Home News Breaking News കുഞ്ഞുമിയയ്ക്കായി കൈകോര്‍ത്ത് നാട്; സമാഹരിച്ചത് 16.5 കോടി

കുഞ്ഞുമിയയ്ക്കായി കൈകോര്‍ത്ത് നാട്; സമാഹരിച്ചത് 16.5 കോടി

കൊച്ചി: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ് 1 എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ കാമ്പയിന്‍ വിജയം. കാരുണ്യം നിറഞ്ഞ മനസുകള്‍ കൈകോര്‍ത്ത് ചികിത്സയ്ക്കായി വേണ്ട 16.5 കോടി സമാഹരിച്ചു. സേവ് ബേബി മിയ കാമ്പയിനുവേണ്ടി രൂപീകരിച്ച സാമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. തൃശൂര്‍ ആളൂര്‍ സ്വദേശികളായ ജോഷി- നിമ്മി ദമ്പതികളുടെ മകളാണ് മിയ മരിയ.
സേവ് ബേബി മിയ കാമ്പയിനൊപ്പം നിന്ന എല്ലാവര്‍ക്കും അതിയായ കടപ്പാടോടെ നന്ദി അറിയിക്കുന്നു എന്ന് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങളുടെ സംഭാവനകള്‍, പ്രാര്‍ഥനകള്‍, പ്രോത്സാഹനങ്ങള്‍ എന്നിവ ഞങ്ങളുടെ ധനസമാഹരണം വിജയകരമായി ലക്ഷ്യം വരിക്കാന്‍ സഹായിച്ചു. ഈ വിജയം നിങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. മിയയോടും അവളുടെ കുടുംബത്തോടും നിങ്ങള്‍ കാണിച്ച ഐക്യദാര്‍ഢ്യത്തിനും ഒരുമിച്ച് നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിച്ചുതന്നതിനും നന്ദി.- എന്ന് കുറിപ്പിലുണ്ട്.
മിയയുടെ സന്ദേശമായും ഹൃദ്യമായ കുറിപ്പുണ്ട്. പോരാടാനും സുഖം പ്രാപിക്കാനും ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്‌നം കാണാനും അവസരം നല്‍കിയതിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാന്‍ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാന്‍ പോകുന്നു എന്നാണ് കുറിച്ചത്.
നിങ്ങളുടെ പ്രാര്‍ഥനകളിലും അനുഗ്രഹങ്ങളിലും തന്നെ എപ്പോഴും ഓര്‍ക്കണമെന്ന് താഴ്മയോടെ അഭ്യര്‍ഥിക്കുന്നുവെന്നും ചികിത്സ നല്ല രീതിയില്‍ നടക്കാനും പൂര്‍ണമായി സുഖം പ്രാപിക്കാനും ആരോഗ്യത്തോടെ വളര്‍ന്ന് എല്ലാവരെയും അഭിമാനം കൊള്ളിക്കാനും പ്രാര്‍ഥിക്കണമെന്ന് കുറിപ്പിലുണ്ട്. മിയയ്ക്കായി രൂപീകരിച്ച അക്കൗണ്ട് നമ്പറിലേക്ക് പണമയക്കുന്നത് ഉടനടി നിര്‍ത്തണമെന്ന് പറയുന്ന മറ്റൊരു പോസ്റ്റും പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോര്‍ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളില്‍ ഒരാള്‍ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികള്‍ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതല്‍ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീന്‍ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.