28.6 C
Kollam
Wednesday 16th September, 2026 | 06:17:49 PM
Home News Breaking News ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (KTET)...

ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (KTET) യോഗ്യത നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും നിലവില്‍ കെ-ടെറ്റ് (KTET) യോഗ്യത നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികള്‍ മുന്‍നിര്‍ത്തി കാസര്‍ഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്‌കൂളായ കുന്താര്‍ എയുപി സ്‌കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സുപ്രീം കോടതി വിധികള്‍ കൃത്യമായി നടപ്പിലാക്കി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത് ഇതാദ്യമായാണ്.

2014-ലെ പ്രമതി എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്’ കേസില്‍ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 2025-ല്‍ അഞ്ചുമന്‍ ഇഷാഅത്ത്-ഇ-താലീം ട്രസ്റ്റ് കേസില്‍ പൊതുവിഭാഗം സ്‌കൂളുകള്‍ക്ക് ടെറ്റ് നിര്‍ബന്ധമാക്കിയപ്പോഴും, ഭരണഘടനയുടെ അനുച്ഛേദം 30(1) പ്രകാരമുള്ള ന്യൂനപക്ഷ സ്‌കൂളുകളെ ഇതില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുകയും വിഷയം ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. ഏഴംഗ ബെഞ്ചിന്റെ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് ബാധകമല്ലെന്ന സംരക്ഷണം നല്‍കിയ വിധിയിലെ നിര്‍ദ്ദേശങ്ങളും പുനഃപരിശോധനാ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയായി നിയമിതയായ ദാക്ഷായണി എകെയ്ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജർ നൽകിയ റിവിഷൻ ഹർജിയും ഹൈക്കോടതി ഉത്തരവും പരിഗണിച്ചാണ് സർക്കാരിന്റെ ഇടപെടൽ. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ടെറ്റ് യോഗ്യത നിർബന്ധമല്ലെന്നിരിക്കെ, കെ-ടെറ്റ് ഇല്ലെന്ന പേരിൽ നിയമനാംഗീകാരം തടഞ്ഞുവെക്കാനാവില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ മുൻ ഉത്തരവ് റദ്ദാക്കി അധ്യാപികയുടെ നിയമനം 2025 ഏപ്രിൽ 1 മുതൽ അംഗീകരിക്കാൻ കുമ്പള എഇഒയ്ക്ക് സർക്കാർ നിർദ്ദേശം നൽകി.