്യപ്പെടുന്നവരുമുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ ഓൺലൈൻ വഴി കേരള ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതും വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ലോട്ടറി പരസ്യങ്ങളും ലിങ്കുകളും വിശ്വസിക്കരുത്.

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുത്.

സമ്മാനം ലഭിച്ചു എന്ന പേരിൽ രജിസ്‌ട്രേഷൻ ഫീ, പ്രോസസ്സിംഗ് ഫീ, ജിഎസ്ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി , യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്.

ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്കോ ബന്ധപ്പെടുക.