കോവളം: കോവളത്തെ ഡ്രീംസ് സ്പായിൽ പതിനാറുകാരി നേരിട്ടത് ഒരു വർഷത്തോളം നീണ്ട ക്രൂരപീഡനം. ഒരു ദിവസം പതിനഞ്ചോളം പേർ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. വഴങ്ങാതിരുന്നാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നതായും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ ഏർപ്പെടുത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്ത് എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ മനുഷ്യക്കടത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മാതൃസഹോദരിയുടെയും ഭർത്താവിന്റെയും കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സി.ഡി.ആർ) ശേഖരിച്ച് പരിശോധിച്ചുവരികയാണ്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
സ്പാ സന്ദർശകരും അന്വേഷണപരിധിയിൽ
ജൂലൈ മുതലുള്ള സ്പാ സന്ദർശകരുടെ പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്. പട്ടികയിലുള്ളവരെ പെൺകുട്ടിയുടെ സഹായത്തോടെ തിരിച്ചറിയുന്നതിനുള്ള നടപടികളും ആലോചനയിലുണ്ട്. കുട്ടി തിരിച്ചറിയുന്നവർക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം നടപടിയെടുക്കും.
പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ദിവസവും 5,000 രൂപവരെ എത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ബാങ്ക് ഇടപാടുകളും ഇടപാടുകാരെ സ്പായിലെത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പോലീസ് നീക്കം നടത്തുന്നുണ്ട്.
രക്ഷപ്പെട്ടത് സഹികെട്ട്
ഒരു വർഷം മുമ്പാണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ചതെന്നാണ് വിവരം. മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് ജോലി തേടിയെത്തിയതാണെന്ന് പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തേക്ക് അയച്ചത്.
തുടർന്ന് പ്രതികളുമായി ബന്ധമുള്ള സ്പാകളിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഒരു വർഷത്തോളം അതിക്രമം തുടർന്നതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
പീഡനം സഹിക്കാനാകാതെ സ്പായിൽ പരിചയപ്പെട്ട കാട്ടാക്കട സ്വദേശിയായ ആൺസുഹൃത്തിനൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസിൽ പരാതി നൽകി. പിന്നീട് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പാ ജീവനക്കാരായ സജിത്ത് കുമാറിനെയും നിഷാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും റിമാൻഡിലാണ്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കുട്ടിയെ പീഡിപ്പിച്ചവരിൽ മറ്റാരൊക്കെയുണ്ടെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
Home News Breaking News കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂരപീഡനം; ഒരു ദിവസം ഇരയായത് 15 പേരുടെ അതിക്രമത്തിന്


























