കൊച്ചി: ഹരിതകർമസേനാംഗമായ 70 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിലായി. ഹരിത കർമസേനാംഗം നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാസിർ അഫ്രീദ് (29) ആണ് പിടിയിലായത്. എംജി റോഡിലെ ഒരു കോഫി ഷോപ്പ് ജീവനക്കാരനാണ് പ്രതി. ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിൽ വച്ചാണ് പിടിയാലയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് വയോധികയ്ക്കെതിരെ അതിക്രമമുണ്ടായത്.. രാത്രി പല സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിച്ച് മാലിന്യ കേന്ദ്രത്തിലെത്തിച്ച ശേഷം തിരിച്ചു പോവുകയായിരുന്ന വയോധികയ്ക്കെതിരെെയാണ് അതിക്രമമുണ്ടായത്. ഒരു സുഹൃത്തിനെ യാത്രയയ്ക്കാൻ പോയ ശേഷം തിരികെ വരികയായിരുന്ന യാസിർ വയോധികയെ കാണുകയും ബൈക്ക് നിർത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം, വയോധികയെ കടന്നുപിടിച്ച് നിലത്തേക്ക് വലിച്ചിടുകയായിരുന്നു. ആക്രമണം ചെറുത്ത വയോധിക ഉറക്കെ നിലവിളിച്ചതോടെ സമീപത്തുള്ള നായ്ക്കളും കുരച്ചുകൊണ്ട് ഓടിയെത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് പ്രതി ബൈക്കിൽ കടന്നു കളയുകയായിരുന്നു.




























