25.5 C
Kollam
Wednesday 1st July, 2026 | 11:19:36 PM
Home News ഇനി​ കള്ളനും പൊലീസുമല്ല, രണ്ടു പൊലീസുകാർ മാത്രം!

ഇനി​ കള്ളനും പൊലീസുമല്ല, രണ്ടു പൊലീസുകാർ മാത്രം!

കുട്ടിക്കാലത്തെ മോഹം സഫലമാക്കി ഒരേ ദിവസം കാക്കി അണിഞ്ഞ് സഹോദരിയും സഹോദരനും

കൊല്ലം: കുട്ടിക്കാലത്ത് കളിച്ച ‘കള്ളനും പൊലീസും’ കളിയിലെ പോലീസ് മോഹം സഫലമാക്കി ഒരേ ദിവസം കാക്കി അണിഞ്ഞ് ഒരു സഹോദരിയും സഹോദരനും. കടയ്ക്കൽ മടത്തറ സ്വദേശികളായ പ്രിയങ്കയും പ്രജിത്തുമാണ് കഠിനാധ്വാനത്തിലൂടെ കേരള പോലീസിന്റെ ഭാഗമായി നാടിന് അഭിമാനമായി മാറിയത്.

കേന്ദ്ര സർക്കാരിന്റെ ടീ ബോർഡിൽ നിന്ന് വിരമിച്ച അച്ഛൻ വിജയകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളെ പൊലീസുകാരാക്കണം എന്നത്. ഈ ആഗ്രഹമാണ് ഇപ്പോൾ ഇരുവരും ചേർന്ന് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

കഠിനാധ്വാനത്തിന്റെ നാളുകൾ

വിവാഹ ശേഷം കുണ്ടറ പേരയത്തെ ഭർത്താവിന്റെ വീട്ടിലായിരുന്നിട്ടും പ്രിയങ്ക തന്റെ പോലീസ് മോഹം ഉപേക്ഷിച്ചിരുന്നില്ല. മടത്തറയിൽ സ്പോർട്സ് ഷോപ്പ് നടത്തിയിരുന്ന അനിയൻ പ്രജിത്തിനൊപ്പം പരസ്പരം മത്സരിച്ചാണ് ഇരുവരും പഠിച്ചതും സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയതും.

കഴിഞ്ഞ 23-ന് കഴക്കൂട്ടം വുമൺസ് സിവിൽ പൊലീസ് വിഭാഗത്തിൽ നിന്ന് പ്രിയങ്കയും, പേരൂർക്കട സിവിൽ പൊലീസ് ഓഫീസർ വിഭാഗത്തിൽ നിന്ന് പ്രജിത്തും പരിശീലനത്തിനായി പുറപ്പെട്ടു. നിലവിൽ കണ്ണൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലാണ് ഇരുവരും പരിശീലനം നേടുന്നത്.

ഒപ്പം നിന്ന് കുടുംബം

കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയാണ് ഇരുവരുടെയും വിജയത്തിന് പിന്നിലുള്ളത്:

നിലമേൽ എൻ.എസ്.എസ് കോളേജിൽ നിന്ന് ബി.കോം കഴിഞ്ഞ പ്രിയങ്കയ്ക്ക് ഭർത്താവും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ വി.കെ. അരുണിന്റെ മികച്ച പിന്തുണ ലഭിച്ചു. മുൻപ് പോലീസ് ഫിസിക്കൽ ടെസ്റ്റ് പാസായിട്ടും ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ ജോലി ലഭിക്കാതെ പോയ അരുണിന്റെ കൂടി സ്വപ്നമാണ് പ്രിയങ്കയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. യു.കെ.ജി വിദ്യാർത്ഥിനിയായ മകൾ അവന്തികയുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പമായിരുന്നു പ്രിയങ്കയുടെ പഠനം.

പ്രജിത്തിന് കൂട്ടായി സഹോദരനും:

പുനലൂർ പോളിടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ നേടിയ പ്രജിത്ത് മികച്ചൊരു ഫുട്ബോൾ താരം കൂടിയാണ്. ജോലി ചെയ്യുന്നതിനിടയിൽ പി.എസ്.സി പരിശീലനത്തിന് പോയിരുന്ന പ്രജിത്തിന് വലിയ പ്രോത്സാഹനം നൽകിയത് ഇരട്ട സഹോദരനായ വി. പ്രവീണാണ്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രവീൺ നിലവിൽ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

Tags: #RajaneeshMynagappally #kollampradesikam #KeralaPolice #KeralaPSC #SuccessStory #KollamNews #Kadakkal #Madathara #PoliceSiblings #Inspiration #ProudMoment #KeralaPoliceAcademy

LEAVE A REPLY

Please enter your comment!
Please enter your name here