26.6 C
Kollam
Saturday 3rd October, 2026 | 02:20:24 AM
Home News Kerala ‘സത്യമേവ ജയതേ’; കോടതി നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ കുറിപ്പുമായി അന്‍സിബ

‘സത്യമേവ ജയതേ’; കോടതി നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ കുറിപ്പുമായി അന്‍സിബ

Advertisement

തന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച കോടതി നിര്‍ദേശത്തിന് പിന്നാലെ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. ‘സത്യമേവ ജയതേ’ എന്നാണ് അന്‍സിബ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്.
ഒപ്പം കേരള ഹൈക്കോടതിയുടെ ചിത്രവും അന്‍സിബ പങ്കുവച്ചിട്ടുണ്ട്. വര്‍ഗീയ പരാമര്‍ശത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷന്‍സ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്. കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കോടതി ഉത്തരവിലുണ്ട്. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി.
ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

അതേസമയം അന്‍സിബയുടെ പരാതിയില്‍ കോടതി ഉത്തരവ് ലഭിച്ചാലുടന്‍ ടിനി ടോമിനെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സംഘടനയില്‍ പല തര്‍ക്കങ്ങളും കാണുമെന്നും അത് അവര്‍ പരിഹരിക്കേണ്ട കാര്യമാണെന്നും ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.